കൊച്ചി: വേഗത്തിൽ കുതിക്കാൻ ആഗ്രഹിക്കുമ്പോഴും കൊച്ചിയെ പിന്നോട്ടടിച്ചിരുന്ന ആ യാത്രാക്കുരുക്കുകൾ മെല്ലെ അഴിയുകയാണ്. കിലോമീറ്ററുകളോളം നിശ്ചലമായി കിടന്നിരുന്ന വാഹനങ്ങളുടെ നീണ്ട നിരകളും മെല്ലെ ഓർമയായി മാറിയേക്കാം. മണിക്കൂറിൽ പതിനായിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിലേയും കുണ്ടന്നൂരിലേയും യാത്രാദുരിതത്തിന് ഒടുവിൽ അറുതിയാകുകയാണ്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ് വൈറ്റില, കുണ്ടന്നൂർ വഴി യാത്ര ചെയ്യുന്നവർ. കൊവിഡും പ്രളയവും ഉദ്ഘാടനത്തിന് മുമ്പേ പാലം തുറന്നുനൽകിയതുമായി ബന്ധപ്പെട്ട അറസ്റ്റും വിവാദങ്ങൾക്കുമൊടുവിലാണ് പദ്ധതി ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.

കേന്ദ്ര ഏജൻസിയാണ് പാലം നിർമ്മിച്ചാൽ നിലവിൽ വരുമായിരുന്ന ടോൾ പിരിവ് ഒഴിവാക്കാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലങ്ങൾ നിർമ്മിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനം. പതിനെട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. നിരവധി പ്രതിസന്ധികൾക്കിടയിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പാലങ്ങളുടെ നിർമ്മാണത്തിന്റെ മുഴുവൻ ക്രെഡിറ്റും പൊതുമരാമത്ത് വകുപ്പിനാണ്. അത് ഉദ്ഘാടന വേദിയിൽ പറയാനും വകുപ്പിനെ പുകഴ്‌ത്താനും മുഖ്യമന്ത്രി മറന്നതുമില്ല.

നിർമ്മാണ കാലയളവ് നീണ്ടെങ്കിലും എസ്റ്റിമേറ്റ് തുകയേക്കാൾ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് വൈറ്റിലയിൽ മേൽപ്പാലം നിർമ്മാണം അവസാനിച്ചത്. പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് 2017 ഓഗസ്റ്റ് 31ന് ലഭിച്ചത്. 2017 സെപ്റ്റംബറിൽ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. 2017 നവംബർ 17നാണ് 78.36 കോടി നിർമ്മാണച്ചെലവ് ക്വോട്ട് ചെയ്ത ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയെ വൈറ്റില മേൽപാലത്തിന്റെ നിർമ്മാണ കരാർ ഏൽപ്പിക്കുന്നത്. ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്ഷൻസിനായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.

വൈറ്റില മേൽപാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം 2017 ഡിസംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അന്നേദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. 440 മീറ്റർ നീളമാണ് വൈറ്റില പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററുമാണ് നീളം. അപ്രോച്ച് റോഡ് ഉൾപ്പടെ മേൽപ്പാലത്തിന്റെ ആകെ നീളം 720 മീറ്റർ വരും. 30 മീറ്റർ നീളമുള്ള 12 സ്പാനുകളും 40 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും പാലത്തിനുണ്ട്. ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിർമ്മാണം. പാലത്തിന്റെ ആകെ ഉയരം 5.5 മീറ്ററാണ്. വിവിധ ചർച്ചകൾക്ക് ശേഷം നിയമ വിധേയമായി പാലത്തിൽ ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാൽ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകൾ, മറ്റ് ഭാരമുള്ള വാഹനങ്ങൾ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേൽപ്പാപാലത്തിലൂടെ കടന്നുപോകാം.

പൈൽ ഫൗണ്ടേഷൻ നൽകി നിർമ്മിച്ചിരിക്കുന്ന ഫ്‌ളൈഓവറിന് 34 പിയർ, പിയർ ക്യാപ്പുകൾ എന്നിവ വീതവും 116 പ്രീസ്ട്രെസ്ഡ് ഗർഡറും നൽകിയിട്ടുണ്ട്. ഇതിന് മുകളിൽ ആർസിസി ഡെക്ക് സ്ലാബ് ആണുള്ളത്. ഇതിന് മുകളിൽ മസ്റ്റിക് അസ്ഫാൾട്ട് നൽകി ഉപരിതലം ബലപ്പെടുത്തിയ ശേഷം ബിറ്റുമിനസ് കോൺക്രീറ്റ് നൽകി ഉപരിതലം ഗതാഗത യോഗ്യമാക്കി. രണ്ട് അപ്രോച്ച് റോഡുകളും ബിഎംബിസി നിലവാരത്തിൽ ആവശ്യമായ ഫിനിഷിങ്ങും നൽകിയിട്ടുണ്ട്. ഫ്‌ളൈഓവറിന് ഇരുവശത്തും ഓട്ടോമാറ്റിക് ലൈറ്റിങ്ങും ട്രാഫിക് സേഫ്റ്റി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഫ്‌ളൈഓവറിന്റെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളും ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ച് ടൈൽ പാകി ഗതാഗതയോഗ്യമാക്കി.

ഫ്‌ളൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകൾ പുതുതായി നിർമ്മിച്ചിട്ടുണ്ട്. പൊന്നുരുന്നി ഭാഗത്തുനിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങൾക്കായി സർവീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ഫ്‌ളൈഓവറിന് താഴെ കടവന്ത്ര-തൃപ്പൂണിത്തുറ, ആലപ്പുഴ-തൃപ്പൂണിത്തുറ, ആലപ്പുഴ-വൈറ്റില ഹബ്ബ് എന്നീ ഭാഗത്തേക്കുമുള്ള വാഹനങ്ങൾ സിഗ്‌നൽ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

2018 മാർച്ച് 26നാണ് കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ 74.45 കോടി രൂപയ്ക്കാണ് മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനായിരുന്നു നിർമ്മാണച്ചുമതല. മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വില്ലിങ്ടൺ ഐലൻഡ് ഭാഗത്തുനിന്നു ബിപിസിഎല്ലിലേയ്ക്ക് ഭീമൻ മൾട്ടി ആക്സിൽ വാഹനങ്ങൾ പോകുന്നതിനുള്ള വഴി കൂടിയാണ് ഇത്. വിശദമായ പദ്ധതിരേഖ പ്രകാരം ആറുവരിപ്പാതയ്ക്ക് അനുയോജ്യമായ രീതിയിൽ 24.1 മീറ്റർ വീതിയിലാണ് മേൽപ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണ സമയത്തു തന്നെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഇരുവശത്തുമായി ഡൈവേർഷൻ റോഡുകളും, തൃപ്പൂണിത്തുറ, വില്ലിങ്ടൺ ഐലൻഡ് ഭാഗത്തുനിന്ന് അരൂർ ഭാഗത്തേക്ക് പോകാൻ മേൽപ്പാലത്തിന് ഇരുവശത്തും സ്ലിപ് റോഡുകളും നൽകിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളിൽ വൈദ്യുതി വിളക്കുകൾ, ഓട എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉള്ളതാണ്. മേൽപ്പാലത്തിന് താഴെയുള്ള റോഡിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് സിഗ്നൽ സ്ഥാപിക്കുന്നതിനും, കോൺക്രീറ്റ് പേവിങ് ടൈൽ വിരിച്ച് മോടി കൂട്ടുന്നതിനും വഴിവിളക്കുകൾ ക്രമീകരിച്ച് ജംക്ഷനിലെ വികസനവും എല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു.

കുണ്ടന്നൂർ മേൽപ്പാലത്തിന്റെ മധ്യഭാഗത്തുള്ള ഉയരം 5.50 മീറ്ററിൽ നിന്നും 6.50 മീറ്ററായി ഉയർത്തണമെന്ന ബിപിസിഎൽ അധികാരികളുടെ നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഐലൻഡ് ഭാഗത്തു നിന്നുള്ള 5.50 മീറ്ററിലധികം ഉയരം വരുന്ന ഭീമൻ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് ഉയരം കൂട്ടാൻ നിർദ്ദേശമുണ്ടായത്. അതിനായി നിലവിലെ ഡിസൈനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി 30 മീറ്റർ നീളമുള്ള ഒരു സ്പാൻ കൂടി അധികമായി നിർമ്മിച്ചു.

450 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നീളം 281 മീറ്ററാണ്. അപ്രോച്ച് റോഡുകൾ ഉൾപ്പെടെ നിലവിലെ പാലത്തിന്റെ ആകെ നീളം 731 മീറ്ററാണ്. ഇപ്പോൾ 30 മീറ്റർ നീളമുള്ള 15 സ്പാനുകളാണ് മേൽപ്പാലത്തിൽ ഉള്ളത്. പാലത്തിലെ ടാറിങ്ങും സ്ലിപ് റോഡുകളിലെയും സർവീസ് റോഡുകളിലെയും ബിസി വർക്കും പെയിന്റിങ് ജോലികളും പൂർത്തിയാക്കിയ ശേഷമാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.