- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ മഴക്കാലത്താണ് എല്ലാം തുടങ്ങിയത്; പുറത്തും അകത്തും പെരുമഴ; വീടുപണി ആരംഭിച്ചത് സുഹൃത്ത് സഹായിച്ച അമ്പതിനായിരം രൂപ കൊണ്ട്; സ്ഥലം ലാഭിക്കാൻ വീടൊരുക്കിയത് ബോക്‌സിന്റെ രൂപത്തിൽ; മഞ്ജുക്കുട്ടൻ പറയുന്നു 2.25 സെന്റിൽ ഉയർന്ന വൈറൽ വീടിന്റെ കഥ
കരുനാഗപ്പള്ളി: കഴിഞ്ഞ മഴക്കാലത്താണ് എല്ലാം തുടങ്ങിയത്.ഷീറ്റുകൊണ്ട് മറച്ച ഷെഡിനകത്തും പുറത്തും പെരുമഴ. വീടെന്ന സ്വപനം ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന ചിന്തയിൽ പലപ്പോഴും മാറ്റിവെക്കുകയായിരുന്നു. പക്ഷെ ഒരു നിമിഷം പോലും ഷെഡിൽ തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഓട്ടക്കീശയുമായി ആരംഭിച്ചതാണ് ഈ വീട്... കഴിഞ്ഞ എതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ വീട്ടിലിരുന്ന് മഞ്ജുക്കുട്ടൻ വീടിന്റെ കഥയും ഒപ്പം തന്റെ കഥയും പറയുകയാണ്.
ഇഷ്ടദാനമായി ലഭിച്ച 2.25 സെന്റ് ഭൂമിയിലാണ് തെങ്ങിൻ ചുവട്ടിൽ ഷീറ്റും മറ്റും വലിച്ചുകെട്ടി ഒരു കൂരയുണ്ടാക്കിയത്. അതിനെയാണ് ഞങ്ങൾ വീടെന്ന് വിളിച്ചത്.എന്റെ നല്ല ഓർമ്മയിലൊക്കെ ആ കൂരയിൽ തന്നെയായിരുന്നു ഞങ്ങൾ.എന്നാൽ കഴിഞ്ഞ മഴക്കാലത്തോടെ അത് തീരെ ഉപയോഗ ശുന്യമായി.അകത്തും പുറത്തും ഒരുപോലെ മഴ.എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നി്ന്നു. പക്ഷെ വീടുവെക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.കാലിയായ കീശയുമായിട്ടായിരുന്നു തുടക്കം.
അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോൾ അവൻ അൻപതിനായിരം രൂപ തന്നു. ഞാൻ സുഹൃത്തായ അഖിലിനെ കൊണ്ട് പ്ലാൻ വരപ്പിച്ചു.പക്ഷെ 2.25 സെന്റിൽ എങ്ങിനെ ഒരു വീട്. ആദ്യം മുതൽക്കെ വെല്ലുവിളി അതായിരുന്നു.വി ആകൃതിയിലായിരുന്നു ഭൂമി.
ഞാനും കോൺട്രാക്ടറും കൂടെയിരുന്ന് വേണ്ട മാറ്റങ്ങൾ വരുത്തി. അങ്ങനെയാണ് വീടുപണി തുടങ്ങുന്നത്. പഞ്ചായത്തിൽ അപേക്ഷ കൊടുത്ത് ലൈഫ് പദ്ധതിയിൽ നാലു ലക്ഷം രൂപയും ലഭിച്ചു.അങ്ങിനെയാണ് ധൈര്യമായി പണിയുമായി മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ നാട്ടിൽ വീടുപണി കഴിഞ്ഞു വാസ്തുബലി (ഗൃഹപ്രവേശം) ചടങ്ങുകൾ കഴിഞ്ഞു പണം കൊടുത്താൽ മതി. അത് ഉപകാരമായി എ്ന്നും മഞ്ജുകുട്ടൻ പറയുന്നു.
സുഹൃത്തായ ഷഫീക്കാണ് നയാപൈസ കൂലി മേടിക്കാതെ വീട് പണിതുതന്നത്. അങ്ങനെ കൊറോണക്കാലത്ത് എട്ടുമാസം കൊണ്ട് വീട് പൂർത്തിയായി.പരമാവധി സ്ഥലം ലഭ്യമാക്കാൻ ഒരു ബോക്‌സിന്റെ ആകൃതിയിലാണ് വീട് രൂപകൽപന ചെയ്തത്. പുറംഭിത്തിയിൽ ബ്രിക്ക് ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മൊത്തം 700 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുണ്ട്. അകത്തളം ഞങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമായാണ് ഇപ്പോൾ ഫർണിഷ് ചെയ്തിരിക്കുന്നത്. വീടുപണിക്കിറങ്ങിയപ്പോഴാണ് സാധനങ്ങളുടെ പൊള്ളുന്ന വില മനസിലായത്. എങ്കിലും പരമാവധി ചെലവ് കുറച്ച് 15 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഓഗസ്റ്റ് 30, 31 ദിവസങ്ങളിലായിരുന്നു പാലുകാച്ചൽ.ഇങ്ങനെയാണ് വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നത്.
എന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞാലും അവസ്ഥ ഇതുതന്നെയാണ്.എന്നെ അമ്മ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് അച്ഛൻ അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് പോകുന്നത്.ഒരു ചേ്ട്ടനും ചേച്ചിയുമാണ് എനിക്ക്.പറക്കമുറ്റാത്ത രണ്ടു മക്കളെയും വയറ്റിൽ എന്നെയും ചുമന്നുകൊണ്ടാണ് അമ്മ തേവലക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് വണ്ടികയറിയത്. ഇവിടെ എത്തിയപ്പോൾ ഒരു കുടുംബം ദയതോന്നി പറമ്പിൽ കൂരകെട്ടി കഴിയാനിടം തന്നു.അമ്മ അടുക്കളപ്പണിക്ക് പോയാണ് ഞങ്ങളെ വളർത്തിയത്.
അതിനിടയ്ക്കാണ് ഇഷ്ടദാനമായി ഈ ഭൂമി ഞങ്ങൾക്ക് ലഭിക്കുന്നത്.അവിടെ കൂരകെട്ടിയായി പിന്നെ ഞങ്ങളുടെ താമസം.ചേച്ചിയെയും അമ്മ വീട്ടുപണി ചെയ്ത് കഷ്ടപ്പെട്ടാണ് കെട്ടിച്ചുവിട്ടത്. ഞാനും വളർന്നപ്പോൾ ജനസേവകനും യുത്ത് കോൺഗ്രസ്സ് സംസ്ഥാന
സെക്രട്ടറിയുമൊക്കെ ആയപ്പോഴും മറ്റുള്ളവരെ സഹായിക്കുമ്പോൾ മറന്നത് സ്വന്തം പ്രാരാബ്ദങ്ങളായിരുന്നുവെന്നും മഞ്ജുക്കുട്ടൻ പറഞ്ഞ് നിർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ