തിരുവനന്തപുരം: കാട്ടുപന്നിയെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ വെടിവെച്ചു കൊല്ലുന്നത് അത്രയ്ക്ക് എളുപ്പമാകില്ല. കർഷകരെ സംബന്ധിച്ചിടത്തോളം ഇതിലെ നടപടികൾ വളരെ വെല്ലുവിളി ഉയർത്തുന്നതാണ്. വെടിവെക്കാൻ അനുമതി തേടുന്നത് മുതലുള്ള നിബന്ധനകളാണ് കർഷകർക്ക് വെല്ലുവിളിയാകുന്നത്.

തോക്ക് ഉപയോഗിക്കാൻ അനുമതിയുള്ള പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്കുടമകൾക്കും തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. ഇനി മുതൽ കാട്ടു പന്നിയെ വെടി വയ്ക്കുന്നതിന് വനം വകുപ്പ് റേഞ്ച്, ഡിവിഷനൽ ഓഫിസർമാരുടെ അനുമതി വേണമെന്നില്ല. കാട്ടുപന്നിയെ വെടി വയ്ക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണമെന്ന് നിർദേശമുണ്ട്.

വെടിവച്ച് കൊന്ന കാട്ടുപന്നിയുടെ ജഡം സംസ്‌കരിക്കുന്നതിന് മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥൻ മഹസർ തയാറാക്കണം. കാട്ടുപന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണമെന്ന മുൻ നിർദേശത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

അതേസമയം തദ്ദേശ സ്ഥാപന മേധാവികൾക്ക് അധികാരം നൽകിയത് ദുരുപയോഗം ചെയ്യാതിരിക്കാൻ അധികൃതരുടെ കൃത്യമായ നിരീക്ഷണമുണ്ടാകും. വനം വകുപ്പ് കൂടാതെ പൊലീസിന്റെയും സ്‌പെഷൽ ബ്രാഞ്ചിന്റെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നാണ് സൂചന. വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ ജഡം ഭക്ഷണത്തിന് ഉപയോഗിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥരും അനുമതി നൽകിയ തദ്ദേശ സ്ഥാപന മേധാവിയും നടപടി നേരിടേണ്ടി വരുമെന്നാണു വിവരം.

കഴിഞ്ഞ ദിവസമാണ് ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. തോക്ക് ലൈസൻസുള്ള വിദഗ്ധരെ നിയോഗിക്കണം. ഗവർണർ അംഗീകരിക്കുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.

നിയമഭേദഗതി അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്‌സൻ, കോർപറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ്ലൈഫ് വാർഡന്മാരായി സർക്കാരിനു നിയമിക്കാം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ്ലൈഫ് വാർഡനു നിയമിക്കാം.

അതേസമയം, അധികാരം വനാതിർത്തിയോടു ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന ചില മന്ത്രിമാരുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. വെടിവയ്ക്കുന്നതിന് ഉത്തരവിടാൻ ഇപ്പോൾ ഫോറസ്റ്റ് ചീഫ് വൈൽഡ്ലൈഫ് വാർഡനാണ് അധികാരം. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വൈൽഡ്ലൈഫ് വാർഡനും ഉത്തരവിടാം. എന്നാൽ, വിഷം, സ്‌ഫോടകവസ്തു, വൈദ്യുതി ഷോക്ക് എന്നീ മാർഗങ്ങളിലൂടെ പന്നിയെ കൊല്ലാൻ പാടില്ല.

100 ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. പന്നികളെ കൊല്ലുമ്പോൾ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗിക്കാം.

കാട്ടുപന്നികളെ കുരുക്കിട്ടു കൊല്ലാനുള്ള നിർദ്ദേശം മന്ത്രിസഭ ഒഴിവാക്കി. ഈ രീതി പാടില്ലെന്നു കേന്ദ്ര നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണു കാരണം.