- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിന് കേസിൽ തുടക്കം മുതൽ സഹായങ്ങളുമായി നിന്നത് സിനിമാ രംഗത്തെ പ്രമുഖർ തന്നെ. വിജയ് ബാബുവിന്റെ അടുത്ത സൂഹൃത്തു കൂടിയായ പ്രമുഖ നടനും ഭാര്യയുമാണ് ഇതിൽ മുന്നിൽ നിന്നത്. നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടൻ ദുബായിലേക്ക് കടന്നത്. കൊടുങ്ങല്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുമാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. ഇവിടെ നിന്നും പ്രമുഖ നടന്റെ കാറിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതും നടനൊപ്പം ദുബായിലേക്ക് പറന്നതും.
ദുബായിൽ എത്തി രഹസ്യ കേന്ദ്രത്തിൽ വിജയ് ബാബുവിനെ ഉളിപ്പിച്ചതിൽ അടക്കം ഈ നടന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. അടുത്തകാലത്ത് നായകനിരയിലേക്ക് ഉയർന്ന നടനാണ് ഇദ്ദേഹം. പൊലീസ് ദുബായിൽ വിജയ് ബാബുവിനെ പൊക്കുമെന്ന ഘട്ടം വന്നപ്പോൾ ഇടപെടൽ നടത്തിയലും ഈ നടന്റെ ഭാര്യയാണ്. വിജയ് ബാബുവിന്റെ കൈവശമുള്ള പണം തീർന്നതോടെ രണ്ട ക്രെഡിറ്റ് കാർഡുകളുമായി ദുബായിലേക്ക് പറന്നതും ഈ നടന്റെ ഭാര്യ തന്നയൊണ്. ഇവർ നടിയാണെന്ന വിധത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും നടിയല്ല, പ്രമുഖ നടന്റെ ഭാര്യയാണെന്ന വിവരമാണ് ലഭിക്കുന്നത്.
അതേസമയം നടനെ രക്ഷപെടാനും മറ്റു സഹായങ്ങളും ചെയ്ത ഇവരെയും പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അടുത്തിടെ ഒരു സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഈ നടന്റെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. അതേസമയം ബലാത്സംഗ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് ഈദ് അവധിക്കു മുൻപ് ദുബായ് ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കേണ്ടതായിരുന്നു എന്നു പറഞ്ഞ് വിജയ് ബാബു മുങ്ങഇയത്.
കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു നടന്റെ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇവരാണ് ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക പറന്നത്. തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
അതേസമയം കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഒരു നടിയുടെ നേതൃത്വത്തിലാണ് സിനിമാ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നാട്ടിലേക്ക് വരാൻ ഇയാൾ മടിക്കുന്നതും. ഇവിടെ എത്തിയാൽ അറസ്റ്റു ചെയ്യുമെന്ന നിലപാടിലാണ് കൊച്ചി പൊലീസ്. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യാപേക്ഷ ലഭിക്കാതെ മടങ്ങേണ്ടെന്ന നിലപാടിലേക്ക് താരം മാറിയെന്നാണ് സൂചന.
യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന. 30നു നാട്ടിലെത്തുമെന്നാണു വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചതെങ്കിലും വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണു നീക്കമെന്നു പൊലീസിനു സംശയമുണ്ട്.
അതേസമയം നാടുവിടും മുമ്പ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്നു ഹൈക്കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചിരിക്കയാണ്.
വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിണർ സി.എച്ച്.നാഗരാജു അറിയിച്ചു. ലുക്കൗട്ട് നോട്ടിസ് ഉള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. വിജയ് ബാബുവിന് സഹായം നൽകിയവരെ ചോദ്യം ചെയ്യുമെന്നും കമ്മിഷണർ പറഞ്ഞു.
നാട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യഹർജി തള്ളുമെന്ന നിലപാട് കോടതി കഴിഞ്ഞദിവസവും ആവർത്തിച്ചു. നേരത്തേ, വിജയ് ബാബുവിന്റെ ജാമ്യഹർജിയെ എതിർത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.