- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിൽനിന്നു കേരളം ഏറ്റെടുക്കും; 'സന്തോഷവാർത്ത' മുഖ്യമന്ത്രി അറിയിച്ചത് കൽപറ്റയിൽ വയനാട് പാക്കേജ് പ്രഖ്യാപനച്ചടങ്ങിൽ; വൻ വികസന പദ്ധതി സ്വപ്നം കണ്ട് മലയോര ജില്ല; ദേശീയ സംസ്ഥാന പാതകളുടെ സമീപ്യം അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ
കൽപറ്റ: വയനാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് പ്രതീക്ഷയേകുന്ന ബീനാച്ചി എസ്റ്റേറ്റ് മധ്യപ്രദേശ് സർക്കാരിൽനിന്നു ഏറ്റെടുക്കാനൊരുങ്ങി കേരളം. എസ്റ്റേറ്റ് കേരളത്തിനു കൈമാറാൻ മധ്യപ്രദേശ് സർക്കാർ തയാറാണെന്ന വിവരം കൽപറ്റയിൽ വയനാട് പാക്കേജ് പ്രഖ്യാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. മധ്യപ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയെയാണ് വിവരം അറിയിച്ചത്.
പാക്കേജ് പ്രഖ്യാപനത്തിനിടെയാണ് ഇതു സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വേദിയിൽ മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു. പ്രസംഗം ഇടയ്ക്കു നിർത്തിയ പിണറായി, ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് സദസ്സിനോട് തീരുമാനം വെളിപ്പെടുത്തിയത്.
മധ്യപ്രദേശ് സർക്കാരിന്റെ കീഴിലുള്ള പ്രോവിഡന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലാണു 224.31 ഹെക്ടർ വിസ്തൃതിയുള്ള ബീനാച്ചി എസ്റ്റേറ്റ്. ഒരുവശത്ത് ദേശീയപാതയും മറുവശത്ത് സംസ്ഥാന പാതയുമുള്ള എസ്റ്റേറ്റ് വികസന പ്രവൃത്തികൾക്ക് ഏറെ അനുയോജ്യമാണ്.
ബീനാച്ചി എസ്റ്റേറ്റിലെ 64.95 ഏക്കർ ഭൂമി പലപ്പോഴായി കൈയേറിപ്പോയി. എസ്റ്റേറ്റ് ഏറ്റെടുക്കുകയെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കുറെക്കാലം ഭൂമിയിലെ തർക്കം കോടതി കയറിയും ഏറ്റെടുക്കൽ നടപടികൾ നീണ്ടുപോയി. ഇതിൽ കുറച്ചു ഭൂമി ഭൂരഹിതരായ ആദിവാസികൾക്കു കൈമാറാൻ പദ്ധതിയുണ്ടായിരുന്നു. അന്നു 166 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിരുന്നത്. എസ്റ്റേറ്റിന്റെ ദേശീയപാതയോടു ചേർന്നുള്ള ഭാഗത്തു സർക്കാർ സ്ഥാപനങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്.
വയനാട്ടിൽ പല വികസനപദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമ്പോൾ ആദ്യം പരിഗണിച്ചിരുന്ന ഭൂമികളിലൊന്നാണു ബീനാച്ചി എസ്റ്റേറ്റ്. വയനാട് മെഡിക്കൽ കോളജ്, ബത്തേരി ഗവ.കോളജ്, സുവോളജിക്കൽ പാർക്ക് തുടങ്ങിയവയുടെ പ്രഖ്യാപനം വന്നപ്പോൾ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാവുന്നതാണെന്ന് അഭിപ്രായമുയർന്നു. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങൾ ഏറെയായതിനാൽ സർക്കാരുകൾ ഇതു പരിഗണിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ