അടൂർ: തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ അടൂർ വില്ലേജ് ഓഫീസർ മരിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടിൽ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂർ ഹോളി ക്രോസ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ഇന്നലെ രാവിലെ ഒമ്പതിന് ഡോ. സുരേഷിന്റെ നേതൃത്വത്തിൽ തൈറോയ്ഡിനുള്ള ശസ്‌ക്രിയ നടത്തിയിരുന്നു.

ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടർന്ന് രാവിലെ 7.45 ന് കലയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. വിവരമറിഞ്ഞ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം കൂട്ടി. ഇവരുടെ നിർബന്ധം മൂലം ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ്, ഡോ.പി.ജി. ജോർജ് എന്നിവരും രണ്ടു നഴ്സുമാരും ഉൾപ്പടെ സ്പാൻ ഐസിയു ആംബുലൻസിൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചു.

9.30 ഓടെ മരണം സംഭവിച്ചു. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ആശുപത്രിയുടെയും ഡോക്ടർമാരുടെയും വീഴ്ച മൂലമാണ് മരണം നടന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇവർ ഇക്കാര്യമുന്നയിച്ച് ആശുപത്രിയിൽ എത്തുമെന്ന് കരുതി വൻ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചു. എന്നാൽ, ബന്ധുക്കൾ നേരിട്ട് ഇവിടേക്ക് എത്തിയില്ല. മരണ കാരണം ആശുപത്രിയുടെയും ഡോക്ടർമാരുടെയും അനാസ്ഥയാണെന്ന് ബന്ധുക്കളുടെ പരാതിയിൽ അടൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

മൃതദേഹം തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. യഥാർഥ മരണ കാരണം അതിന് ശേഷം മാത്രമാകും അറിയാൻ സാധിക്കുക.