പത്തനംതിട്ട: വായിലേറ്റ മുറിവു മൂലം തീറ്റയെടുക്കാൻ കഴിയാതിരുന്നതാണ് കുരുമ്പന്മൂഴി പൊനച്ചി ഭാഗത്ത് കാട്ടാന ചരിയാൻ കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജനവാസ മേഖലയോടു ചേർന്ന് സാമൂഹിക വിരുദ്ധർ കാട്ടുപന്നിയെ പിടിക്കാൻ വച്ച പടക്കം കടിച്ചതു മൂലമുണ്ടായതാകാം മുറിവെന്നാണ് നിഗമനം.

ഒരു വർഷമായി ഈ ആന ജനവാസ മേഖലകളിലെ നിത്യ സന്ദർശകനായിരുന്നു. കാടിറങ്ങുന്ന ആന കിലോമീറ്ററുകളോളം ദൂരത്തിൽ എത്തി നാട്ടിൽ കൃഷി നശിപ്പിച്ചിരുന്നു. ആന സ്ഥിരമായി ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ എത്തി നാശം വിതയ്ക്കുന്നതിൽ വനം വകുപ്പിനെതിരെ ജനരോഷവും ശക്തമായിരുന്നു.

ഒരാഴ്ച മുമ്പും കുരുമ്പന്മൂഴി, ഇടത്തിക്കാവ് മേഖലകളിൽ ആന എത്തിയിരുന്നു. അന്ന് കാടിറങ്ങിയ ആന വീടിന്റെ മതിലും തെങ്ങും മറിച്ചിട്ട ശേഷം വളർത്തുമൃഗങ്ങളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പനംകുടന്ത പൊനച്ചി ഭാഗത്ത് ചരിവുള്ളിടത്ത് ഉരുണ്ടു വന്ന രീതിയിൽ ആനയുടെ ജഡം കണ്ടെത്തിയത്.

ചൊവ്വാഴ്ച വനം വകുപ്പിന്റെ കോന്നി സ്‌ക്വാഡിലെ സർജൻ ഡോ. ശ്യാംചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയാണ് ആനയെ അതേ സ്ഥലത്ത് സംസ്‌ക്കരിച്ചത്. രണ്ടാഴ്ചയിലേറെയായി ആന തീറ്റയെടുത്തിട്ടില്ലെന്നാണ് നിഗമനം. മുറിവിന്റെ രീതിയും പഴക്കവും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തി. അസ്വാഭാവിക രീതിയിൽ ആന ചരിഞ്ഞതിന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ ജഡം ഇന്നലെയാണ് പൂർണ്ണമായും കത്തിയമർന്നത്. വിശദമായ അന്വേഷണം ആരംഭിച്ചില്ലെന്നും റിപ്പോർട്ട് കോടതിക്കു കൈമാറിയതായും കണമല സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷാജിമോൻ പറഞ്ഞു.