- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തട്ടിപ്പ് നടന്നത് സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കുന്നതിന് മുൻപ്; തുണയായത് ബാങ്കിലെ ജീവനക്കാരുടെ കുറവ്; വിജീഷ് തട്ടിപ്പ് നടത്തിയത് ഓവർടൈം ചെയ്ത്; ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും അവധി എടുക്കുമ്പോഴും പ്രതിക്ക് കൊയ്തുകാലം; പിൻവലിച്ചിരുന്നത് ഒന്നു മുതൽ അഞ്ചു ലക്ഷം വരെയുള്ള തുക: വിജീഷ് തട്ടിപ്പിന് ഉപയോഗിച്ചത് ഒടുക്കത്തെ ബുദ്ധി
പത്തനംതിട്ട: സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പിൽ പ്രതി വിജീഷ് വർഗീസ് കോടികൾ പിൻവലിച്ചത് ഓവർടൈം ജോലി ചെയ്ത്. സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കുന്നതിന് മുൻപാണ് തട്ടിപ്പ് നടന്നത്. അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ അപര്യാപ്തതയാണ് തട്ടിപ്പിന് കാരണമായത്. മാനേജർ അടക്കം ആറു ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. അമിത ജോലിഭാരമായിരുന്നു ബാങ്കിൽ.
വനിതാ ജീവനക്കാരായിരുന്നു കൂടുതലും. ഇവരിൽ ഒന്നും രണ്ടും പേർ മിക്ക ദിവസങ്ങളിലും അവധിയിലായിരിക്കും. ഈ അവസരം വിജീഷ് ശരിക്കും വിനിയോഗിച്ചു. ബാങ്കിൽ ഓരോ ജീവനക്കാർക്കും ഓരോ കമ്പ്യൂട്ടർ സിസ്റ്റം നൽകും. ഇതിനെല്ലാം ബയോമെട്രിക് പാസ്വേർഡും സിസ്റ്റം പാസ്വേർഡുമുണ്ട്. ബയോമെട്രിക് പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തു കിടക്കുന്ന കമ്പ്യൂട്ടറിൽ സിസ്റ്റം പാസ്വേർഡ് ഉപയോഗിച്ച് ആർക്കും കടക്കാം.
ജീവനക്കാർ തങ്ങളുടെ സിസ്റ്റം പാസ്വേർഡ് പരസ്പരം പങ്കു വച്ചിരുന്നു. ഒരാളുടെ അമിതജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പങ്കു വയ്പ്. പക്ഷേ, അതാണിവിടെ വിനയായത്. ഉച്ചഭക്ഷണം കഴിക്കാൻ പോകുന്ന ശീലം വിജീഷിനില്ലായിരുന്നു. മറ്റു ജീവനക്കാർ ഭക്ഷണത്തിന് പോകുമ്പോൾ അവരുടെ സിസ്റ്റത്തിൽ കടന്നു കയറിയാണ് വിജീഷ് പണം വ്യാജമായി ഉണ്ടാക്കിയ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നത്. ഇതു കാരണം വിജീഷ് അടക്കം അഞ്ചു പേരാണ് ബാങ്കിൽ സസ്പെൻഷനിലായത്.
മാനേജരായിരുന്ന മോഹിത് സുവേദി, അസി. മാനേജർമാരായ സന്തോഷ്, പഞ്ചമി, ക്ലാർക്ക് മെറിൻ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. വടക്കേ ഇന്ത്യാക്കാരനായ മാനേജർ ആദ്യമായിട്ടാണ് കേരളത്തിൽ ഒരു ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നത്. അതിന് മുൻപ് ബംഗളൂരുവിലായിരുന്നു. സമർഥനായ ഉദ്യോഗസ്ഥനായിനുന്നു ഇദ്ദേഹം. കേന്ദ്രസിവിൽ സർവീസിലേക്ക് ശ്രമിച്ച് കിട്ടാത്തതിന്റെയും പിതാവിന്റെ അസുഖത്തിന്റെയും പേരിൽ സുവേദി വളരെയധികം നിരാശനായിരുന്നു. അതു കൊണ്ടു തന്നെ തന്റെ സഹപ്രവർത്തകർക്ക് സ്വാതന്ത്ര്യവും നൽകി.
വിജീഷിനെയും പഞ്ചമിയെയുമാണ് ജോലിയിൽ അധികവും ഏൽപ്പിച്ചത്. ബാങ്കിലെ ഓാേ ജീവനക്കാർക്കും നിശ്ചിത തുക വരെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരം(ഓതറൈസേഷൻ) നൽകിയിരുന്നു. വിജീഷ് അടക്കമുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെയായിരുന്നു ഓതറൈസേഷൻ പവർ. വിജീഷ് ഫുൾടൈം ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്നയാളായിരുന്നു. ഷെയർ ട്രേഡിങായിരുന്നു ഇയാളുടെ ഇഷ്ടവിനോദം. അത് ബാങ്കിൽ എല്ലാവർക്കും അറിയാമായിരുന്നു. ഇയാൾ ഫോണിൽ കുത്തിക്കളിക്കുന്നത് ഷെയർ ട്രേഡിങ് ആണെന്നായിരുന്നു എല്ലാവരും കരുതിയത്. അതേ സമയം, ഓൺലൈൻ റമ്മി കളിയായിരുന്നു നടത്തിയത്. അതിനായി പണം കണ്ടെത്തിയത് ബാങ്കിന്റെ അക്കൗണ്ടുകളിൽ നിന്നും.
മോട്ടോർ ആക്സിഡന്റ് ക്ലെയിമിൽ വരുന്ന പണമാണ് തട്ടിയെടുത്തതിൽ ഏറെയും. ഇങ്ങനെ ലഭിക്കുന്ന പണം കോടതി ഉത്തരവ് പ്രകാരം ഒരു നിശ്ചിത കാലയളവിൽ ഒരു പ്രത്യേക അക്കൗണ്ടുണ്ടാക്കി അതിൽ നിക്ഷേപിക്കുകയാണ് പതിവ്. കോടതി പറഞ്ഞ കാലാവധി കഴിയുമ്പോഴാകും അത് അവകാശികൾക്ക് മാറ്റിക്കൊടുക്കുക. ഇതിൽ നിന്ന് പണം വക മാറ്റിയാൽ പെട്ടെന്ന് അക്കൗണ്ട് ഉടമകൾക്ക് മനസിലാകില്ല. ഉപഭോക്തൃ സൗഹൃദ അക്കൗണ്ടല്ല ഇതെന്നത് തന്നെ കാരണം.
ഇനി ഇതിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം വകമാറ്റുന്നതും എളുപ്പമാണ്. ആരുടെ പേരിലാണ് അക്കൗണ്ട് ആ പേര് തന്നെ വക മാറ്റുന്ന അക്കൗണ്ടിനും നൽകിയാൽ മാത്രം മതിയാകും. നെഫ്റ്റ് ട്രാൻസാക്ഷൻ നടക്കുമ്പോൾ അക്കൗണ്ട് നമ്പരും ഐഎഫ്എസ് കോഡും ടാലിയാകുന്നോ എന്നു മാത്രമേ ബാങ്കുകൾ വേരിഫൈ ചെയ്യാറുള്ളു. വിജീഷ് വ്യാജമായി സൃഷ്ടിച്ച അക്കൗണ്ടിലേക്ക് പണം വക മാറ്റുകയും അതിന് വക മാറ്റിയ അക്കൗണ്ട് ഹോൾഡറുടെ പേര് കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതു കാരണം പണം വക മാറ്റിയിരിക്കുന്നത് അവകാശിയുടെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കാണ് എന്ന് തോന്നും.
കാലാവധി കഴിഞ്ഞതും ആൾക്കാർ നോക്കാത്തതുമായ അക്കൗണ്ടിൽ നിന്നാണ് കുറച്ചു പണം വകമാറ്റിയത്. ഫിംഗർ പ്രിന്റ് ആക്ടീവായി കിടക്കുന്ന് സിസ്റ്റത്തിൽ മറ്റു ജീവനക്കാരുടെ പാസ്വേർഡ് അടിച്ചു കയറിയാണ് തട്ടിപ്പ് നടത്തിയത്. രാവിലെ ജീവനക്കാർ വന്നാൽ ഫിംഗർ പ്രിന്റ് അടിച്ച് സിസ്റ്റം ഓണാക്കിയിടും ഓതറൈസേഷനും മറ്റുമായി ജീവനക്കാർക്ക് പ്രത്യേകം പാസ്വേർഡ് നൽകിയിട്ടുണ്ട്. അത് എല്ലാവർക്കും പരസ്പരം അറിയുകയും ചെയ്യാം. ഈ ആനുകൂല്യം ഉപയോഗിച്ച് വിജീഷ് ആവോളം പണം തട്ടിയെടുത്തു. നല്ല വരുമാനമുള്ള സിൻഡിക്കേറ്റ് ബാങ്ക് ശാഖയായിരുന്നു പത്തനംതിട്ടയിലേത്. ഇവിടെ തന്നെയുള്ള മാനേജർ ജോലി ചെയ്തിരുന്ന സമയത്ത് നിക്ഷേപവും വായ്പയും നല്ല തോതിൽ ഉണ്ടായിരുന്നു.
ജീവനക്കാരുടെ കുറവ് തട്ടിപ്പിന് ഏറ്റവും പ്രധാന കാരണമായി. ഒരു ദിവസം ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാർക്ക് തങ്ങളുടെ സിസ്റ്റം വിവരങ്ങൾ പങ്കു വയ്ക്കേണ്ടിയും വന്നിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്