- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുരിതങ്ങളിൽ പിണറായി വിജയൻ കേരളത്തിന്റെ രക്ഷകനായി; രണ്ടാംവട്ടമല്ല മൂന്നാമതും ഭരണത്തിലേറിയാൽ അത്ഭുതപ്പെടേണ്ട; പിണറായി വിജയനെ വാനോളം പുകഴ്‌ത്തി വെള്ളാപ്പള്ളി; ലക്ഷ്യം എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി നേടിയെടുക്കൽ
പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്‌ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതി ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തെങ്കിലും പൊതുയോഗത്തിനൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് വെള്ളാപ്പള്ളിയുടെ പിണറായി പ്രീണനമെന്ന് കരുതുന്നു.
പ്രളയവും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള ദുരിതങ്ങളിൽ രക്ഷകനായതുകൊണ്ടാണ് ജനങ്ങൾ വീണ്ടും പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് തോന്നല്ലൂർ 147-ാം നമ്പർ ശാഖായോഗം പണി കഴിപ്പിച്ച ഗുരുദേവക്ഷേത്ര സമർപ്പണം നിർവഹിച്ചു കൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായിക്കെതിരേ എല്ലാ തരത്തിലുമുള്ള പ്രചാരണങ്ങളുമുണ്ടായിട്ടും രണ്ടാമതും ജനങ്ങൾ തെരഞ്ഞെടുത്തത് അതു കൊണ്ടാണ്.
ഇങ്ങനെ പോയാൽ മൂന്നാമതും ഭരണത്തിലേറിയാൽ അത്ഭുതപ്പെടേണ്ട. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ് വളർന്ന് വളർന്നു കുഴിയാന പോലെയായി. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായെങ്കിലും പിടിച്ചതുമില്ല ഒറ്റാലിൽ കിടന്നതുമില്ല എന്ന അവസ്ഥയിലാണു കോൺഗ്രസ്. ചില വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് നേടാൻ ശ്രമിച്ചതും നേതാക്കൾ ഗ്രൂപ്പ് കളിച്ചതുമാണ് കോൺഗ്രസിന്റെ നാശത്തിന് കാരണം. പാവപ്പെട്ടവന് ഒരു നേരത്തെ ആഹാരം കൊടുക്കാത്ത സമ്പന്നരാണ് എസ്.എൻ.ഡി.പി തകർക്കാൻ ശ്രമിക്കുന്നത്.
ഇവർ സമുദായത്തിനു നന്മ ചെയ്യുന്നവരെ തടസപ്പെടുത്തുകയാണ്. കല്ലുവച്ച നുണയാണ് ഇത്തരക്കാർ പറയുന്നത്. പാവങ്ങളുടെ കണ്ണീരൊപ്പാൻ തയാറുള്ളവരാണു യോഗ നേതൃത്വത്തിൽ വരേണ്ടത്. എസ്.എൻ.ഡി.പി യോഗമെന്നു ശരിയായി പറയാൻ അറിയാത്ത ആളാണ് ഇപ്പോൾ ഭരിക്കാൻ നടക്കുന്നത്.
32 ലക്ഷത്തിലേറെ അംഗങ്ങളുള്ള യോഗത്തിനെതിരെ കേസിനു പോയ ആളിന് 60000 പേരുടെ മാത്രം പിന്തുണയാണുള്ളത്. ഇവരെ സമുദായം നന്നായി തിരിച്ചറിഞ്ഞതുകൊണ്ടാണ് നേരിട്ടു വരാതെ കോടതിയെ സമീപിച്ചത്. നേർവഴി കാട്ടുന്ന ഗുരു ദൈവമാണ്. ഗുരുവിനെ പ്രാർത്ഥിച്ച് പ്രവർത്തിക്കുന്നവർക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നുണ്ട്. എതിരാളികളുടെ പ്രവർത്തനങ്ങളോടു പ്രതികരിക്കുന്നതാണ് തന്റെ ആരോഗ്യത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.