വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ രണ്ട് കൊലപാതകങ്ങൾക്ക് കാരണം നടു റോഡിലെ ഗുണ്ടാ യുദ്ധം തന്നെ. പരസ്പരം പോരിന് രണ്ട് കൂട്ടരും എത്തുകയായിരുന്നു. ഇതാണ് രണ്ട് പേരുടെ കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട രണ്ടു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും തങ്ങൾക്കു നേരെ നടക്കാൻ പോകുന്ന ആക്രമണമത്തെപ്പറ്റി മൂൻകൂട്ടി സൂചന ലഭിച്ചിരുന്നു. ഈ സൂചന കൊടുത്ത ആളിനെ കണ്ടെത്താനാണ് പൊലീസ് നീക്കം. തെളിവുകൾക്ക് പൊലീസ് സൈബർ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇരുകൂട്ടരെയും തമ്മിലടിപ്പിച്ച വ്യക്തിയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായി വിവരം പുറത്തു വരുന്നുണ്ട്. സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്നാണ് അറിയുന്നത്. ഇയാളെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണവും പുരോഗമിക്കുകയാണ്. എന്തിനാണ് കൊല്ലപ്പെട്ടവരെയും പ്രതികളെയും തമ്മിലടിപ്പിക്കാൻ ഇയാൾ ശ്രമിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. അതിനിടെ, കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിലൊന്ന് കോടതിയിൽ ഹാജരാക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു തന്നെയാണ് പൊലീസ് നിഗമനം. അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ രണ്ടു തവണ വന്നു പോയ ആളെ തിരയുകയാണ് പൊലീസ്. ഇയാളാണ് പ്രശ്‌നങ്ങൾ ഊതിക്കത്തിച്ച് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് സൂചന. തേമ്പാംമൂട് ജംക്ഷനിലുണ്ടായ 30ന് രാത്രി നടന്ന ആക്രമണത്തിൽ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവർ കൊല്ലപ്പെടുകയായിരുന്നു. പ്രതികൾ കാത്തു നിന്നതുകൊല്ലപ്പെട്ടവരുടെ സംഘത്തെ അജ്ഞാതൻ അറിയിച്ചു. ഇതോടെ ആയുധങ്ങളുമായി അവരെ നേരിടാൻ മറുവിഭാഗവം എത്തി. അങ്ങനെ തെരുവിൽ കുടിപ്പകയുടെ യുദ്ധം നടന്നു. രണ്ട് പേർ മരിക്കുകയും ചെയ്തു.

രണ്ടു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യം ആര് ഒരുക്കിയെന്നതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിനു മുൻപ് സംഭവസ്ഥലത്തെത്തിയയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇരു സംഘങ്ങളും ആയുധം കയ്യിൽ കരുതിയിരുന്നു. അക്രമത്തിന് രണ്ട് കൂട്ടരും കോപ്പു കൂട്ടിയതിന് തെളിവാണ് ഇത്. ഇത്തരമൊരു സൂചന വന്നതോടെ രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന സംശയം സജീവമാകുകയാണ്. ഇരുകൂട്ടർക്കുമിടയിലെ കുടിപ്പക മുതലെടുക്കാൻ ആരോ ശ്രമിച്ചിരുന്നെന്നു.

രണ്ടു സംഘങ്ങൾക്കും ഈ വിവരം ഒരാൾ തന്നെ കൈമാറിയെന്ന് പൊലീസ് സംശയിക്കുന്നു. ഇതിനായി വിവിധ ഫോൺ വിളികളെക്കുറിച്ച് പൊലീസ് പരിശോധന ആരംഭിച്ചു. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആക്രമണ ഭീതിയിൽ ഇരുസംഘങ്ങളും ആയുധങ്ങൾ കരുതി. കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്നവരുടെയും പ്രതികളിൽ ചിലരുടെയും മൊഴി അതിനിർണ്ണായകമാണ്. കസ്റ്റഡിയിൽ വാങ്ങാനുണ്ടായിരുന്ന ഉണ്ണിയെയും അൻസറിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മുത്തിക്കാവിലെ ഫാം ഹൗസിലും സനലിന്റെ വീട്ടിലും നടന്ന ഗൂഢാലോചനകളിൽ പങ്കെടുത്തവരെക്കുറിച്ച് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.

കൊലപാതകം നടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് പ്രതികൾ സനലിന്റെ വീട് പരിസരത്ത് അവസാന ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യത്തിൽ നിർണായകമായ വിവരങ്ങളുണ്ടെന്നും പൊലീസിന് ലഭിച്ച ഈ ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ചൂണ്ടിക്കാട്ടി ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ ഡി.ജി.പിക്ക് പരാതി നൽകി. തേമ്പാമൂട് ജങ്ഷനിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

കൊല്ലപ്പെട്ട സംഘം എത്തിയ കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട് ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാനും പൊലീസ് തയാറായിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിലെ ആവശ്യം. കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും സംഘങ്ങളെ ഒരിടത്ത് എത്തിച്ച് കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് തന്നെയാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

എന്നാൽ, ഇതിനുപിന്നിലെ ലക്ഷ്യവും ആ ഗൂഢാലോചനയിൽ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലും സംശയിക്കപ്പെടുന്നുണ്ട്.