- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസവ ശേഷം അമിതരക്തസ്രാവം; രണ്ട് കുപ്പി ഒ പോസിറ്റീവ് ബ്ലഡിനായി നെട്ടോട്ടം; രക്തം നൽകാൻ പിതാവ് തയ്യാറായപ്പോൾ ഐ.എം.എ സർട്ടിഫിക്കേഷൻ ഉള്ള രക്തം വേണമെന്ന് പിടിവാശി; ഒടുവിൽ യുവതി മരിച്ചപ്പോൾ കൈയൊഴിയൽ; സ്പെഷ്യാലിറ്റി എന്ന് മേനി നടിച്ച ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് എതിരെ പരാതി
കൊല്ലം: പ്രസവത്തിന് ശേഷം അമിത രക്ത സ്രാവത്തെ തുടർന്ന് യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. കൊറ്റമ്പള്ളി കന്നേലി കുഴിവേലിൽ (പത്മാലയത്തിൽ) സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥമൂലം മരണത്തിന് കീഴടങ്ങിയത്. പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവം മൂലം രക്തം നഷ്ടപ്പെട്ടപ്പോൾ പകരം നൽകാൻ രക്തം സൂക്ഷിച്ചില്ല എന്ന ഗുരുതര കുറ്റമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന 'ഒ പോസിറ്റീവ്' രക്തം കിട്ടാതെയാണ് പൊന്നു മരിച്ചത്. പ്രസവ സമയത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ രക്തം ഇല്ലായിരുന്നു എന്നതാണ് ഏറെ വിചിത്രം.
യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 4.22നാണു പെൺകുഞ്ഞിനു ജന്മം നൽകിയത്. അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.45നു മരിച്ചു. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഓച്ചിറയിലെ ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം പ്രതിരോധിക്കാൻ രക്തം നൽകുകയോ ഡോക്ടറുടെ സേവനമുള്ള ആംബുലൻസ് സൗകര്യം ഒരുക്കുകയോ ചെയ്തില്ല എന്നാണു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
ക്ലാപ്പന വരവിള ആലുംമൂട്ടിൽ സുരേഷ് ബാബു, ശ്രീദേവി ദമ്പതികളുടെ ഏക മകളാണു പൊന്നു. 8 വയസ്സുള്ള ആത്മജയാണു പൊന്നുവിന്റെ മറ്റൊരു മകൾ. വർഷങ്ങളായി ഇവർ ഭർത്താവിനൊപ്പം ദുബായിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണു നാട്ടിലെത്തിയത്. ഈ മാസം ഒന്നിനായിരുന്നു പരബ്രഹ്മ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഗിരിജയുടെ നിർദ്ദേശ പ്രകാരം പ്രസവത്തിനായി അഡ്മിറ്റാകുന്നത്. ശനിയാഴ്ച പ്രസവ വേദന ഉണ്ടാകുകയും പിന്നീട് സുഖപ്രസവം നടക്കുകയുമായിരുന്നു. ഈസമയം കുഞ്ഞിനെ എൻ.ഐ.സി.യുവിലേക്ക് മാറ്റണമെന്നും അതിനുള്ള സൗകര്യമില്ലാത്തതിനാൽ കരുനാഗപ്പള്ളിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് അമിതമായ രക്തസ്രാവമുണ്ടെന്നും രണ്ടു കുപ്പി രക്തം വേണമെന്നും ആശുപത്രി അധികൃതർ പറയുന്നത്.
രക്തം നൽകാൻ പിതാവ് തയ്യാറായപ്പോൾ ഐ.എം.എയുടെ സർട്ടിഫിക്കേഷനുള്ള രക്തം വേണമെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ രണ്ടു സാമ്പിളുകൾ പിതാവ് സുരേഷ് കുമാറിന്റെ കൈവശം കൊടുത്ത് മാവേലിക്കര വി എസ്.എം ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. എന്നാൽ അവിടെ എത്തിയപ്പോൾ ഒരു സാമ്പിളിൽ വിശദാംശങ്ങൾ ഇല്ലാത്തതിനാൽ രക്തം നൽകാൻ താമസമെടുത്തു. ഇതിനിടയിൽ യുവതിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിക്കുകയായിരുന്നു.
ഈ സമയം ലേബർ റൂമിൽ ഉണ്ടായിരുന്ന മാതാവ് ശ്രീദേവി, മകളെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഡോക്ടർ ഗിരിജ യുവതിയെ ആശുപത്രിയിൽ നിന്നും കൊല്ലം മെഡിസിറ്റിയിലേക്ക് റെഫർ ചെയ്തത്. 4.22 ന് പ്രസവം കഴിഞ്ഞ് 3 മണിക്കൂറുകളോളം വൈകിയാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഡോക്ടർ അനുവദിച്ചത്.
യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു ആംബുലൻസലായിരുന്നു അവിടേക്ക് കൊണ്ടു പോയത്. കൊല്ലത്ത് എത്തുന്നതിന് മുൻപ് തന്നെ യുവതിയുടെ നില വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ രേഖകൾ ഇല്ലാതിരുന്നതിനാൽ അവിടെ ചികിത്സ വൈകി. യുവതിയെ ആശുപത്രിയിലെത്തിച്ച് 20 മിനിട്ടോളം കഴിഞ്ഞാണ് ഡോ.രേഖകളുമായി ആശുപത്രിയിലെത്തിയത്. ഇതോടെ ചികിത്സ വൈകിയതിനെതുടർന്ന് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടർ ഗിരിജയുടെ ഗുരുതരമായ അനാസ്ഥമൂലമാണ് ദാരുണ മരണം നടന്നതെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയിൽ പരബ്രഹ്മ ആശുപത്രിയിൽ നിന്നു യുവതിയുടെ ചികിത്സാ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സൗകര്യമില്ലെന്നും അപ്രതീക്ഷിതമായ അമിത രക്തസ്രാവം നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചശേഷമാണു യുവതിയെ വിദഗ്ധ ചികിത്സയ്ക്കു മെഡിക്കൽ കോളജിലേക്കു മാറ്റിയതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സ്പെഷ്യാലിറ്റി ആൻഡ് റിസർച്ച് സെന്റർ എന്ന പേരിലാണ് ആശുപത്രി നടത്തുന്നത്. ഇവിടെയാണ് ബ്ലഡ് ബാങ്കും ഐ.സി.യു സൗകര്യവും ഇല്ലാ എന്നുള്ളത് ഏറെ വിചിത്രമായിരിക്കുന്നത്.
ദുബായിലെ ഓച്ചിറ സ്വദേശികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ സജീവ പ്രവർത്തകരായിരുന്നു സന്തോഷും പൊന്നുവും. ഭാര്യയുടെ മരണത്തെത്തുടർന്നു സന്തോഷ് ശനിയാഴ്ച നാട്ടിലെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബന്ധുക്കൾ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.