റാഞ്ചി: ഝാർഖണ്ഡിലെ റോപ്പ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനിടെ വീണ്ടും അപകടം. എയർ ലിഫ്റ്റ് ചെയ്തയാൾ ഹെലികോപ്റ്ററിൽ നിന്ന് താഴെവീണു മരിച്ചു. അപകടത്തിൽ നിന്ന് പ്രതീക്ഷയിലേക്ക് പിടിച്ചു കയറിയെങ്കിലും വിധി അപ്രതീക്ഷിത നീക്കത്തിലൂടെ ആ ജീവൻ കവർന്നെടുത്തു.

എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെ, ആൾ താഴേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, വ്യോമസേനയുടെ ഹെലികോപ്റ്റർ റോപ്പിൽ നിന്ന് പിടിവിട്ടതതാണ് അപകടത്തിന് കാരണമായത്. റോപ്പിൽ തൂങ്ങിക്കിടന്ന ഇദ്ദേഹത്തിന്, കോപ്റ്ററിന്റെ ചിറകിന്റെ ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രികൂട് ഹിൽസിൽ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ് വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലംവിട്ടതായി പിടിഐ റിപ്പോർട്ട് ചെ്തു. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിൽനിന്ന് 20 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ. 766 മീറ്റർ നിളമുള്ള റോപ് വേ 392 മീറ്റർ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനിൽ നാലു പേർക്കാണ് കയറാനാവുക.