- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാവി പ്രധാനമന്ത്രിയായി മോദിയുടെ മനസ്സിലാര്? പ്രധാനമന്ത്രി തോളിൽ കയ്യിട്ട ഫോട്ടോ പങ്കുവെച്ച് യോഗി ആദിത്യനാഥ്; ഒപ്പം പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു എന്ന ഹിന്ദി കവിതയും; എക്കാലത്തെയും വിശ്വസ്തനായ അമിത്ഷായെ മോദി കൈവിടുമോ?
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ സാധ്യതകൾ കൂടുതലാണ്. അടുത്ത തവണയും മോദി തന്നെ അധികാരത്തിൽ എത്തുമെന്ന് കരുതുന്നവർ ഏറെയാണ്. ഇനി മറിച്ചൊരു തീരുമാനം കൈക്കൊള്ളാൻ മോദി തയ്യാറായാൽ അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ പിൻഗാമിയായി കണ്ടുവെച്ചിരിക്കുന്നത് ആരെയാകും? അത് എക്കാലത്തെയും തന്റെ വിശ്വസ്തനായ അമിത് ഷാ തന്നെയാകുമോ? അതോ സംഘപരിവാർ ഇടങ്ങൾ മുറവിളി കൂട്ടുന്നതു പോലെ യോഗി ആദിത്യനാഥ് ആകുമോ? ഈ ചോദ്യം പരിവാർ കേന്ദ്രങ്ങളിൽ തന്നെ ഇപ്പോൽ സജീവ ചർച്ചയായി കഴിഞ്ഞു.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച് യോഗിയെ മുഖ്യമന്ത്രി ആക്കേണ്ട ദൗത്യം ഏറ്റെടുത്തിരിക്കുന്നത് അമിത്ഷാ തന്നെയാണ്. ഇതിന് കാരണം അടുത്ത തവണ തനിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ഭീഷണിയായി യോഗി വരരുത് എന്നതു തന്നെയാണ്. അതേസമയം ഇപ്പോൾ യുപിയിൽ കേന്ദ്രീകരിക്കുന്ന യോഗി ഭാവിയിൽ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കേന്ദ്രീകരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം യോഗി പങ്കുവെച്ച ചിത്രം സൈബർ ഇടത്തിലെല്ലാം സജീവമായ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഗൗരവസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ 'ഭാവി പ്രധാനമന്ത്രി' ആരെന്ന വിധത്തിലുള്ള ചർച്ചകൾക്കും തുടക്കമായി. ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗിയുടെ തോളിൽ കയ്യിട്ടു സംസാരത്തിലേർപ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവച്ചത്. 'പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു' എന്നർഥമുള്ള ഹിന്ദി കവിതയും ഫോട്ടോകൾക്കൊപ്പം യോഗി പങ്കുവച്ചു.
യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചർച്ചകളും വിമർശനവും സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിക്ക് ജനപിന്തുണ നഷ്ടമായതുകൊണ്ടുള്ള നീക്കമാണിതെന്നു സമാജ്വാദി പാർട്ടിയും കോൺഗ്രസും പ്രതികരിച്ചു. അതേസമയം അടുത്തകാലത്തായ ഗുജറാത്തിൽ അടക്കം മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടുള്ള നീക്കത്തിൽ മോദിയുടെ വാക്കുകളാണ് വിജയിച്ചത്.
പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ശീതസമരം നടക്കുന്നുണ്ടെന്ന് കരുതുന്നവരുണ്ട്. 7 മുഖ്യമന്ത്രിമാർ ഒരു വർഷം പോലും തികച്ചു ഭരിക്കാത്ത ചരിത്രമുള്ള സംസ്ഥാനത്ത് പഴയ മോഡൽ തിരിച്ചുവരുന്നു എന്നും പറയാം. തിരഞ്ഞെടുപ്പിനു മുൻപു മുഖ്യമന്ത്രിയെ മാറ്റുകയെന്നതാണ് ഗുജറാത്തിലെ രീതി. തിരഞ്ഞെടുപ്പിന് 16 മാസം ബാക്കിയുള്ളപ്പോഴാണ് 2016 ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേലിനെ 75 വയസ്സായെന്ന കാരണം പറഞ്ഞു മാറ്റുന്നത്. ശരിക്കും അന്ന് ആനന്ദിബെന്നിന് 75 തികയാൻ 3 മാസത്തിലേറെ ബാക്കിയുണ്ടായിരുന്നു. പകരം നിതിൻ പട്ടേൽ മുഖ്യമന്ത്രിയാവട്ടെയെന്നു മോദി താൽപര്യപ്പെട്ടു. വിജയ് രുപാണി മതിയെന്നതു അമിത് ഷായുടെ താൽപര്യമായിരുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം കുറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയായി രുപാണി തന്നെ തുടർന്നു. പക്ഷേ, സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണച്ചരടു ഡൽഹിയിലായിരുന്നു. മതപരിവർത്തന നിരോധനം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനസർക്കാരിന്റെ ഊർജിത നിയമനിർമ്മാണ നടപടികളുമുണ്ടായി.
മോദിയുടെ വിശ്വസ്തനായ സി.ആർ.പാട്ടീൽ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് കഴിഞ്ഞ വർഷം ജുലൈയിലാണ്. ലോക്സഭാംഗമായ പാട്ടീലിനാണു വർഷങ്ങളായി മോദിയുടെ വാരാണസി മണ്ഡലത്തിന്റെ മേൽനോട്ടച്ചുമതല. മഹാരാഷ്ട്രയിലെ ജൽഗാവിൽ ജനിച്ച പാട്ടീൽ, ഗുജറാത്തിൽ പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ കാര്യമായ അഴിച്ചുപണി നടത്തി. ഷാ വിചാരിക്കും പോലെ അവിടെ കാര്യങ്ങൾ നടക്കാത്ത സ്ഥിതിയായി; രുപാണിയുടെ ശബ്ദം താഴ്ന്നു. കഴിഞ്ഞയാഴ്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്തതു ഷായല്ല, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് എന്നതിൽതന്നെ കാര്യങ്ങൾ വ്യക്തം.
ഗുജറാത്ത് വിഷയങ്ങളിൽ അടക്കം നേരത്തെ രൂപം കൊണ്ട ഷാ-മോദി ഭിന്നത വളർന്നാൽ അവിടെയാണ് യോഗിക്ക് അവരസരം ഒരുങ്ങുക. ഇതൊക്കെ മുന്നിൽ കണ്ടുള്ള നീക്കങ്ങൾ പരിവാർ ക്യാമ്പുകളിലുണ്ട്.
മറുനാടന് ഡെസ്ക്