- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ നിന്നും കേൾക്കേണ്ടതു കേട്ടപ്പോൾ ഇളയ ദളപതി ഡീസന്റായി! എട്ടു കോടി വിലയുള്ള ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന്റെ ആഡംബര നികുതി പൂർണമായും അടച്ചു വിജയ്; താരം അടച്ചത് 32 ലക്ഷം രൂപ
ചെന്നൈ: കോടതിയിൽ നിന്നും കേൾക്കേണ്ടത് മുഴുവൻ കേട്ടപ്പോൾ ഡീസന്റായി തെന്നിന്ത്യൻ സൂപ്പർതാരം വിജയ്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടർന്നാണ് നടൻ വിജയ് നികുതി പൂർണമായും അടച്ചു. നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് അടച്ചത്.
2012ൽ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിനു പുറമേ പ്രവേശന നികുതി കൂടി ചുമത്തിയതു ചോദ്യം ചെയ്താണറ നടൻ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, രൂക്ഷ വിമർശനത്തോടെ ഹർജി തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ച വിജയ് നികുതി അടയ്ക്കാൻ തയാറാണെന്നും വിധിയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും നികുതി പൂർണമായും അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
ഒരാഴ്ച മുൻപുള്ള പ്രധാന വാർത്തകളിൽ ഒന്നായിരുന്നു ഇത്. നടനെതിരെ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അഴിമതിക്കെതിരായ പോരാട്ടമൊക്കെ സിനിമയിൽ മാത്രം മതിയോ എന്നായിരുന്നു പിഴ വിധിച്ചതിനു ശേഷം ജസ്റ്റിസ് എം സുബ്രഹ്മണ്യന്റെ ചോദ്യം. വിജയിയെ പോലെ നിരവധി ആരാധകരുള്ള നടന്മാർ വെറും 'റീൽസ് ഹീറോസ്' മാത്രമാകരുതെന്ന് കോടതി വ്യക്തമാക്കി. 2012 ലാണ് വിജയ് ഹർജി സമർപ്പിച്ചത്. കാർ വാങ്ങിയ സമയത്ത് കസ്റ്റംസ് ആക്ട് പ്രകാരം വിജയ് ഇറക്കുമതി നികുതിയും നൽകിയിരുന്നു.
വാഹനം ചെന്നൈ സൗത്തിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ രജിസ്ട്രേഷൻ ലഭിക്കുന്നതിന് വിജയ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെയും വെഹിക്കിൾ ഇൻസ്പെക്ടറെയും സമീപിച്ചപ്പോൾ, ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷണർ, അസസ്മെന്റ് സർക്കിളിൽ എന്നിവരിൽ നിന്ന് എൻട്രി ടാക്സ് നൽകേണ്ടതില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ പ്രവേശന നികുതി നിർബന്ധമായും അടക്കണമെന്നും ഇതിനു ശേഷം മാത്രമേ രജിസിട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനാകൂ എന്നായിരുന്നു നടന് ലഭിച്ച അറിയിപ്പ്. ഇതേ തുടർന്നാണ് വിജയ് കോടതിയെ സമീപിച്ചത്. ഇറക്കുമതി ചെയ്ത വാഹനത്തിന് അതീഭീമമായ പ്രവേശന നികുതി ചുമത്തിയതിനെതിരെ വിജയ് കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രേഷൻ ലഭിക്കാത്തിനാൽ കാർ ഉപയോഗിക്കാനും താരത്തിന് കഴിഞ്ഞിരുന്നില്ല. നികുതി അടക്കാനുള്ള ബാധ്യത എല്ലാ പൗരന്മാർക്കുണ്ടെന്നായിരുന്നു കോടതി പരാമർശം. കൂടാതെ ഒമ്പത് വർഷം മുമ്പ് സമർപ്പിച്ച ഹർജി ഇത്രയും നാൾ പരിഗണിക്കാതിരുന്നതും കോടതി വിമർശിച്ചു.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും വിജയിന് നേരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടൻ ധനുഷിനും കോടതിയുടെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. വിജയിനെ പോലെ ആഡംബര കാറിന് നികുതി ഇളവു തേടിയപ്പോഴാണ് വിജയിന് വിമർശനം കേൾക്കേണ്ടി വന്നത്.
മറുനാടന് ഡെസ്ക്