തിരുവനന്തപുരം: ഉത്രാടദിന രാത്രിയിൽ 2 ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളെ തേമ്പാംമൂടിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രാഷ്ട്രീയം പുകയുന്നു. കേസിൽ 7 പേർ അറസ്റ്റിലായി. രാഷ്ട്രീയ മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും പ്രതികൾ കോൺഗ്രസുകാരാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു.

ഇതിന് പിന്നാലെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന് കൊലപാകവുമായി ബന്ധമുണ്ടെന്ന ആരോപണം സിപിഎം ഉന്നയിച്ചു. ഇതിനെതിരെ പ്രതിരോധം തീർത്ത് അടൂർ പ്രകാശുമെത്തി. ഡിവൈഎഫ്‌ഐ വെമ്പായം തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി തേവലക്കാട് സഫിയുൽ നിസാം മൻസിലിൽ മിഥിലാജ് (30), ഡിവൈഎഫ്‌ഐ പേരുമല കലുങ്കിന്മുഖം യൂണിറ്റ് സെക്രട്ടറി കലുങ്കിന്മുഖം ബിസ്മി മൻസിലിൽ ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

അതിനിടെ കൊലപാതകത്തിൽ അടൂർ പ്രകാശ് എംപി.ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എംഎ‍ൽഎ ഡി.കെ.മുരളിയും രംഗത്തു വന്നു. ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ.മുരളിയുടെ മകനുമായിട്ടുള്ള തർക്കമാണെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം. കൊലപാതകത്തിൽ തനിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയവെയാണ് അടൂർ പ്രകാശ് ഇത്തരത്തിൽ ഒരു പ്രത്യാരോപണം ഉന്നയിച്ചത്. വേങ്ങമല എന്ന ക്ഷേത്രത്തിൽ ഉത്സവം നടന്ന സമയത്ത്, വാമനപുരം എംഎൽഎയുടെ മകനെ അവിചാരിതമായി ഒരു സ്ഥലത്ത് കണ്ടപ്പോൾ ചിലർ ചോദ്യം ചെയ്തു. തുടർന്ന് അടിപിടിയുണ്ടാകുകയും പിന്നീട് പ്രദേശത്ത് തുടർ സംഘർഷങ്ങളുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു.

എന്നാൽ അടൂർപ്രകാശിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡി.കെ.മുരളി പ്രതികരിച്ചു. വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ തന്റെ മകൻ പോയിട്ടില്ലെന്നും ഒരു തർക്കത്തിലും ഏർപ്പെട്ടിട്ടില്ലെന്നും മുരളി പറഞ്ഞു. സ്വന്തം കുറ്റബോധം കൊണ്ട് ബോധപൂർവ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അടൂർ പ്രകാശിന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രതികളിലൊരാൾ നേരത്തെയുണ്ടായ ആക്രമണത്തിന് ശേഷം അടൂർ പ്രകാശിനെ വിളിച്ചതായി പറയപ്പെടുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പുറത്തുവിട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച സംഘർഷങ്ങളാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ തുടക്കമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും അടക്കമുള്ള ഡിവൈഎഫ്ഐ. പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരായ പ്രതികളും തമ്മിൽ തേമ്പാമൂട് വെച്ച് സംഘർഷമുണ്ടായി. ഏപ്രിൽ നാലിന് ഡിവൈഎഫ്ഐ. പ്രവർത്തകനായ ഷഹീനെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ ആക്രമിച്ചു. മെയ് 25-ന് ഡിവൈഎഫ്ഐ. പ്രവർത്തകൻ ഫൈസലിന് നേരെയും വധശ്രമമുണ്ടായി. ഇരട്ടക്കൊലക്കേസിലെ പ്രതികൾ തന്നെയാണ് ഈ കേസിലും അറസ്റ്റിലായത്. ഫൈസൽ വധശ്രമക്കേസിൽ അറസ്റ്റിലായതിന്റെ വൈരാഗ്യമാണ് ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത്.

പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന മറ്റുചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുന്നതിലും കൂട്ടുനിന്ന ഷജിത്ത്, സതി, അജി, നജീബ്, പ്രീജ, എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന ഉണ്ണി, അൻസാർ എന്നീ പ്രതികളെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി പറഞ്ഞു.

കൊലപാതകങ്ങൾ കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബ്രാഞ്ച് അടിസ്ഥാനത്തിൽ കരിദിനം ആചരിക്കാനും ആഹ്വാനം ചെയ്തു. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് കെപിസിസി. പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്.

ഇവരുടെ പ്രകോപനത്തിൽ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ബഹുജനങ്ങളെ അണിനിരത്താൻ പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണമെന്ന് സിപിഎം. ആവശ്യപ്പെട്ടു. കരിദിനാചരണത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു കേന്ദ്രത്തിൽ അഞ്ചുപേരിൽ കൂടാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകീട്ട് നാലുമുതൽ ആറുവരെ ധർണ നടത്തും.