- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ്മാതല്ല ജവാൻ റമ്മിന് ഇത്രയും ക്ഷാമം; പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റർ സ്പിരിറ്റ് കാണാനില്ല: എക്സൈസ് എൻഫോഴ്സമെന്റിന്റെ ചടുല നീക്കത്തിൽ കണ്ടെത്തിയത് വമ്പൻ സ്പിരിറ്റ് ചോർച്ച
തിരുവല്ല: നമ്മുടെ നാട്ടിലെ ബിവറേജിൽ എപ്പോൾ ചെന്നാലും ജവാൻ റമ്മിന് ക്ഷമമാണ്. സ്റ്റോക്കില്ല എന്ന ബോർഡാണ് പതിവായി കാണുക. ഇപ്പോഴാണ് അതിന് കാരണം പിടികിട്ടിയിരിക്കുന്നത്. ജവാൻ നിർമ്മിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടു വന്ന മൂന്നു ടാങ്കർ സ്പിരിറ്റിൽ 20,000 ലിറ്റർ കാണാനില്ല. ലോഡുമായി വന്ന ഡ്രൈവർമാരും ട്രാവൻകൂർ ഷുഗേഴ്സിലെ ജീവനക്കാരനും എക്സൈസ് എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ. സ്പിരിറ്റ് കുറഞ്ഞ ടാങ്കർ ലോറികളിൽ നിന്ന് 9.50 ലക്ഷം കണ്ടെടുത്തു. ഇത് ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺകുമാറിന് കൊടുക്കാൻ കൊണ്ടുവന്നതാണെന്ന് ഡ്രൈവർമാർ മൊഴി നൽകി.
മധ്യപ്രദേശിൽ നിന്നുമാണ് സ്പിരിറ്റ് കൊണ്ടു വന്നത്. കേരളാ അതിർത്തിയിൽ വാളയാർ ചെക്ക് പോസ്റ്റ് കടന്ന് ലോറികൾ പുറപ്പെട്ടതിന് പിന്നാലെ കൂടിയതാണ് എക്സൈസ് സംഘം. ഇന്നു പുലർച്ചെ പുളിക്കീഴ് ഷുഗർ ഫാക്ടറിയുടെ ഗേറ്റ് കടന്ന് ലോറികൾ അകത്തു കടന്നതിന് പിന്നാലെയാണ് പരിശോധന തുടങ്ങിയത്. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് വരുന്ന ടാങ്കർ ലോറികളിൽ സ്പിരിറ്റ് കുറയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു ടാങ്കറിൽ നിന്നും ആറു ലക്ഷവും മറ്റൊന്നിൽ നിന്നും 3.5 ലക്ഷവും കണ്ടെത്തതി. ഇത് അരുൺകുമാറിന് നൽകാൻ കൊണ്ടുവന്നതാണെന്നാണ് ടാങ്കർ ഡ്രൈവർമാർ എക്സൈസ് സംഘത്തിന് മൊഴി നൽകിയത്.
മധ്യപ്രദേശിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാർ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നൽകിയിരുന്നു. ഈ കമ്പനിയുടെ കരാർ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്. 40,000 ലിറ്ററിന്റെ രണ്ടും 35,000 ലിറ്ററിന്റെ ഒന്നും ടാങ്കറുകളിൽ ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജിൽ ടാങ്കർ ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗൽ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തിൽ വാഹനങ്ങൾ എത്തുംമുമ്പേ സ്പിരിറ്റ് ചോർത്തി വിറ്റുവെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്