- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയോട് ചെയ്തതുകൊടിയ അനീതി; ഒരു അവാർഡുമില്ലാതെ 'മുന്നറിയിപ്പിനെ' തമസ്ക്കരിച്ചത് എന്തുകൊണ്ട്? 'ഹൗ ഓൾഡ് ആർ യു'പോലെയുള്ള പീറ പടങ്ങളെയാണോ ജൂറി പ്രോത്സാഹിപ്പിക്കേണ്ടത്; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം വിമർശിക്കപ്പെടുന്നു
കഴിഞ്ഞ കാൽനൂറ്റാണ്ടായി, ഒരു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചാലുടൻ ഒരു വിവാദം ഉറപ്പാണ്. അവാർഡ് കിട്ടാത്തതിലെ കൊതിക്കെറുവും, ചരടുവലികളിൽ പുറത്തായതിന്റെ പ്രതിഷേധവുമൊക്കെയായി കുറച്ചുകാലം അതങ്ങനെ കൊഴുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നോക്കുക. എടുത്തുപറയത്തക്ക പ്രതിഷേധമോ, എതിർപ്പോ ഒന്നും ഉണ്ടായ
കഴിഞ്ഞ കാൽനൂറ്റാണ്ടായി, ഒരു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചാലുടൻ ഒരു വിവാദം ഉറപ്പാണ്. അവാർഡ് കിട്ടാത്തതിലെ കൊതിക്കെറുവും, ചരടുവലികളിൽ പുറത്തായതിന്റെ പ്രതിഷേധവുമൊക്കെയായി കുറച്ചുകാലം അതങ്ങനെ കൊഴുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നോക്കുക. എടുത്തുപറയത്തക്ക പ്രതിഷേധമോ, എതിർപ്പോ ഒന്നും ഉണ്ടായില്ല. കുറ്റം പറയരുതല്ലോ, മുൻ വർഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ഇത്തവണ അവാർഡിൽ ഭൂരിഭാഗവും വന്നുചേർന്നത് അത് അർഹിക്കുന്ന കൈകളിൽ തന്നെയാണെന്നതിൽ, ജൂറി ചെയർമാൻ ഭാരതീരാജയ്ക്കും അഭിമാനിക്കാവുന്നതാണ്. പ്രത്യേകിച്ചും മറാഠി ചിത്രമായ 'കോർട്ട്' മികച്ച ചിത്രമായതൊക്കെ കൃത്യമായ വിലയിരുത്തൽ തന്നെയാണ്. ഭരണകൂട ഭീകരതക്കുള്ള ശക്തമായ താക്കീതായ ഈ ചിത്രം, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ കൈയടികളോടെയാണ് പ്രദർശിപ്പിച്ചത്. (ഐ.ടിആക്ടിലെ കരിനിയമമായ 66എ വകുപ്പ് സുപ്രീംകോടതി എടുത്തുമാറ്റിയ അന്നുതന്നെയാണ് ഈ സിനിമക്ക് അവാർഡ് കിട്ടുന്നതെന്നും ഓർക്കണം). അതുപോലെ തന്നെ കന്നഡ ചിത്രമായ 'നാനു അവനല്ല അവളു', ഹിന്ദിചിത്രങ്ങളായ 'ക്വീൻ', 'മേരീകോം', 'ഹൈദർ' തമിഴ് ചിത്രമായ 'ജിഗർതണ്ട' തുടങ്ങിയ അവാർഡ് കിട്ടിയ ചിത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാണ്.
നിലവാരത്തകർച്ചയുടെ നെല്ലിപ്പലകയിൽ എത്തിനിൽക്കുന്ന മലയാള സിനിമയ്ക്ക് മുൻകാലങ്ങളെപ്പോലെ തിളങ്ങാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ലെങ്കിലും ഒരു മികച്ച സിനിമയെയും നടനെയും തഴഞ്ഞതിന് ഈ ജൂറി മറുപടി പറയേണ്ടതുണ്ട്. അത്രയ്ക്ക് ഹൃദ്യമായിരുന്നു വേണുവിന്റെ 'മുന്നറിയിപ്പ്' എന്ന സിനിമയും, നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ അഭിനയവും!
മമ്മൂട്ടി തന്നെയല്ലേ, പോയവർഷത്തെ മികച്ച നടൻ?
ഒരിക്കൽ മമ്മൂട്ടിതന്നെ പറഞ്ഞ കാര്യമാണ്. ഈയിടെയായി ഒരോ അവാർഡ് കമ്മറ്റിയും ശ്രദ്ധിക്കുന്നത് തനിക്ക് എങ്ങനെ അവാർഡ് തരാം എന്നല്ല, എങ്ങനെ ഒഴിവാക്കാം എന്നാണെന്ന്. മൂന്നുതവണ ദേശീയ പുരസ്‌ക്കാരം കിട്ടിയത്, നാലാമതൊന്ന് കിട്ടുന്നതിനുള്ള അയോഗ്യതയാണെന്ന രീതിയിലാണ് ചിലരുടെ പ്രതികരണം. ഇത്തവണയും അതുപോലൊന്ന് വർക്കൗട്ടായെന്ന് സംശയിക്കണം. കാരണം അവാർഡിന്റെ തുടക്കം മുതൽ പറഞ്ഞുകേട്ട പേരാണ് മമ്മൂട്ടിയുടേത്. പിന്നെ അവസാനദിനം എന്താണ് സംഭവിച്ചത്.
സ്പോർട്സ് പോലെ ടേപ്പ് വച്ച് അളന്ന് വിജയിയെ നിശ്ചയിക്കാൻ കഴിയുന്നതല്ലല്ലോ കല. വ്യത്യസ്ത അഭിരുചിയുള്ളവർക്ക് മികച്ച ചിത്രങ്ങളുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഇത് സ്വാഭാവികം മാത്രം.
പക്ഷേ അവാഡ് കിട്ടിയ പ്രമുഖ ചിത്രങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ, മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നത്. ഇതിനർഥം ഇപ്പോൾ മികച്ചു നടനുള്ള അവാർഡ് കിട്ടിയ കന്നട നടൻ സഞ്ചാരി വിജയ് മോശമാണെന്നല്ല. ഒരു മൂന്നാംലിംഗക്കാരനായി മികച്ച കൈയടക്കത്തോടെയാണ് വിജയ് ആ വേഷം ചെയ്തത്. ചാന്തുപൊട്ടിൽ കോമാളി മോഡൽ വേഷമൊരുക്കി, മൂന്നാംലിംഗക്കാരെ അപമാനിച്ച നമ്മുടെ ദിലീപൊക്കെ, ഡീവിഡിയെടുത്ത് പഠിക്കേണ്ടതാണ് സഞ്ചാരി വിജയിന്റെ പ്രകടനം. (മലയാളത്തിൽ മനോജ് കെ ജയന്റെയും, തിലകന്റെയും ഹിജഡവേഷങ്ങളാണ് ഇതോട് കിടപിടിക്കുന്നത്). സഞ്ചാരിയെന്ന ട്രൂപ്പിലുടെ വന്ന ഈ നടൻ തീയേറ്റർ അനുഭവങ്ങളിലൂടെ ഊതിക്കാച്ചപ്പെട്ടവനാണ്.[BLURB#2-VL]പക്ഷേ ഈ സിനിമയിൽ വിജയിന് മേക്കപ്പിന്റെയും മെയ്ക്ക് ഓവറിന്റെയും ആനുകൂല്യമുണ്ട്. മമ്മൂട്ടിക്ക് അതില്ല. 'മുന്നറിയിപ്പിലെ' സി.കെ രാഘവൻ അതീവ സങ്കീർണതകൾ ഉള്ളിലൊളുപ്പിച്ച ഒരു 'ഭീകരനാണ്'. ഒരു ചിരി പാളിയാൽ ആകെ പോവുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ, അസാധാരണ പ്രതിഭ വേണം. അത് എത്ര ഗംഭീരമായാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ലോക സിനിമയിൽതന്നെ ഈ കഥാപാത്രം മമ്മൂട്ടിയേക്കാൾ നന്നായി അവതരിപ്പിക്കാൻ കഴിയുന്നവർ വിരളമായിരക്കുമെന്ന് പ്രമുഖ നിരൂപകർ, ഈ സിനിമ ഇറങ്ങിയപ്പോൾ എഴുതിയത് ഓർക്കുന്നു. നിരവധി വിദേശ ഫിലിം ഫെസ്റ്റ്‌വലുകളിലും 'മുന്നറിയിപ്പ്' ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യ മുതൽ ടൈംസ് നൗ വരെയുള്ളവർ ഈ ചിത്രത്തിന്റെ വേൾഡ് ക്ലാസിനെ പ്രകീർത്തിക്കുകയുണ്ടായി.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ, സർഗാത്മകമായ ഒരു ജൂറിയായിരുന്നു അതെങ്കിൽ സ്വാഭാവികമായും തർക്കം ഉണ്ടാവില്ലേ? അങ്ങനെയാണെങ്കിൽ, മുൻകാലങ്ങളിൽ ചെയ്യാറുള്ളപോലെ രണ്ടുപേർക്കും ചേർന്ന് അവാർഡ് കൊടുക്കയായിരുന്നു വേണ്ടിയിരുന്നത്. ഇനി അതല്ലെങ്കിൽ മമ്മൂട്ടിക്ക് സ്‌പെഷ്യൽ ജൂറി അവാർഡെങ്കിലും കൊടുക്കാമായിരുന്നു. പക്ഷേ ഇവിടെ നടനെ മാത്രമല്ല, സിനിമയെ മൊത്തമായിത്തന്നെ ഒരു പരാമർശംപോലും ഇല്ലാത്ത രീതിയിൽ കൊന്നുകളഞ്ഞു! ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രമാകേണ്ട, 'മുന്നറിയിപ്പിന്' മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡ്‌പോലും കിട്ടിയില്ല. (മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കിട്ടിയ സിദ്ധാർഥ ശിവയുടെ 'ഐൻ' ഭൂരിഭാഗം ആസ്വാദകരെപ്പോലെ ഈ ലേഖകനും കണ്ടിട്ടില്ല.) ജൂറി അംഗങ്ങളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴേക്കും ഭാരതീരാജ ഇടപെടുകയായിരുന്നെന്നാണ് വിവരം. [BLURB#1-H] ഇത്ര ഭീകരമായി അവഗണിക്കപ്പെടേണ്ട സിനിമയാണോ 'മുന്നറിയിപ്പ്'. സ്വാതന്ത്ര്യം, തടവറ, മരണം എന്നിവയിലൊക്കെ പുതിയ വിവക്ഷകൾ കണ്ടത്തെുന്ന ചിത്രം, തീയേറ്റർ വിട്ടുപോയാലും നമ്മെ വേട്ടയാടും. ഈ പടം കണ്ടുകഴിഞ്ഞിട്ട് ഓരോ സീനായി മനസ്സിൽ ഫ്‌ലാഷ്ബാക്ക് അടിച്ചുനോക്കുമ്പോഴാണ് രാഘവൻ എന്ന കഥാപാത്രത്തെ പൂർണസ്ഥായിൽ മനസ്സിലാക്കാൻ കഴിയുക. ഇങ്ങനെയൊരു മാനസിക വ്യായാമം ആവശ്യപ്പെടുന്ന ഒരു ഇന്ത്യൻ സിനിമ നാം കണ്ടിട്ട് എത്രകാലമായി. മലയാളത്തിലെ ഡയലോഗുകൾ മാറ്റിയാൽ, ഇതൊരു ലാറ്റിനമേരിക്കൻ ചിത്രമോ, യൂറോപ്യൻ ചിത്രമായോ ആയാണ് തോന്നുക. ഇതേപ്രമേയം കിം കി ഡുക്കാണ് എടുത്തിരുന്നെങ്കിൽ നമ്മൾ മലയാളികൾ കൊണ്ടാടുമായിരുന്നു. (ഇതും ബൗദ്ധിക അടിമത്തത്തിന്റെ മറ്റൊരു തലം). പാവം വേണു, ഈ നാട്ടുകാരനായിപ്പോയി. മുറ്റത്തെ മുല്ലയ്ക്ക് എക്കാലത്തും മണമില്ലല്ലോ. മാത്രമല്ല, അങ്ങേയറ്റം മാന്യരായതുകൊണ്ട് എന്റെ സിനിമയെ അവഗണിച്ചുവെന്ന് പറഞ്ഞ് ജൂറിക്കെതിരെ ഇവരാരും തിരിയുകയില്ല എന്നതും അവഗണിച്ചവർക്ക് രക്ഷയാണ്.
അന്തജൂറി വേറെ, ഇന്തജൂറിവേറെ!
ഇനി, ഒരു മികച്ച സംവിധായകനാണെങ്കിലും ഒരു ജൂറി ചെയർമാൻ എന്ന നിലയിൽ അത്രയ്ക്ക് നല്ല ട്രാക്ക് റെക്കോർഡ് ഉള്ളയാളല്ല ഭാരതീരാജ. കഴിഞ്ഞ തവണത്തെ കേരള സംസ്ഥാന അവാർഡിന് ഇദ്ദേഹം ചെയർമാനായ സമിതി, മുഴുവൻ ചിത്രങ്ങളും കണ്ടിട്ടുപോലുമില്ലെന്ന ഗുരുതര ആരോപണമാണ് നേരിട്ടത്. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ സുരാജിനെ കേവലം ഹാസ്യനടനാക്കി അപമാനിച്ച്, 'അന്തജൂറി വേറെ ഇന്തജൂറിവേറെയെന്ന്' പറഞ്ഞ് ഭാരതീരാജ തടിയെടുത്തതൊന്നും മലയാളികൾ മറന്നിരിക്കില്ല. ഇതിനൊക്കെുള്ള കണക്ക് ഇത്തവണ ഭാരതീരാജ തീർത്തുവെന്നാണ് അനൗദ്യോഗിക വിവരം. ജയരാജിന്റെ 'ഒറ്റാലിന്' അവാർഡ് കൊടുക്കുന്ന കാര്യം വന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കയായിരുന്നത്രേ. ഒടുവിൽ ഒരു കോംപ്രമൈസ് എന്ന നിലയിലാണ് മികച്ച പരിസ്ഥിതിചിത്രത്തിനുള്ള അവാർഡ് ഇതിന് നൽകിയത്.
ഇത്തവണ ദക്ഷിണ്യേന്ത്യയിൽ നിന്നുള്ള മറ്റൊരു ജൂറി അംഗം തമിഴ് സംവിധായൻ ഭാഗ്യരാജാണ്. 'വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന' സിനിമയിലെ അഭിനയത്തിന് ദിലീപിന് സംസ്ഥാന അവാർഡ് കൊടുത്ത മഹാനാണ് ഇദ്ദേഹം. (ഓർക്കാപ്പുറത്ത് തലക്ക് അടികിട്ടിയപോലെ താൻ സ്തംഭിച്ചുപോയന്നായിരുന്നു ഈ അവാർഡിനെ കുറിച്ചുള്ള ദിലീപിന്റെ തന്നെ ആദ്യപ്രതികരണം.) പിന്നെ ഒരു നിരൂപകന്റെ പേരാണ് മലയാളത്തിൽനിന്ന് ജൂറി ലിസ്റ്റിൽ കാണുന്നത്. ഈ സിനിമയെ ഒന്ന് പ്രമോട്ടുചെയ്യാൻ അയാളും ശ്രമിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ കുറയുന്ന കാലത്താണെല്ലോ, മലയാള സിനിമക്ക് എറ്റവും കൂടുതൽ അവാർഡ് കിട്ടാറുള്ളത്.
ജൂറിയെന്നത് എന്തോ ഒരു വിശുദ്ധമായ, വിമർശനത്തിന് അതീതമായ സാധനമല്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇതു പറഞ്ഞത്. അവർ എടുത്ത മൊത്തം തീരുമാനങ്ങളും ശരിയല്ലെന്നും അഭിപ്രായമില്ല. 'മുന്നറിയിപ്പിനെ'കൂടി അംഗീകരിച്ചിരുന്നെങ്കിൽ ഈ ജൂറിയുടെ തിളക്കം എത്രയോ വർധിച്ചേനെ.
'ഹൗ ഓൾഡ് ആർ യു' പോലുള്ളവയാണോ മികച്ച ചിത്രങ്ങൾ?
ദേശീയ അവാർഡിന്റെ മുന്നോടിയായി ഉണ്ടായ ഈ വിവാദംതന്നെ നമ്മുടെ ചലച്ചിത്ര സംസ്‌ക്കാരം എത്ര പിറകോട്ടടിക്കയാണെന്ന് തെളിയിക്കുന്നു. 'ഹൗ ഓൾഡ് ആർ യു'എന്ന ഒരു ശരാശരി കച്ചവട സിനിമ ജൂറി കാണമെന്നായിരുന്നു ഇവിടെ കലാപം. ഒരു പത്രം നടത്തിയ കാമ്പയിനിൽപെട്ട് ദേശീയ ജൂറി ഈ സിനിമയെക്കുറിച്ച് കാര്യമായി അന്വേഷിച്ചുവത്രേ. സംസ്ഥാന ജൂറി കേന്ദ്രത്തിലേക്ക് അയക്കാതിരുന്ന ഈ സിനിമയാണത്രേ മഹത്തായ സിനിമ! ബോറടിയില്ലാതെ കണ്ടിരിക്കാവുന്നതുകൊണ്ടും, മഞ്ജുവാരിയരുടെ തിരച്ചുവരവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടു എന്നല്ലാതെ എന്ത് കലാപരമായ മേന്മയാണ് ആ സിനിമയിൽ കാണാനാവുക. കന്നഡയും ഹിന്ദിയും മറാട്ടിയുമൊക്കെ നല്ല ചിത്രങ്ങളുമായി മുന്നേറുമ്പോൾ നമുക്ക് നല്ല ചിത്രം ഏതാണെന്ന് തിരിച്ചറിയാൻപോലും കഴിയുന്നില്ല! കലികാലം എന്നല്ലാതെ എന്തു പറയാൻ.
വാൽക്കഷ്ണം: ഒരാളുടെ വീഴ്ച കാണാൺവേണ്ടി മാത്രം കെണിയൊരുക്കി കാത്തിരിക്കുന്ന ഒരു സമൂഹമാവുകയാണോ നാം. മാദ്ധ്യമപ്രവർത്തകൻ നികേഷ്‌കുമാറിനെ അറസ്റ്റ്‌ചെയ്ത് വിട്ടതൊക്കെ ആഘോഷിച്ച നവമാദ്ധ്യമങ്ങളിൽ പോലും മമ്മൂട്ടിയോടും, 'മുന്നറിയിപ്പിനോടും' ചെയ്ത് അനീതി ചർച്ചയാവുന്നില്ലല്ലോ?