ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് ഊർജ്ജം പകരാൻ ഒമ്പത് വയസുകാരിയും. പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കാങ്കുജമാണ് കർഷകർക്ക് ഐക്യദാർഢ്യവുമായി സമരഭൂമിയിൽ എത്തിയത്. സിംഘു അതിർത്തിയിലെ സമര വേദിയിലാണ് ലിസിപ്രിയ എത്തിയത്. മണിപ്പൂർ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച് ശ്രദ്ധേയായ കുട്ടിയാണ്. കഴിഞ്ഞ വർഷം പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയും ലിസിപ്രിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള കാലാവസ്ഥാ പരിസ്ഥിതിപ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇര കർഷകരാണ്. വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ കൃഷി നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവർഷം ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. നേതാക്കൾ കർഷകരുടെ ശബ്ദം കേൾക്കണം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോട് അഭ്യർത്ഥിച്ചു.

' എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ല.' കർഷകസമരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ലിസിപ്രിയ കുറിച്ചു. കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ പറയുന്നു.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്നുറച്ചാണ് കർഷകർ സമരം ചെയ്യുന്നത്. സമരത്തിന്റെ ഭാ​ഗമായുള്ള രണ്ടാം ഘട്ട ഘട്ട ഡൽഹി ചലോ മാർച്ച് രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് ആരംഭിച്ചു. ഇന്നലെ മുതൽ രാജസ്ഥാനിൽ നിന്ന് കർഷകർ വലിയതോതിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. രാജസ്ഥാൻ, ഹരിയാണ എന്നിവടങ്ങളിൽ നിന്നുള്ള കർഷകരുടെ തലസ്ഥാനത്തേക്കുള്ള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുന്നത്.

ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി -ജയ്പൂർ ഡൽഹി-ആഗ്ര ദേശീയപാതകൾ കർഷകർ ഉപരോധിക്കും. തുടർന്ന് തിങ്കളാഴ്ച സിംഘു അതിർത്തിയിൽ കർഷകസംഘടനാ നേതാക്കൾ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷകർ ദേശീയപാതകൾ പിടിച്ചടക്കുന്നത് തടയുന്നതിനായി നാലായിരത്തോളം പൊലീസിനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്. ഹരിയാന അതിർത്തി വരെ രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെയാണ് മാർച്ച്. രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ് ഡി എം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഹരിയാന പൊലീസിനെ കൂടാതെ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. മാർച്ച് തടയാൻ റോഡിൽ ഭീമൻ കോൺക്രീറ്റ് ഭീമുകളും തയ്യാറാക്കിയിരിക്കുകയാണ്.

സിംഘു അതിർത്തിയിലേക്ക് ശനിയാഴ്ച ഓരോ പത്തുമിനിട്ടിലും നിരവധി കർഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിനൊപ്പം വിള പരിപാലനവും നടത്തേണ്ടതിനാൽ നേരത്തേ സമരത്തിൽ പങ്കെടുത്തവർ നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ പ്രതിനീധീകരിച്ച് മറ്റൊരുസംഘം അതേ ഗ്രാമത്തിൽ നിന്ന് അതിർത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ഒരാൾ മടങ്ങുമ്പോൾ അതിന് പകരം പത്തുപേർ എന്ന തോതിലാണ് കർഷകർ സമരത്തിനായെത്തുന്നത്. അതേസമയം, കർഷകസമരം തീർക്കാൻ നാളെ ചർച്ചയാവാമെന്ന് കേന്ദ്രകൃഷിമന്ത്രി വീണ്ടും സൂചന നല്കി . ബില്ലുകൾ പിൻവലിക്കുന്ന കാര്യം ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയ കർഷകർ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകർക്കിടയിൽ ഭീകരരുണ്ടെന്ന ബിജെപിയുടെ ആഭ്യൂഹത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് മറുപടി നൽകി കർഷക പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുന്നത് സർക്കാരിനും തലവേദന സൃഷ്ടിക്കുകയാണ്. സമരം തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ സ്വരം കടുപ്പിച്ചു അഖിലേന്ത്യ കർഷക സമര ഏകോപന സമിതിയും രംഗത്തെത്തി. പ്രക്ഷോഭത്തിൽ രാജ്യദ്രോഹികൾ ഉണ്ടെങ്കിൽ സർക്കാറിന് പിടികൂടാമല്ലോയെന്നാണ് കർഷകരുടെ വാദം.രാജ്യവിരുദ്ധ ശക്തികളാണു സമരത്തിനു പിന്നിലെങ്കിൽ അവരെ സർക്കാരിനു പിടികൂടാമല്ലോയെന്നും ഇന്റലിജൻസ് സംവിധാനമുണ്ടല്ലോയെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.ഖലിസ്ഥാൻ വാദികളെന്ന് ആരോപിച്ച് ആക്ഷേപിക്കാനാണു സർക്കാർ ശ്രമമെന്നു ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ കുറ്റപ്പെടുത്തി. എതിർസ്വരമയുർത്തുന്നവരെ ദേശവിരുദ്ധരാക്കുന്നതു ദൗർഭാഗ്യകരമാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർ മാപ്പു പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് സമരത്തെ സാമൂഹികവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകിയത്. ഇതു സംബന്ധിച്ചു കേന്ദ്രമന്ത്രിമാരടക്കം നടത്തിയ പ്രസ്താവനകളും വിവാദത്തിലായിരുന്നു.ഇതിനു പിന്നാലെയാണ് കർഷകർ സമരത്തിന്റെ രീതികൾ മാറ്റാൻ ആലോചിക്കുന്നത്.