പത്തനംതിട്ട: കാട്ടുകടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തണ്ണിത്തോട് മേടപ്പാറ ചേന്നാംപാറ വീട്ടിൽ ദിവാകരന്റെ മകൻ ഡി. അഭിലാഷാ(38)ണ് മരിച്ചത്. പ്ലാന്റേഷൻ കോർപറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ അഭിലാഷ് ബി ഡിവിഷനിൽ ടാപ്പിങ് ജോലി ചെയ്യുമ്പോൾ ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ്കാട്ടുകടന്നൽ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളായ ലത, സുനിൽകുമാർ, പ്രിയ, സജികുമാർ എന്നിവർക്കും കുത്തേറ്റിട്ടുണ്ട്.

ചായ കുടിക്കാനായി തോട്ടത്തിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിയ ഇവരെ കടന്നലുകൾ (മന കുളവികൾ) കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കൂട്ടിൽ പരുന്തുകൊത്തിയതിനെ തുടർന്നാണ് കടന്നലുകൾ പരാക്രമം കാട്ടിയത്. മറ്റ്തൊഴിലാളികൾ രക്ഷപ്പെട്ട് ഓടിയെങ്കിലും ഏറ്റവും പിന്നിലായി ഓടിയ അഭിലാഷ് കുത്തേറ്റ് നിലത്ത് വീണു.

ഓടി രക്ഷപെട്ടവർ ഒപ്പം അഭിലാഷിനെ കാണാതെ വന്നതോടെ സംഭവ സ്ഥലത്തു വീണ്ടുമെത്തി. അപ്പോഴാണ് അഭിലാഷ് നിലത്തു അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമീക ചികിത്സ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് തൊഴിലാളികൾ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ 10 വർഷമായി തോട്ടത്തിലെ ഫീൽഡ് ജോലികൾ ചെയ്തിരുന്ന അഭിലാഷിനെ രണ്ടാഴച മുൻപാണ് ടാപ്പിങ് ജോലിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: അനിത.