- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജിലൻസിനെ പിണറായി രാഷ്ട്രീയമായി ഉപയോഗിക്കുമോ? കൈകൾ ശുദ്ധമെന്ന് പറയുമ്പോഴും കേസിൽ പ്രതിയാക്കപ്പെട്ടാൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങലിലാവും; കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎൽഎയ്ക്ക് കൂടി വാരിക്കുഴി ഒരുങ്ങുന്നവെന്ന് രാഷ്ട്രീയ സൂചനകൾ
കണ്ണൂർ: കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎൽഎ കൂടി വിജിലൻസ് കുരുക്കിലേക്കാണോ നീങ്ങുന്നത്? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിക്കുകയും അഴീക്കോട് മണ്ഡലത്തിൽ ദയനീയ തോൽവിക്കിടയാക്കിയതും വിജിലൻസ് റെയ്ഡും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുമായിരുന്നു. കണ്ണൂർ ചാലാട് മണലിലുള്ള ഷാജിയുടെ വില്ലയിൽ പല തവണയാണ് വിജിലൻസ് രേഖകൾ പിടിച്ചെടുക്കാനായി റെയ്ഡ് നടത്തിയത്.
അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്‌ളസ് ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് കെ.എം ഷാജി വിജിലൻസ് കുരുക്കിൽ കുടുങ്ങിയത്. ഇതിന് സമാനമായാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടിക്കെതിരെയും വിജിലൻസ് വലവിരിച്ചിരിക്കുന്നത്. ഇവിടെ അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി ഉറച്ചു നിൽക്കുന്നു. താനല്ല അഴിമതിക്ക് പിന്നിലെന്ന് അദ്ദേഹം ആത്മാർഥമായി ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. അതേസമയം അന്നത്തെ എം.എൽ എയായിരുന്ന അബ്ദുള്ളക്കുട്ടിക്ക് അഴിമതിയിൽ പങ്കുണ്ടോ എന്ന കാര്യവും മൊഴിയെടുപ്പിന് പിന്നാലെ അന്വേഷിക്കുമെന്ന് ഉറപ്പാണ്. ഈ അന്വേഷണം രാഷ്ട്രീയമായി നീണ്ടാൽ അത് അബ്ദുള്ളക്കുട്ടിക്കു പണിയാകും. നടന്നത് റെയ്ഡല്ല അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുക്കലാണെന്നതും വ്യക്തമാണ്.
പ്രഥമദൃഷ്ട്വാ സാഹചര്യ തെളിവുകൾ മുൻനിർത്തി വിജിലൻസ് കേസെടുത്താൽ ബിജെപിക്കുള്ളിൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങിലിലാവും. ഇതോടെ അഴിമതി വിരുദ്ധമുദ്രാവാക്യം ഉയർത്തി പിടിക്കുന്ന ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാനും തരംതാഴ്‌ത്തപ്പെടാനും സാധ്യതയുണ്ട്. കോൺഗ്രസ് ചേരിയിൽ നിന്നും കുറുമാറിയെത്തിയ അബ്ദുള്ളക്കുട്ടിയുടെ ബിജെപിയുടെ കടന്നുവരവിനെ ബിജെപിയുടെ കണ്ണുരിലെ ചില പ്രമുഖ നേതാക്കൾ എതിർത്തിരുന്നു. കണ്ണൂർ മണ്ഡലം എം.എൽ എയായതു മുതൽ അബ്ദുല്ലക്കുട്ടി പള്ളിക്കുന്നിലെ വീട്ടിലാണ് താമസിച്ചു വരുന്നത്.
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മൊഴിയെടുക്കാൻ വന്നുവെന്നാണ്
ഇതുസംബന്ധിച്ച അദ്ദേഹം പ്രതികരിച്ചത്.. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് പരിശോധനയെന്നും അദ്ദേഹം പ്രതികരിച്ചു.. ഒരുകോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈ.എസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേർന്ന് വലിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്കായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരുകോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡി.ടി.പി.സിയിൽ വിജിലൻസ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ റെയ്ഡ്. ഇതോടെ കെ.എം ഷാജിക്ക് ശേഷം മറ്റൊരു പ്രതിപക്ഷ എംഎൽഎ കൂടി പിണറായി സർക്കാർ കുഴിച്ച വിജിലൻസ് അന്വേഷണമെന്ന വാരിക്കുഴിയിൽ വീഴുകയാണ്. ലക്ഷദ്വീപ് വിഷയത്തിനു ശേഷം ബിജെപിക്കുള്ളിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്ന നേതാക്കളിലൊരാളാണ് അബ്ദുള്ളക്കുട്ടി.
നേരത്തെ കോൺഗ്രസിലുണ്ടായ സമയത്ത് ഉയർന്നു വന്ന അഴിമതിയാരോപണം ഇപ്പോൾ അന്വേഷണ വിധേയമാക്കുന്നത് പാർട്ടിക്കുള്ളിൽ തന്നെ അബ്ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്തിയേക്കും അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതിനെതിരെ നേരത്തെ ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ തുറന്നടിച്ചിരുന്നു.