നെടുമങ്ങാട്: പൊതുവേ ചൂടൻ സ്വഭാവക്കാരനായ അരുവിക്കര കാവനം പുറത്തുവീട്ടിൽ ജനാർദനൻ നായർ നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമല്ല. ബന്ധുക്കളെന്നോ നാട്ടുകാരെന്നോ ഇല്ലാതെ ആരോടും തട്ടിക്കയറുന്ന പ്രകൃതം.ദേഷ്യം വന്നാൽ എങ്ങിനെയാ പെരുമാറുന്നതെന്ന് ജനാർദ്ദനൻ നായർക്ക് തന്നെ അറിയില്ല.കലക്ടർ എന്ന പേരിലാണ് നാട്ടുകാർ ഇയാളെ വിളിക്കുന്നത്.എങ്കിലും ഒരു കൊല ചെയ്യാൻ മാത്രം ക്രൂരത തെങ്ങുകയറ്റക്കാരനായ ജനാർദനൻ നായരിൽ ഉണ്ടായിരുന്നെന്ന് ഇപ്പോഴും കളത്തറ ഗ്രാമത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

വാർദ്ധക്യത്തിന്റെ അവശത അലട്ടുന്ന ജനാർദനനും ഭാര്യ വിമലയും ഇളയ മകൻ ചുമട്ടുതൊഴിലാളിയായ സുരേഷ്‌കുമാറിന്റെസംരക്ഷണയിലാണ് കഴിയുന്നത്.പക്ഷെ തന്റെ പ്രകൃതം കൊണ്ടുതന്നെ മറ്റൊരാളുടെ കീഴിൽ കഴിയുന്നത് ജനാർദ്ദനൻ നായർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.ഇതിനെത്തുടർന്ന് വീട്ടിലും എന്നും വഴക്കാണ്.ഭാര്യയെയും മകനെയും ചെറുമക്കളെയും ചീത്ത വിളിക്കുന്നതും പതിവാണ്.ഇതിനൊക്കെ പുറമെ ആരോഗ്യം ഇല്ലാതെ എന്തിന് ജീവിക്കുന്നു എന്ന് ചോദിച്ച് സ്വയം പുലഭ്യം പറയുന്നതിനൊപ്പം തേങ്ങാവെട്ടുന്ന കത്തി ഇടയ്ക്ക് രാകിമിനുക്കും ഇങ്ങനെയൊക്കെയായിരുന്നു ജനാർദ്ദനൻ നായർ.

അച്ഛന്റെ ഇത്തരം പ്രവൃത്തികളെ മകൻ സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ചതയം തൊട്ട് ഭീഷണി മുഴക്കി നടപ്പായിരുന്നു.മകന്റെ പക്ഷം ചേർന്ന് ജനാർദ്ദനൻ നായരെ ചോദ്യം ചെയ്തുവെന്നതാണ് ഭാര്യ വിമലയോട് പക വർധിക്കാൻ കാരണം.ഈ പകയാണ് കളത്തറയെ ഞെട്ടിച്ച അരും കൊലയിലേക്ക് നയിച്ചത്.ഭാര്യയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്നാണ് അയാൾ പക വീട്ടിയത്.മഴ കോരിച്ചൊരിയുന്ന രാത്രിയിൽ മകനും മരുമകളും തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരിക്കെയാണ് ആ അരുംകൊല അരങ്ങേറിയത്.

ഭാര്യ മരിച്ചെന്ന് ഉറപ്പായിട്ടും മകനെയും മരുമകളെയും വിളിച്ചുണർത്തിയില്ല. രണ്ടു പെൺമക്കളുടെ കുടുംബക്കാരെയും വിളിക്കാൻ കൂട്ടാക്കിയില്ല. മൊബൈലിൽ 100 ഡയൽ ചെയ്ത് ഇങ്ങനെ പറഞ്ഞു. 'ഞാൻ ഭാര്യയെ വെട്ടിക്കൊന്നു, എങ്ങും ഓടിപ്പോവില്ല, കളത്തറ മുക്കിൽ നിങ്ങളെ കാത്തുനിൽക്കുന്നു'. പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുമ്പോഴും നിർവികാരമായിരുന്നു ആ മുഖം. വിമലയെപ്പറ്റി നാട്ടുകാർക്കെല്ലാം നല്ലത് മാത്രമേ പറയാനുള്ളു. ഇവരെ ജനാർദ്ദനൻ വെട്ടിക്കൊന്നു എന്നറിഞ്ഞ് നടുങ്ങി നിൽക്കുകയാണ് കളത്തറ ഗ്രാമം.