തിരുവനന്തപുരം: കേരളവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ദൃഡമാക്കുന്നതിനും കുടുതൽ സാധ്യതകൾ കണ്ടെത്തുന്നതിനുമായി ചെന്നൈയിലെ യുഎസ് കോൺസൽ ജനറലിന്റെ തിരുവനന്തപുരം വെർച്വൽ സന്ദർശനം. ഉള്ളടക്കത്തിന്റെ വൈവിദ്ധ്യവും സമ്പന്നതയും കൊണ്ട് അമേരിക്ക വിത്ത് കേരള ശ്രദ്ധേയമായി. ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിനാണ് തിരുവനന്തപുരത്ത് വെർച്വൽ സന്ദർശനം നടത്തിയത്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കാനഡ, മെക്സിക്കോ, കെനിയ എന്നിവിടങ്ങളിലേക്ക് ഈ വർഷം സംഘടിപ്പിച്ച സമാന യാത്രകളെ മാതൃകയാക്കിയാണ് ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം തിരുവനന്തപുരത്തേക്ക് ഈ വെർച്വൽ സന്ദർശനം ഒരുക്കിയത്.

ഒരു ദിവസം നീണ്ടുനിന്ന വെർച്വൽ സന്ദർശനത്തിൽ തലസ്ഥാനത്തെ പ്രമുഖ വ്യക്തികളുമായും, പ്രാദേശിക സംഘടനകളുമായും ചർച്ച നടത്തി.ചർച്ചയിൽ കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതൽ കൊവിഡിനെ ചെറുക്കുന്നതുവരെയുള്ള വിഷയങ്ങളിൽ അമേരിക്കയും കേരളവും തമ്മിലുള്ള സഹകരണ സാദ്ധ്യതകൾ തേടി. പൗരപ്രമുഖരുമായി കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വളർച്ചയിലും വികസനത്തിലും സ്ത്രീകളും യുവാക്കളും നൽകിയ സംഭാവനകൾ ചർച്ചാവിഷയമായി.

നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ സി.വി.രവീന്ദ്രൻ കോൺസുൽ ജനറൽ റേവിനെ തിരുവനന്തപുരത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് വെർച്വൽ സന്ദർശനത്തിന് തുടക്കം കുറിച്ചു. തുടർന്ന് മുതിർന്ന ഒരു സാമ്പത്തിക വിദഗ്ദ്ധനും,ഒരു മുൻ സാങ്കേതിക വിദഗ്ദ്ധ ഭരണാധികാരിയും കേരള മാതൃകാ വികസനത്തെക്കുറിച്ചും വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബഹിരാകാശ സാങ്കേതികവിദ്യ, തീരദേശമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സേവന മേഖലകൾ, കണ്ടുപിടിത്തങ്ങൾ എന്നിങ്ങനെ പരമ്പരാഗതവും നവീനവുമായ മേഖലകളിലുള്ള കേരളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോൺസുൽ ജനറലിന് വിശദീകരിച്ചു.

ശേഷം കേരള ഐടി പാർക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം. തോമസ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾ വെർച്വൽ പര്യടനത്തിലൂടെ കോൺസുൽ ജനറലിന് വിശദീകരിച്ചു. കേരളത്തിലെ നിലവിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് അറിയുന്നതിന് കോൺസുൽ ജനറൽ റേവിൻ ഏഴ് പ്രമുഖ യുഎസ്, ഇന്ത്യൻ ഐടി കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഗവേഷണ, വിനോദ, സംരംഭകത്വ, എൻ.ജി.ഒ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ വളർച്ച, സ്ത്രീ ശാക്തീകരണം, ലിംഗസമത്വം, തുല്യത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് കോൺസുൽ ജനറൽ റേവിൻ ചർച്ച നടത്തി.ഗവൺമെന്റ് ആർട്സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ഗോപകുമാരൻ നായർ തിരുവനന്തപുരത്തിന്റെ ചരിത്രപരമായ പ്രധാന അടയാളങ്ങൾ, അവയും നഗര പൈതൃകവുമായുള്ള ബന്ധം, ആധുനിക തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും സവിശേഷതകൾ എന്നിവ വിശദമായി കോൺസുൽ ജനറലിന്റെ മുന്നിൽ അവതരിപ്പിച്ചു.

'കോവിഡ് യാത്രകൾക്ക് വെല്ലുവിളികൾ ഉയർത്തുമ്പോഴും കേരളത്തിലെ ഞങ്ങളുടെ സുഹൃത്തുക്കളുമായും പങ്കാളികളുമായും ഇടപഴകേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള എന്റെ വെർച്വൽ സന്ദർശനം ഈ സുപ്രധാന സംസ്ഥാനവുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും, ഇരുകൂട്ടർക്കും പൊതുതാൽപ്പര്യമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്തു. ഒരു ദിവസം നീണ്ടുനിന്ന വെർച്വൽ സന്ദർശനം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, സാമൂഹിക സാമ്പത്തിക വികസനം, ബഹുസ്വര ചിന്താഗതി, സഹിഷ്ണുതയുടെയും സഹനത്തിന്റെയും ശക്തമായ പാരമ്പര്യം എന്നിവയെക്കുറിച്ച് എനിക്ക് ഒട്ടേറെ അറിവുകൾ പകർന്നു നൽകി. കേരളത്തിലേയും അമേരിക്കയിലേയും ജനങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലുമുള്ള ബന്ധങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് കൂടുതൽ ആശയങ്ങളാൽ സമ്പന്നയാണ് ഞാനിപ്പോൾ,' കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു.

കേരളത്തിന്റെ ശ്രേഷ്ഠ കലാരൂപങ്ങൾ അണിനിരന്ന സാംസ്‌കാരിക സന്ധ്യയോടെയാണ് കോൺസുൽ ജനറലിന്റെ തിരുവനന്തപുരത്തേക്കുള്ള വെർച്വൽ സന്ദർശനം സമാപിച്ചത്.