- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനകത്ത് അധികാരം ഉറപ്പിച്ച് താലിബാൻ നേതാക്കൾ; രക്തച്ചൊരിച്ചിൽ ഇല്ലാതെ സുഗമമായി അധികാര കൈമാറ്റം; എട്ടു വർഷം ഗ്വാണ്ടനാമോ തടവറയിൽ അമേരിക്കൻ തടവുകാരനായി കഴിഞ്ഞയാൾ ഇനി അഫ്ഗാന്റെ ഭരണം ഏറ്റെടുത്തേക്കും; കാബൂളിൽ സംഭവിച്ചത് ഇങ്ങനെ
കാബൂൾ: രാജ്യത്തിന്റെ പ്രസിഡണ്ട് നാടുവിട്ടതോടെ വിജയാഹ്ലാദത്തിലാണ് താലിബാൻസൈന്യം. അഫ്ഗാൻ ഒരു ഇസ്ലാമിക രാജ്യമായി തുടരും എന്ന് പ്രഖ്യാപിച്ചുകൊണ്ട് താലിബാൻ കമാൻഡർ രംഗത്തെത്തി. ഭീകരരെ പാർപ്പിക്കുവാനായി 2002 ൽ ജോർജ്ജ് ഡബ്ല്യൂ ബുഷ് ആരംഭിച്ച ക്യുബയ്ക്കടുത്തുള്ള ഗ്വാണ്ടനാമോ ജലിയിൽ താൻ എട്ടുവർഷം തടവു ശിക്ഷ അനുഭവിച്ചതായും അയാൾ പറഞ്ഞു. വിയറ്റ്നാം യുദ്ധത്തിന് അന്ത്യം കുറിച്ച സൈഗോൺ കീഴടക്കലിന്റെ ഓർമ്മകളുണർത്തിക്കൊണ്ട് താലിബാൻ ഇന്നലെ തലസ്ഥാന നഗരത്തിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കിക്കൊണ്ടുള്ള ഒരു അധികാരക്കൈമാറ്റം ആവശ്യപ്പെട്ടുകൊണ്ട് അവർ പ്രസിഡണ്ടിന്റെ കൊട്ടാരത്തിലുമെത്തി.
അൽ-ജസീറാ ന്യുസ് ചാനലിലൂടെ ലൈവായിട്ടായിരുന്നു ഈ നേതാവിന്റെ പ്രസ്താവന എത്തിയത്. പ്രസിഡണ്ടിന്റെ ഓഫീസിൽ തടിച്ചുകൂടിയ ഒരുപറ്റം താലിബാനികളുടെ സാന്നിദ്ധ്യത്തിലായിരുന്നു നേതാവ് തന്റെ ഗ്വാണ്ടനോമയിലെ തടവിന്റെ കാര്യം വെളിപ്പെടുത്തിയത്. 2002-ൽ തീവ്രവാദികളെ വിചാരണയില്ലാതെ തടവിൽ സൂക്ഷിക്കുവാനായി ജോർജ്ജ് ഡബ്ല്യൂ ബുഷായിരുന്നു ഈ തടവറ ആരംഭിച്ചത്. ഇവിടെ തീവ്രവാദികൾ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് ഈ തടവറ അനിശ്ചിതമായി തുടരാൻ 2018-ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും അനുമതി നൽകുകയുണ്ടായി.
യുദ്ധം അവസാനിച്ചിരിക്കുന്നു എന്നാണ് അൽജസീറടി വിയിലൂടെ താലിബാനികൾ പ്രഖ്യാപിച്ചത്. ഇനിയുള്ള ഭരണക്രമത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്മാർക്കും വിദേശ എംബസികൾക്കും സുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ താലിബാൻ, രാജ്യത്തിന്റെ ഭാവി ഭരണക്രമത്തെ കുറിച്ച് രാജ്യത്തെ പ്രമുഖരുമായി കൂടിക്കാഴ്ച്ചകൾക്കും ചർച്ചകൾക്കും തയ്യാറാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
തങ്ങളുടെ പരാജയപ്പെട്ട ദൗത്യം വിദേശ ശക്തികൾ വീണ്ടും അഫ്ഗാൻ മണ്ണിൽ പരീക്ഷിക്കുവാൻ തയ്യാറാവുകയില്ല എന്ന് പ്രത്യാശ പ്രകടിപ്പിച്ച താലിബാൻ വക്താവ്, മുന്നോട്ടുള്ള ഓരോ അടിയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആയിരിക്കുമെന്നുംഉറപ്പു പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ അകറ്റുവാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞ വക്താവ് ആത്യന്തികമായ സമാധാനമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
തത്വത്തിൽ അധികാരം താലിബാന് കൈമാറിക്കൊണ്ട് പ്രസിഡണ്ട് അഷറഫ് ഘാനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടതോടെ കടുത്ത ഇസ്ലാമിക ഭരണത്തിൽ നിന്നും രക്ഷനേടാൻ ധാരാളം അഫ്ഗാൻ പൗരന്മാരാണ് പാക്കിസ്ഥാൻ അതിർത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു വൻ രക്തച്ചൊരിച്ചിൽ ഒഴിവാക്കുവാനാണ് താൻ രാജ്യം വിട്ടതെന്ന് പറഞ്ഞ പ്രസിഡന്റ്, അതില്ലായിരുന്നെങ്കിൽ കാബൂൾ മൊത്തത്തിൽ നശിപ്പിക്കപ്പെടുമായിരുന്നു എന്നും പറഞ്ഞു.
അതേസമയം കാബൂളിലുള്ള വിദേശികളോട് രാജ്യം വിട്ടുപോകാനോ അല്ലാത്തപക്ഷം താലിബാൻ ഭരണകൂടത്തിൽ റെജിസ്ട്രേഷൻ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം ആറായിരത്തോളം വരുന്ന ബ്രിട്ടീഷ് പൗരന്മാരെ രക്ഷിക്കുവാൻ റോയൽ എയർഫോഴ്സ് വിമാനങ്ങൾ എത്തിക്കഴിഞ്ഞു. ബ്രിട്ടീഷ് അംബാസിഡർ സുരക്ഷിതനാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അതുപോലെ അമേരിക്കയും, ഫ്രാൻസും, ജർമ്മനിയും അടങ്ങുന്ന പാശ്ചാത്യ ശക്തികൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുവാനുള്ള സത്വര നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇറ്റലിയുടെ എംബസി ഒഴിപ്പിക്കുന്നതിനായി ഇന്നലെ ഇറ്റലിയിൽ നിന്നുള്ള ആദ്യ സൈനിക വിമാനം കാബൂളിലെത്തി. ഡെന്മാർക്ക്, നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളും കാബൂളിലെ തങ്ങളുടെ എംബസികളുടെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അതേസമയം ഫിൻലാൻഡ് എംബസിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന നൂറ്റി എഴുപതോളം വരുന്ന അഫ്ഗാൻ പൗരന്മാർക്കും കുടുംബാംഗങ്ങൾക്കും അഭയം നൽകുമെന്നും ഫിൻലാൻഡ് അറിയിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുവാനായി വിമാനം അയയ്ക്കുന്നില്ലെന്ന് റഷ്യ അറിയിച്ചു. റഷ്യ, പാക്കിസ്ഥാൻ, ടർക്കി എന്നീ രാജ്യങ്ങൾ മതതീവ്രവാദികളുടെ ഭരണകൂടത്തിന് പരോക്ഷ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. അതിനിടെ ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് അഫ്ഗാൻ സൈന്യത്തെ ശക്തിപ്പെടുത്താൻ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും ചേർന്ന് നിർമ്മിച്ച ബാഗ്രാം എയർ ബേസും അഫ്ഗാൻ സൈന്യം താലിബാനു മുന്നിൽ അടിയറവ് വച്ചു. ഇവിടെ തടവിലായിരുന്ന നിരവധി ഇസ്ലാമിക തീവ്രവാദികളെ വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിൽ വെടിവയ്പ് നടന്നെന്ന സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവന്നതോടെ വാണിജ്യ വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. പകരം സൈനിക വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഒഴിപ്പിക്കൽ പ്രക്രിയയിൽ പങ്കെടുക്കുന്നത്. ഇന്നലെ രാത്രിയോടെ കാബൂൾ ഏതാണ്ട് താലിബാന്റെ അധീനതയിൽ വന്നുചേര്ന്നു. സമ്പന്നർ താമസിക്കുന്ന കോളനികളിൽ പലയിടങ്ങളിലും കൊള്ളകൾ നടന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.
മറുനാടന് ഡെസ്ക്