വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് സ്ഥിതിചെയ്യുന്ന, വാഷിങ്ടണിലെ കാപിറ്റോൾ ബിൽഡിംഗിൽ നിന്നും മൂന്ന് സെനറ്റ് ഓഫീസുകളിലേക്കുമൊരു ജനപ്രതിനിധി സഭ ഓഫീസിലേക്കുമുള്ള ഭൂഗർഭ പാതയാണ് കാപിറ്റോൾ സബ്വേ സിസ്റ്റം എന്നറിയപ്പെടുന്നത്. പൂർണ്ണമായും വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന മിനി ട്രെയിൻ ആണ് ഇതിന്റെ ജീവനാഢി. സെനറ്റർമാർക്കും കോൺഗ്രസ്സ് അംഗങ്ങൾക്കും കാപിറ്റോൾ ബിൽഡിംഗിലെ തങ്ങളുടെ ചേംബറിലെത്തി വോട്ടുചെയ്യുന്നതിനായി സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ദൗത്യം.

നിരവധി അമേരിക്കൻ പ്രസിഡണ്ടുമാരും സുപ്രീം കോടതി ജഡ്ജിമാരുമൊക്കെ ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്. വോട്ടു രേഖപ്പെടുത്തേണ്ട സമയങ്ങളിൽ സെനറ്റർമാരും കോൺഗ്രസ്സ് അംഗങ്ങളും ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ, വലിയ സ്വാധീനമുള്ള സിനിമാനടന്മാരും സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ഗതാഗത സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, പ്രബലരും പ്രമുഖരും മാത്രം ഉപയോഗിക്കുന്ന ഈ യാത്രാ സംവിധാനത്തെ കുറിച്ച് അമേരിക്കയിൽ പോലും സാധാരണക്കാരിൽ പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം.

കാപിറ്റോൾ സബ്വേ നിർമ്മാണ ചരിത്രം

റസ്സൽ സെനെറ്റ് ഓഫീസ് ബിൽഡിംഗിനെ കാപിറ്റോളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ പാത നിലവിൽ വന്നത് 1909-ൽ ആയിരുന്നു. പിന്നീട് 1960-ൽ ഡിർക്ക്സെൻ സെനെറ്റ് ഓഫീസ് ബിൽഡിംഗിനെ കാപിറ്റോൾ ബിൽഡിംഗുമായി ബന്ധിപ്പിക്കുന്ന മോണോ റെയിൽ പാത നിലവിൽ വന്നു. 1965-ലാണ് റേബേൺ ഹൗസ് ഓഫീസിനെ കാപിറ്റോളുമായി ബന്ധിപ്പിക്കുന്ന ഒരു ടു-കാർ സബ്വേ നിലവിൽ വന്നത്. 1982-ൽ ഡിർക്സെൻ മോണോ റെയിൽ പത ഹാർട്ട് സെനെറ്റ് ഓഫീസ് കെട്ടിടം വരെ നീട്ടുകയും ചെയ്തു. പിന്നീട് 1993-ൽ ഇവിടെ ഓട്ടോമാറ്റിക് ടെയിൻ കൊണ്ടുവരികയും ചെയ്തു.

ഇതിൽ ഹൗസ് ഓഫീസ് ഭാഗത്തുള്ള സംവിധാനത്തിൽ മേൽക്കൂരയില്ലാത്ത തുറന്ന കാർ പോലുള്ള മിനി ട്രെയിനാണ് റേബേൺ ഹൗസ് ഓഫീസ് കെട്ടിടത്തിൽ നിന്ന് കാപിറ്റോളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കുന്നത്. അതേസമയം സെനറ്റ് ഭാഗത്ത് രണ്ട് പ്രത്യേക യാത്രാ സംവിധാനങ്ങളാണ് ഉള്ളത്. ഇതിൽ റസ്സൽ സെനെറ്റ് ഓഫീസ് കെട്ടിടത്തിൽ നിന്നും കാപിറ്റോളിലേക്കുള്ള പാത ഹൗസ് ഭാഗത്ത് ഉള്ളതിനോട് സമാനമാണ്. മറ്റേത് തികച്ചും ആധുനികമായ, കമ്പ്യുട്ടർ നിയന്ത്രിത യാത്രാ സംവിധാനമാണ്. അടച്ചു മൂടിയ മൂന്ന് ചെറിയ ബോഗികളുള്ള ഒരു കൊച്ചു ട്രെയിൻ ആണ് ഇവിടെ ഉപയോഗിക്കുന്നത്.

പാർലമെന്റിൽ വോട്ടെടുപ്പ് നടക്കുന്ന സന്ദർഭങ്ങളിൽ അംഗങ്ങൾക്കും അവരുടെ ജീവനക്കാർക്കും മാത്രമായിരിക്കും ഇവിടെ പ്രവേശനം.. അല്ലാത്ത സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടെങ്കിലും ജീവനക്കാരുടെ അകമ്പടിയോടെമാത്രമേ യാത്രചെയ്യാൻ കഴിയൂ. അതിനാൽ തന്നെ പ്രായോഗികമായി പറഞ്ഞാൽ പൊതുജനങ്ങൾക്ക് ഈ യാത്രാ സംവിധാനം അപ്രാപ്യമാണെന്ന് തന്നെ പറയാം.

കാപിറ്റോൾ സബ്വേ വിശേഷങ്ങൾ

ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ യാത്രയ്ക്ക് സാധാരണയായി എടുക്കുക 90 സെക്കന്റുകൾ മാത്രമാണ്. എന്നാൽ, ഈ യാത്രയ്ക്കിടയിലും നിരവധി തന്ത്രപ്രധാനമായ രാഷ്ട്രീയ ചർച്ചകൾക്ക് ആരംഭം കുറിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നിരവധി ആരോപണങ്ങളും ഈ യാത്രയിൽ ജന്മമെടുത്ത് പിന്നീട് കത്തിപ്പടർന്ന് അമേരിക്കൻ രാഷ്ട്രീയത്തെ കുലുക്കിയിട്ടുണ്ട്. അതായത്, ഒരു സാധാരണ ട്രെയിനിൽ നമ്മൾ കയറിയാൽ, ഒന്ന് ഇരിപ്പുറപ്പിക്കുന്ന സമയത്തിനുള്ളിലാണ് രാഷ്ട്രീയ ചർച്ചകൾ ഇവിടെ പൊട്ടിമുളയ്ക്കുന്നതെന്ന് ചുരുക്കം.

കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്ന ഒരു ഇടമാണിത്. അതുകൊണ്ടുതന്നെ പല സെനറ്റർമാരും ഇതിലൂടെ കുടുംബസമേതം, പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കൊപ്പം സഞ്ചരിക്കാറുണ്ട്. അതിനുപുറമെ ഇത് നൽകുന്ന സ്വകാര്യതയും സംരക്ഷണവും പല പ്രസിഡണ്ട് പദമോഹികൾക്കും സാധാരണക്കാരെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. റൊണാൾഡ് റീഗൻ അത്തരത്തിലൊരു വ്യക്തിയായിരുന്നു.

ഒരു ഹോളിവുഡ് നടനായി മണിമാളികയിൽ കഴിഞ്ഞിരുന്ന റീഗന് സാധാരണക്കാരനെന്ന പ്രതിച്ഛായ ഉണ്ടാക്കാൻ സഹായിച്ച ചിത്രങ്ങൾ ഏറെയും കാപിറ്റോൾ സബ്വേയുടെ പശ്ചാത്തലത്തിൽ എടുത്തതാണ്. അതുപോലെ ഈ സൗകര്യം പരമാവധി ഉപയോഗിച്ച മറ്റൊരു പ്രധാന വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി. സെനറ്റർ മാത്രമായിരുന്ന കാലത്ത് ഒരിക്കൽ ജോൺ എഫ് കെന്നഡിക്ക് ഇതിനകത്തേക്ക് പ്രവേശനം നിഷേധിച്ച ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. ആളെ തിരിച്ചറിയാതെ, മറ്റൊരു സെനറ്ററുടെ മകനുവേണ്ടി വഴിമാറിക്കൊടുക്കാൻ വരെ ജെ എഫ് കെയോടെ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞുവത്രെ!

കൊലപാതക ശ്രമവും മറ്റുചില മുഹൂർത്തങ്ങളും

സെനറ്റ് അംഗങ്ങൾ തമ്മിലുള്ള രസകരങ്ങളായ പല വാക്കുതർക്കങ്ങൾക്കും വേദിയായിട്ടുള്ള ഈ സബ്വേയുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു കൊലപാതക ശ്രമം നടന്നത് 1947-ൽ ആയിരുന്നു. അന്ന് ഓഹിയോ സെനെറ്റർ ആയിരുന്ന ജോൺ ബ്രിക്കർ ആണ് വധശ്രമത്തിനിരയായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന ബ്രിക്കറിനെ മുൻ കാപിറ്റോൾ പൊലീസ് ഉദ്യോഗസ്ഥനായ വില്യം കൈസർ ആയിരുന്നു കൊല്ലാൻ ശ്രമിച്ചത്.

0.22 കാലിബർ പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ ജോൺ ബെർക്കറിനു നേരെ വെടിയുതിർക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ബെർക്കെർ രക്ഷപ്പെടാനായി അവിടെ കാത്തുനിന്ന സബ്വേ കാറിലേക്ക് ചാടിക്കയറുകയും ഡ്രൈവറുടെ പുറകിൽ ഒളിക്കുകയും ചെയ്തു. ബെർക്കറിനെ ലക്ഷ്യമാക്കി അക്രമി ഉതിർത്ത രണ്ടാമത്തെ വെടിയുണ്ട ഡ്രൈവർക്കാണ് ഏറ്റത്. അയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നല്ല ഭാഗ്യവും മോശം ഉന്നവും കൊണ്ട് പരാജയപ്പെട്ട കൊലപാതകം എന്നായിരുന്നു ന്യുയോർക്ക് ടൈംസ് അന്ന് ഇതിനെ കുറിച്ച് എഴുതിയിരുന്നത്.

വാഷിങ്ടൺ രാഷ്ട്രീയത്തിലെ തിരക്കുപിടിച്ച നിമിഷങ്ങളിൽ നിന്നും മോചനം തേടിയും നേതാക്കൾ ഇവിടെ എത്താറുണ്ട്. 1911 ജനുവരിയിൽ അത്തരത്തിൽ ഇവിടെ എത്തിയ അന്നത്തെ പ്രസിഡണ്ട് വില്യം ഹോവാർഡ് ഏറെ നേരം വൈറ്റ്ഹൗസിനെ മുൾമുനയിൽ നിർത്തിയിരുന്നു. ആരോടും പറയാതെ തിരക്കിൽ നിന്നൊഴിഞ്ഞ് അല്പനേരം ചെലവഴിക്കാൻ ഓഫീസിൽ നിന്നും മുങ്ങിയെത്തിയതായിരുന്നു ഹോവാർഡ്. ഓഫീസിൽ അദ്ദേഹത്തെ കാണാതായതോടെ വൈറ്റ്ഹൗസ് ജീവനക്കാർ പരിഭ്രാന്തിയിലായി.

വാർത്ത അതിവേഗം പരക്കുകയും വാഷിങ്ടൺ ടൈംസിൽ തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂറിനു ശേഷം അദ്ദേഹം ഓഫീസിൽ തിരികെയെത്തി. അപ്പോഴായിരുന്നു വൈറ്റ്ഹൗസിന് ശ്വാസം നേരെ വീണത്. അതുപോലെ, ഹോളിവുഡ് താരങ്ങളായിരുന്ന റിച്ചാർഡ് ഗേരെ, ചക്ക് നോറിസ്, ഡെൻസെൽ വാഷിങ്ടൺ, ആക്ഷേപഹാസ്യ കലാകാരനായ്ഹ ജോൺ സ്റ്റീവർട്ട് തുടങ്ങിയവരും ഇതിലൂടെ സഞ്ചരിച്ച് ചില അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകിയിട്ടുണ്ട്. അതുപോലെ 2017-ലെ ടോറി അവാർഡ് ജേതാവായ ലിൻ-മാനുവൽ മിറാൻഡ തന്റെ പ്രശസ്തമായ ഹാമിൽട്ടൺ എന്ന ആൽബത്തിന്റെ പ്രചരണത്തിനായി ഇതുവഴി പാതിരാത്രികളിൽ സഞ്ചരിച്ച് വീഡിയോകൾ ട്വിറ്ററിൽ പോസ്റ്റു ചെയ്യുമായിരുന്നു.

കാലം മാറിയതോടെ കഥയും മാറുവാൻ തുടങ്ങി. ജീവിതശൈലി രോഗങ്ങൾ വ്യാപകമാകുവാൻ തുടങ്ങിയതോടെ പലരും കൂടുതൽ നടക്കുവാൻ ആരംഭിച്ചു. അതോടെ പല സെനറ്റർമാരും ജനപ്രതിനിധികളും ഈ സബ്വേ ഇപ്പോൾ ഉപയോഗിക്കാതെയായി. എന്നിരുന്നാലും രാഷ്ട്രീയത്തിൽ ഏതുനിമിഷവും അടിയന്തരഘട്ടങ്ങൾ ഉണ്ടാകുമെന്നതിനാൽ ഇപ്പോഴും ഈ സബ്വേസജീവമാകാറുണ്ട്.ആർക്കിടെക്ട് ഓഫ് കാപിറ്റോൾ എന്ന സ്ഥാപനത്തിനാണ് ഇതിന്റെ പരിപാലന ചുമതലയുള്ളത്.