തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് പിആർഡി ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഓഡിയോ- വിഡിയോ ഓഫീസറായ ജി.വിനോദ് കുമാറിനെയാണ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് കാറിൽവച്ച് 25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്നു വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിവൈഎസ്‌പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

സർക്കാരിനുവേണ്ടി ഓഡിയോ- വിഡിയോ പ്രോഗ്രാമുകൾ നിർമ്മിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ നിർമ്മിച്ചു നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബിൽ മാറി നൽകിയില്ല.

നൽകേണ്ട തുകയുടെ 15 % തുകയായ 3.75 ലക്ഷംരൂപ നൽകിയാൽ ബിൽ മാറാമെന്ന് വിനോദ് കുമാർ അറിച്ചു. തുടർന്ന്, രതീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.