- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോമുവിനെ പോലെ ജനപ്രീതി നേടിയ മറ്റൊരു ഗായകൻ ആ സ്റ്റാർ സിംഗർ സീസണിൽ ഉണ്ടായിരുന്നില്ല; സ്റ്റേജിൽ കയറിയാൽ അദ്ദേഹം മറ്റൊരാളായി മാറുമായിരുന്നു; ഒരു ഗുരുവിൽ നിന്നും പാട്ട് പഠിച്ചതല്ല, ബോൺ ടാലന്റായിരുന്നു; വിട പറഞ്ഞ സോമദാസിന്റെ ഓർമ്മകളിൽ വിവേകാനന്ദൻ
തിരുവനന്തപുരം: കോവിഡ് കാലം കൊണ്ടുപോയ പ്രതിഭകളുടെ കൂട്ടത്തിലാണ് സോമദാസ് ചാത്തന്നൂർ. ഐഡിയ സ്റ്റാർ സിംഗർ മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഷോയായി നിന്നിരുന്ന കാലത്തെ വീടുകളിലെ താരമായിരുന്നു സോമദാസ്. അക്കാലത്ത് വീട്ടമ്മമാരുടെ പോലും കണ്ണിലുണ്ണിയായ പാട്ടുകാരൻ. എന്നാൽ, പിൽക്കാലത്ത് അദ്ദേഹം ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ വീണ്ടും മിനി സ്‌ക്രീനിൽ എത്തി. ആരോഗ്യ പ്രശ്‌നങ്ങളാൽ അധികം കഴിയും മുമ്പ് അദ്ദേഹത്തിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു.
ഐഡിയ സ്റ്റാർ സിംഗർ നൽകിയ പ്രശസ്തിയായിരുന്നു സോമദാസിലെ ജീവിതം മാറ്റിമറിച്ചത്. അക്കാലത്തെ സോമദാസിനെ ഓർത്തെടുക്കയാണ് ഗായകനും ഐഡിയ സ്റ്റാർ സിംഗറും സഹമത്സരാർത്ഥിയായിരുന്ന വിവേകാനന്ദൻ. 2008ലെ ഐഡിയ സ്റ്റാർ സിംഗർ സീസണിൽ ഏറ്റവും ജനപ്രീതി നേടിയ താരം സോമദാസായിരുന്നെന്നും സ്റ്റേജിൽ കയറിയാൽ അദ്ദേഹം മറ്റൊരാളായി മാറും പോലെയുള്ള പ്രകടനമാണ് നടത്തിയിരുന്നതെന്നും വിവേകാനന്ദൻ പറഞ്ഞു.
'സോമദാസും ഞങ്ങളും അറിയപ്പെടുന്നത് ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ്. എന്നാൽ സോമദാസ് അതിനു മുൻപേ തന്നെ സ്റ്റേജുകളിൽ പാടി ജനങ്ങളെ കയ്യിലെടുക്കുമായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് അദ്ദേഹം പരിപാടികൾക്ക് വരുമായിരുന്നു. ഞങ്ങളെയൊക്കെ പാടി കയ്യിലെടുത്ത ആളാണ്. പിന്നീട് ഐഡിയ സ്റ്റാർ സിംഗർ വേദിയിലെത്തിയപ്പോൾ അദ്ദേഹത്തെ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു.
അദ്ദേഹം ഒരു ഗുരുവിൽ നിന്നും പാട്ട് പഠിച്ചതല്ല. ബോൺ ടാലന്റായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ജഡ്ജസിന്റെയും ഞങ്ങളുടെയും കണ്ണുനിറച്ചിരുന്നു. മനസ് തുറന്നു പറയുകയാണ്, ആ ഒരു സീസണിൽ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാർത്ഥിയില്ല. എവിടെ ചെന്നാലും സോമുവിന് സുഖമല്ലേ, എന്ത് ചെയ്യുന്നു, അന്വേഷണം പറയണം ഇതുമാത്രമാണ് ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. അങ്ങനെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുക എന്നു പറയുന്നത് ദൈവാനുഗ്രഹമാണ്.
സ്റ്റാർ സിംഗറിൽ റൂം ഷെയറിംഗടക്കം ഒരുപാട് സമയം ഒന്നിച്ചുണ്ടായിരുന്നു. നാളുകളായി പാട്ട് പഠിച്ച ഒരാളിൽ നിന്നും കിട്ടുന്ന അറിവിനേക്കാൾ സ്റ്റേജിൽ പാടിയുള്ള അനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞു. സ്റ്റേജിൽ കയറിയാൽ സോമു വേറെ ഒരാളാണ്. പത്തിരട്ടി എനർജി എവിടെ നിന്നൊക്കയോ വരും. എങ്ങനെയാണ് സോമു ട്രാൻസ്ഫോം ചെയ്യപ്പെടുന്നതെന്ന് പറയാനാവില്ല. സോമുവിനെ പറ്റി ഇപ്പോൾ ചോദിച്ചാൽ വികാരഭരിതനായി പോകും. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ദുഃഖം താങ്ങാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ലോകം മുഴുവനുമുള്ള ആരാധകർക്കും സാധിക്കട്ടെയെന്നേ പറയാനുള്ളു.' വിവേകാനന്ദൻ പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് സോമദാസ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് . ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.
2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരിച്ചത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. സോമദാസ് പാടുന്ന ശങ്കർ മഹാദേവിന്റെ പാട്ടുകൾക്കും ഏറെ ആരാധകരുണ്ടായിരുന്നു.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കൊല്ലം സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം.