കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിർണായക വിധി വന്നതോടെ ആശ്വാസത്തിലാണ് കേസ് അന്വേഷിച്ച പൊലീസ് സംഘവും പ്രോസിക്യൂഷനും. കേരളത്തിലെ സ്ത്രീസമൂഹം ഏറെ ആകാംക്ഷയോടെയാണ് ഈ കേസിലെ വിധിക്കായി കാത്തിരുന്നത്. വിധി വന്നതോടെ പൊലീസ് അന്വേഷണവും പ്രോസിക്യൂഷൻ മികവും തെളിയിക്കപ്പെട്ടു. പഴുതടച്ചുള്ള ഡിജിറ്റൽ തെളിവുകളുമായിട്ടായിരുന്നു പൊലീസ് ഈ കേസ് അന്വേഷിച്ചത്. ഈ ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ നിർണായകായി മാറിയതും.

പൊലീസ് സംഘം ശേഖരിച്ച സാക്ഷിമൊഴികളും സൈബർ തെളിവുകളും കൃത്യമായി കോടതിയിലെത്തിച്ചാണ് പ്രോസിക്യൂഷൻ വിസ്മയ കേസിൽ മികവ് കാട്ടിയത്. അഡ്വ. ജി. മോഹൻരാജായിരുന്നു വിസ്മയ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നേരത്തെ ഉത്ര വധക്കേസ് അടക്കം വിവാദമായ പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്നു ജി. മോഹൻരാജ്. ഉത്ര കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കെയാണ് വിസ്മയ കേസിലും മോഹൻരാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.

ഉത്ര കേസിലെ ബ്രില്ല്യൻസ് ഈ കേസിലും ആവർത്തികകുകയാണ് ഉണ്ടായത്. പ്രമാദമായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിനൽകിയ അദ്ദേഹത്തിനും അഭിമാനംനൽകുന്നതാണ് വിസ്മയ കേസിലെ വിധി. കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹൻരാജ് രശ്മി വധക്കേസ്, പൊലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം, മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം, തുടങ്ങിയ കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു.

ഡിവൈ.എസ്‌പി. പി.രാജ്കുമാറിന്റെ അന്വേഷണം, അട്ടല്ലൂരിയുടെ മേൽനോട്ടം

ദക്ഷിണമേഖല ഐജി അർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്‌പി. പി.രാജ്കുമാറാണ് വിസ്മയ കേസിൽ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പൊലീസ് സംഘം, പ്രതി കിരൺകുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.

തനിക്ക് കൂടുതൽ സ്ത്രീധനം കിട്ടേണ്ടിയിരുന്നവനായിരുന്നെന്നും അത്രമാത്രം ഉയർന്ന സർക്കാർ ജോലിയാണ് തനിക്കുള്ളതെന്നുമുള്ള കിരണിന്റെ ദുരഭിമാനവും അഹന്തയുമാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. വിസ്മയ തൂങ്ങിമരിക്കാൻ കാരണക്കാരൻ കിരൺ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. വിസ്മയയുടെ ഫോൺ കിരൺ നശിപ്പിച്ചു.

എങ്കിലും വിസ്മയ കൂട്ടുകാരികൾക്കയച്ച മെസേജുകളിലൂടെ കിരൺ എങ്ങനെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞു. കല്യാണത്തിനു മുമ്പുപോലും സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിതപ്രതീക്ഷ തെളിയിക്കുന്ന മെസേജുകളും പൊലീസ് കണ്ടെത്തി. 'ഇത്ര വലിയ പൊസിഷനായിട്ടും എനിക്ക് കിട്ടിയത് കണ്ടില്ലേ ?...' എന്ന ചിന്താഗതിയായിരുന്നു കിരണിന്.

നൂറു പവൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും 60 പവനേ പെൺവീട്ടുകാർ നൽകിയുള്ളൂവെന്നും അയാൾ കരുതി. ഇതു പറഞ്ഞ് അടി കൊടുക്കുമായിരുന്നു. ഒരിക്കൽ സ്വന്തം വീട്ടിലേക്ക് 'രക്ഷപ്പെടാൻ' ശ്രമിച്ചപ്പോൾ 'ഇനി നിന്നെ അടിക്കാൻ പറ്റിയില്ലെങ്കിലോ' എന്ന് പറഞ്ഞ് തല്ലി. അവസാനം പുറംലോകം കാണിക്കാതെ മുറിയിൽ അടച്ചതാണ് വിസ്മയ മരിക്കാൻ കാരണമായത്- കുറ്റപത്രം സമർപ്പിച്ച വേളയിൽ ഡിവൈ.എസ്‌പി. രാജ്കുമാർ പറഞ്ഞ വാക്കുകളാണിത്. നേരത്തെ സൂര്യനെല്ലി കേസിൽ ഒളിവിൽപോയ മുഖ്യപ്രതി ധർമരാജനെ കർണാടകത്തിൽനിന്ന് പിടികൂടി വാർത്തകളിലിടം നേടിയ അന്വേഷണ ഉദ്യോഗസ്ഥനാണ് രാജ്കുമാർ. വെളുത്ത പൊലീസ് ജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പൊലീസുകാർക്കൊപ്പമായിരുന്നു രാജ്കുമാറിന്റെ കർണാടക ഓപ്പറേഷൻ.

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കേസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഐ.ജി ഹർഷിത അട്ടല്ലൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓറൽ, ഇലക്ട്രോണിക് തെളിവുകൾ എന്നിവ ശേഖരിച്ചതും നിർണായകമായി. കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാലാണ് വിസ്മയയുടെ രക്ഷിതാക്കളെ പ്രതിചേർക്കാതിരുന്ന്.

ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ മെസേജസ്, വോയ്സ് റെക്കോർഡിങ്ങ്സ് തുടങ്ങിയവയൊക്കെ ശേഖരിച്ചു. കോടതിക്ക് മുന്നിൽ നിരവധി തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. 79 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.