- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കുവരവിന് കൈക്കൂലി അഞ്ഞൂറു കൊടുത്തപ്പോൾ അയ്യായിരം വേണം; മിസ്ഡ് കാൾ വിട്ടും ശല്യം; പറഞ്ഞ തുകയുമായി ചെന്നപ്പോൾ വിജിലൻസ് കൈയോടെ പൊക്കി; പത്തനംതിട്ട ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിൻസിന്റെ കെണിയിൽ വീണു. ചെറുകോൽ വില്ലേജ് ഓഫീസർ പ്രമാടം സ്വദേശി രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ചെറുകോൽ സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് വിജിലൻസ് കെണിയൊരുക്കിയത്. കഴിഞ്ഞ മാസം പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നൽകിയിരുന്നു. നാല് തവണ നേരിട്ടെത്തുകയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല.
ഈ വസ്തുവിന്റെ പോക്കുവരവ് ബുദ്ധിമുട്ടുള്ള കേസാണെന്നാണ് ഷാജിയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോൾ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന് ഷാജി ചോദിച്ചപ്പോൾ 5000 രൂപ കൊണ്ടു വരാനാണ് വില്ലേജ് ഓഫീസർ രാജീവ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിന്റെ മിസ്ഡ് കാൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ നേരത്തേ പറഞ്ഞ കൈക്കൂലിയുമായി ഇന്ന് ഉച്ചയോടെ വില്ലേജ് ഓഫീസിൽ എത്തിയാൽ ശരിയാക്കിത്തരാമെന്ന് അറിയിച്ചു.
തുടർന്ന് ഷാജി ജോൺ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പി ഹരി വിദ്യാധരനെ സമീപിച്ചു. ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വച്ച് ജിനുവും രാജീവും കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.കഴിഞ്ഞ ആറു മാസത്തിനിടെ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങി പിടിയിലാകുന്ന പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഓഫീസർ ആണ് രാജീവ്. ഓമല്ലൂർ വില്ലേജ് ഓഫീസർ മാസങ്ങൾക്ക് മുൻപ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇൻസ്പെക്ടർമാരായ രാജീവൻ, അനിൽകുമാർ, അഷ്റഫ്, എസ്‌ഐ ജലാലുദ്ദീൻ റാവുത്തർ, സിപിഓമാരായ രാജേഷ്‌കുമാർ, ഷാജി പി. ജോൺ, ഹരിലാൽ, അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, ഗോപകുമാർ, ജിനു, അജീർ, അജീഷ്, രാജീവ്, വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്