- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിട്ടും വെൽഫയർപാർട്ടി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു; കൊടിയത്തൂർ വെൽഫയർ പാർട്ടി പിന്തുണയോടെ പഞ്ചായത്തിൽ 13 സീറ്റുകൾ നേടി യുഡിഎഫ്; കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രം; വിജയത്തിൽ നിർണ്ണായകമായത് വെൽഫയർപാർട്ടി വോട്ടുകൾ; മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി മത്സരിച്ച അഞ്ചിടങ്ങളിലും വിജയം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ യുഡിഎഫിന്റെ പ്രകടനം വിലയിരുത്തുമ്പോൾ മനസ്സിലാകുക വെൽഫയർപാരപാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് ഗുണകരമായെന്നാണ്. സംസ്ഥാനത്തു തന്നെ വെൽഫയർപാർട്ടി യുഡിഎഫ് മുന്നണിയുടെ ഭാഗമായി ഏറ്റവും അധികം സീറ്റുകളിലേക്ക് മത്സരിച്ച മുക്കം നഗരസഭയിലും തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിലും വെൽഫയർപാർട്ടി യുഡിഎഫ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളിലെല്ലാം വിജയിച്ചിരിക്കുന്നു.
കൊടിയത്തൂർ പഞ്ചായത്തിൽ വെൽഫയർപാർട്ടി പിന്തുണയോടെ 13 സീറ്റുകൾ യുഡിഎഫ് നേടി വലിയ അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 14 സീറ്റുകളിൽ വിജയിച്ചിരുന്ന എൽഡിഎഫിനാകട്ടെ ഇത്തവണ ലഭിച്ചത് രണ്ട് സീറ്റുകൾ മാത്രമാണ്. കഴിഞ്ഞ തവണ കൊടിയത്തൂരിൽ വെൽഫയർപാർട്ടി എൽഡിഎഫിനൊപ്പമായിരുന്നു എന്നതും കൂടി കൂട്ടിവായിക്കുമ്പോൾ ഇത്തവ കൊടിയത്തൂരില യുഡിഎഫിന്റെ വിജയത്തിനു പിന്നിലെ ശക്തി വെൽഫയർപാർട്ടി ജമാഅത്തെ ഇസ്ലാമി വോട്ടുകളാണെന്ന് മനസ്സിലാകും.
കൊടിയത്തൂർ പഞ്ചായത്ത് 1ാം വാർഡിൽ നിന്നും വെൽഫയർപാർട്ടി യുഡിഎഫ് സഖ്യസ്ഥാനാർത്ഥിയായി മത്സരിച്ച ടികെ അബൂബക്കർ മാസ്റ്ററും, 14ാം വാർഡിൽ മത്സരിച്ച കെജി സീനത്തുമാണ് വിജയിച്ചത്. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാനും വെൽഫയർപാർട്ടി പിന്തുണയോടെ ഇവിടെ യുഡിഎഫിനായി. ജമാഅത്തെ ഇസ്ലാമിയുടെ ശ്കതി കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട കൊടിയത്തൂരിലെ യുഡിഎഫിന്റെ വിജയത്തിന്റെ ക്രഡിറ്റ് തീർച്ചയായും വെൽഫയർപാർട്ടിക്ക് അർഹതപ്പെട്ടതാണ്.
സംസ്ഥാനത്തു തന്നെ യുഡിഎഫ് വെൽഫയർപാർട്ടി സംഖ്യമായി ഏറ്റവും അധികം സ്ഥാനാർത്ഥികൾ മത്സരിച്ച മുനിസിപ്പാലിറ്റിയാണ് മുക്കം മുനിസിപ്പാലിറ്റി. അഞ്ചിടങ്ങളിലാണ് മുക്കം മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ ഭാഗമായി വെൽഫയർപാർട്ടി മത്സരിച്ചിരുന്നത്. ഈ അഞ്ചിടങ്ങളിലും വെൽഫയർപാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നു. വെൽഫയർപാർട്ടി സ്ഥാനാർത്ഥികളായ സാറ കൂടാരം ഡിവിഷൻ 18, ഫാത്തിമ കൊടപ്പന ഡിവിഷൻ 19, ഗഫൂർ മാസ്റ്റർ ഡിവിഷൻ 20, റംല ഗഫൂർ ഡിവിഷൻ 21, മധു മാസ്റ്റർ ഡിവിഷൻ 22 എന്നിവരാണ് മുക്കം മുനിസിപ്പാലിറ്റിയിലേക്ക് വിജയിച്ചത്.
മുക്കം മുനിസിപ്പാലിറ്റിയിൽ വെൽഫയർപാർട്ടി സാന്നിദ്ധ്യം തന്നെയാണ് യുഡിഎഫിന് കരുത്തായത്. യുഡിഎഫിന് ആകെ ലഭിച്ച 15 സീറ്റുകളിൽ 5 എണ്ണം വെൽഫയർപാർട്ടിയുടേതാണ്. ഇവിടെ യുഡിഎഫും എൽഡിഎഫിനും ഒപ്പത്തിനൊപ്പമാണ്. ഇരു കൂട്ടർക്കും 15 വീതം സീറ്റുകളാണ് ലഭിച്ചത്. അതു കൊണ്ട് തന്നെ മുനിസിപ്പാലിറ്റിയിൽ വെൽഫയർപാർട്ടി പിന്തുണ ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് പരാജയപ്പെട്ടേനെ. ഇവിടെ ബിജെപിക്ക് ഒരു സീറ്റും യുഡിഎഫ് വിമതന് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. വിമതന്റെ തീരുമാനപ്രകാരമായിരിക്കും ഭരണസമിതി രൂപീകരിക്കുന്നതിൽ നിർണ്ണായകമാകുക.
മുസ്ലിം ലീഗിനെയും കോൺഗ്രസിലെ ഒരു വിഭാഗത്തെയും പിണക്കിക്കൊണ്ട് വെൽഫയർപാർട്ടിയുമായി ചേർന്ന് മത്സരിക്കാനുള്ള തീരുമാനം ഫലത്തിൽ യുഡിഎഫിന് ഗുണം ചെയ്തിരിക്കുന്നു എന്നു വേണം വിലയിരുത്താൻ. ഇന്നലെയും വെൽഫയർപാർട്ടി സഖ്യത്തെ എതിർത്തതിന്റെ പേരിൽ മൂന്ന് നേതാക്കളെ മുക്കത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് യുഡിഎഫിൽ നിർണ്ണായക ശക്തിയായി വെൽഫയർപാർട്ടി മുക്കം നഗരസഭയിൽ മാറിയിരിക്കുന്നത്.