- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷം ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല; ട്രംപിന് വേണ്ടി പ്രതിഷേധത്തിൽ പങ്കെടുത്തത് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിനാൽ; ദേശീയപതാകയെ അപമാനിക്കുന്നത് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യം; അഞ്ച് മലയാളികൾ കൂടി തനിക്കൊപ്പമുണ്ടായിരുന്നു; വിൻസന്റ് പാലത്തിങ്കലിന് പറയാനുള്ളത്
കൊച്ചി: ട്രംപിന് വേണ്ടി കാപ്പിറ്റോൾ മന്ദിരത്തിന് മുന്നിൽ നടത്തിയ റാലിയിൽ ഇന്ത്യൻ പതാകയുമേന്തി ഒരാൾ എത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യൻ പതാകയുമായി പ്രതിഷേധത്തിന് എത്തിയത് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളി കൊച്ചി ചമ്പക്കര സ്വദേശി വിൻസന്റ് സേവ്യർ പാലത്തിങ്കലായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റിയംഗം കൂടിയായ വിൻസന്റിനെതി കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇന്ത്യൻ പതാകയെ അപമാനിച്ചു എന്ന വിധത്തിലാണ് ആരോപണങ്ങൾ. ഈ സാഹചര്യത്തിലാണ് വിൻസന്റ് തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്.
'പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കൃത്രിമത്തിനെതിരെ മാതൃകാപരമായി പ്രതിഷേധിക്കാനാണു കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിലെത്തിയത്. എന്നാൽ, കരുതിക്കൂട്ടി അക്രമം നടത്തിയ അൻപതോളം പേർ പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യശുദ്ധി നശിപ്പിച്ചു. ഇന്നലെ ഒരു ലക്ഷം ആളുകൾ കാപ്പിറ്റോൾ ഹില്ലിൽ തടിച്ചുകതൂടി. ഇതിൽ നിന്ന് ഏകദേശം 10 - 15 ആളുകൾ മാത്രമാണ് അക്രമം നടത്തുകയും മതിലുകളിൽ സ്പൈഡർമാനെ പോലെ വലിഞ്ഞുകയറുകയും ചെയ്തത്. അവർ പ്രൊഫഷണൽ മോഷ്ടാക്കളെ പോലെ പരശീലനം ലഭിച്ച ആളുകളായിരുന്നു. അവർ ഞങ്ങളുടെ ഭാഗത്തു നിന്നോ അല്ലെങ്കിൽ എതിർഭാഗത്തു നിന്നോ ഇതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു. വിൻസന്റ് പറയുന്നു.
അവർ ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അവർ മതിലുകൾ കയറുന്നത് കണ്ടാൽ അറിയാം നല്ല പരിശീലനം ലഭിച്ചവരാണെന്ന്. മിലിട്ടറിയിലുള്ള ആളുകൾക്കേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവർ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയതാണ് ഇത്. അവരാണ് വാതിൽ തുറന്നത്. അല്ലാതെ പൊലീസ് അല്ല. അമ്പതോളം പേർ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഞങ്ങൾ സമാധാനപരമായി പോകുകയായിരുന്നു. ട്രംപ് റാലികൾ പൊതുവേ വളരെ സന്തോഷം നൽകുന്നവയായിരിക്കും. ഇത് ഞാൻ പങ്കെടുക്കുന്ന അഞ്ചാമത്തെ ട്രംപ് റാലിയാണ്. ട്രംപ് അനുകൂലികളുടെ റാലികൾ പൊതുവേ മാന്യമാണ്. ഇത് ആദ്യമായാണ് ട്രംപ് റാലിയിൽ അക്രമം നടക്കുന്നത്. അക്രമം നടത്തിയത് ആരാണെന്ന് കണ്ടുപിടിക്കാൻ അന്വേഷണം നടന്നുവരികയാണ്. അക്രമം നടത്തിയത് ഡെമോക്രാറ്റിക് അനുകൂലികളാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യത്തിന് വിരുദ്ധമായതിനാൽ ഞങ്ങൾക്ക് ഈ അക്രമത്തെ പിന്തുണയ്ക്കാൻ കഴിയില്ല.- വിൻസന്റ് പറയുന്നു.
ഒരു തരത്തിലും തെരഞ്ഞെടുപ്പ് തട്ടിപ്പ് ക്ഷമിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും വിൻസെന്റ് പറയുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ അമേരിക്കൻ ജനാധിപത്യം ശക്തമാണെന്ന് തോന്നിയേക്കാം. എന്നാൽ, ഇവിടെ വോട്ടു ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ആവശ്യമില്ല, ഒപ്പ് സ്ഥിരീകരണമില്ല, നിങ്ങൾ ഹാജരാകേണ്ട ആവശ്യം പോലുമില്ല. അമ്പതു ശതമാനത്തിലധികം വോട്ടുകളും ഇത്തവണ ഹാജരാകാതെ ബാലറ്റുകൾ വഴിയാണ് നടന്നത്. തട്ടിപ്പ് നടന്ന എല്ലാ വഴികളും തുറന്നു കാണിക്കാൻ കഴിയും. എന്നാൽ, ഇത് തെളിയിക്കാൻ സമയം വേണം. അതിനായി ഒരു അന്വേഷണം നടക്കണം. അന്വേഷണം നടത്താതെ എല്ലാ കേസുകളും നിരസിച്ചു. യു എസിന് നിയമപരമായി ഒരു പ്രസിഡന്റ് ഉണ്ട്. ശരിയായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് ആണ് ഞങ്ങളുടെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അദ്ദേഹത്തിന്റെ പോസ്റ്റിൽ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അഴിമതിയുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാൽ, അത് തെളിയിക്കാനാവില്ല. ട്രംപ് വ്യത്യസ്തനാണ്. അദ്ദേഹം തന്റെ കേസുമായി പോരാടുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ ട്രംപിനോട് നന്ദി പറയുന്നത്.
പ്രക്ഷോഭത്തിൽ ഇന്ത്യൻ പതാകയുമായി എത്തിയതെന്തിനെന്ന ചോദ്യത്തിനു വിൻസന്റിന്റെ മറുപടി ഇങ്ങനെ. 'ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകൾ യുഎസിലുണ്ട്. വിയറ്റ്നാം, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കൻ പതാകയ്ക്കൊപ്പം അവരുടെ രാജ്യത്തിന്റെ പതാകയും കൊണ്ടാണു പ്രതിഷേധത്തിനെത്തിയത്. മുൻപു നാട്ടിൽനിന്നു കൊണ്ടുവന്ന ദേശീയ പതാക ഞാനും കൊണ്ടുപോയി'. ഇന്ത്യയെയോ ദേശീയചിഹ്നങ്ങളെയോ അപമാനിക്കുകയെന്നതു സ്വപ്നത്തിൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണെന്നും വിൻസന്റ് പറയുന്നു.
5 മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 10 പേർ തനിക്കൊപ്പമുണ്ടായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. 28 വർഷം മുൻപു ഉന്നതപഠനത്തിനാണു വിൻസന്റ് സേവ്യർ യുഎസിലെത്തിയതും പിന്നീടു യുഎസ് പൗരത്വം നേടിയതുമെന്നും വിൻസന്റ് പറയുന്നു.
മറുനാടന് ഡെസ്ക്