- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ചു പേരിൽ നിന്ന് ഒന്നര ലക്ഷം തട്ടിയെടുത്തു; ഒടുവിൽ ജോലിയുമില്ല പണവുമില്ല; പൊലീസിനെ സമീപിച്ചതോടെ പ്രതി പിടിയിൽ
പത്തനംതിട്ട: ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ നിന്നും ആകെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കൂടൽ പൊലീസ് വലയിലാക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് എൽപി സ്‌കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ താമസിച്ചുവരുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്മെന്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 17 നാണ് കേസിന് ആസ്പദമായ സംഭവം. കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുബായിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും മറ്റ് നാല് സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും 30000 രൂപ വീതം ആകെ ഒന്നര ലക്ഷം കൈവശപ്പെടുത്തുകയായിരുന്നു.
വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നപ്പോൾ, പലതവണ പരാതിക്കാരനും സുഹൃത്തുക്കളും ഇയാളെ സമീപിക്കുകയും ബന്ധപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചും മറ്റും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്ന് പ്രതിയെ ഇന്നലെ താമസസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു.
എസ് ഐ ദിൽജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിൽ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ ദിൽജേഷ്, എ എസ് ഐ ഗണേശ് കുമാർ, സി പി ഓ സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.