കണ്ണൂർ: മക്കളുടെ മരണത്തിലെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം 'കുഞ്ഞുടുപ്പ്'. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ ശ്രദ്ധയാണ് ലഭിച്ചത്. അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ചിഹ്നവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കുഞ്ഞുടുപ്പ് ചിഹ്നം അനുവദിച്ച് തരണമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്.

'ഫ്രോക്ക്' ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാർ സമര സമിതി സംഘാടകൻ സി. ആർ നീലകണ്ഠൻ അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നത്.

പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ചോദിച്ചിട്ടുണ്ട്. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇടത് മുന്നണിക്ക് തുടർ ഭരണമായാലും ഭരണം മാറി വന്നാലും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നിലപാട്.

സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തി. തുടർന്നാണു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്താൻ കിട്ടുന്ന അവസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

'കാസർകോട് മുതൽ തൃശൂർ വരെയുള്ള യാത്രയ്ക്കിടെ ധർമ്മടം മണ്ഡലത്തിൽ പോയിരുന്നു. അവിടെ കുറേ അമ്മമാർ ഞങ്ങളെ സ്വീകരിച്ചു. അവർക്ക് ഞാനൊരു കത്തുകൊടുത്തു. സ്വന്തം മക്കൾക്ക് വേണ്ടി തല മുണ്ഡനം ചെയ്ത ഒരു അമ്മ നീതിക്ക് വേണ്ടി ഇതുവഴി വന്ന് പോയി എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തുന്നവരോട് പറയണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. അതിനു ശേഷം അവിടെ നിന്ന് നിരവധി അമ്മമാർ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന് പറഞ്ഞുകൂട എന്ന് അവർ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാൻ തീരുമാനിച്ചത്.' എന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.

കേരളത്തെ ഞെട്ടിച്ച വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം നടന്നിട്ട് നാല് വർഷം കഴിഞ്ഞു. 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസന്വേഷണത്തിൽ വീഴ്ച ആരോപിച്ച് പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം തുടരുകയാണ്. ഇതിനിടെയാണ് നീതി നിഷേധം ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന പ്രഖ്യാപനവും.