- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ചതിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ആക്രമിച്ചതുകൊല്ലാനുറച്ച്; മാരകമായി കുത്തിമുറിവേൽപ്പിച്ച ശേഷം കനാലിൽ തള്ളിയ യുവതിയെ ആശുപത്രിയിൽ എത്തിക്കാതെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാരും
മീററ്റ്: മാരകമായി മുറിവേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ. ഒടുവിൽ പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ നിലയിൽ യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് 20 വയസിന് മുകളിൽ പ്രായംതോന്നിക്കുന്ന യുവതിയെ കനാലിൽ കണ്ടെത്തിയത്. മുഖവും കഴുത്തും കുത്തിക്കീറിയനിലയിൽ ചോരയൊലിച്ചാണ് യുവതി കിടന്നിരുന്നത്. യുവതിടെ കണ്ടതോടെ തടിച്ചു കൂടിയ നാട്ടുകാർക്ക് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനെക്കാൾ താത്പര്യം യുവതിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായിരുന്നു.
കുടുംബാംഗങ്ങളാണ് യുവതിയെ മാരകമായി ആക്രമിച്ച് കനാലിൽ തള്ളിയത്. യുവതി ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ, ഇതറിഞ്ഞ വീട്ടുകാർ ബന്ധത്തിൽ നിന്നും പിന്മാറാൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി അതിന് തയ്യാറാകാതിരുന്നതോടെ സഹോദരനും മറ്റ് ബന്ധുക്കളും ചേർന്ന് മാരതമായി കുത്തി മുറിവേൽപ്പിക്കുകയും പിന്നീട് കനാലിൽ തള്ളുകയുമായിരുന്നു.
കനാലിൽ കിടക്കുന്ന യുവതിയെ കണ്ട് തടിച്ച് കൂടിയവർ യുവതിയുടെ ദൃശ്യങ്ങൾ പകർത്താനും യുവതിയോട് കാര്യങ്ങൾ ചോദിച്ചറിയാനുമാണ് തിരക്ക് കൂട്ടിയത്. ഇതിനിടെ വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് യുവതിയെ ഉപദ്രവിച്ചതെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രണയിക്കുന്നയാളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച കുടുംബാംഗങ്ങൾ ക്രൂരമായി ആക്രമിച്ചെന്നാണ് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴി. ഇതനുസരിച്ച് യുവതിയുടെ സഹോദരനെയും ബന്ധുവായ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അതീവ ദുഃഖകരമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതിന് പകരം എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കുന്നത് വരെയുള്ള സമയം ഏറെ നിർണായകമാണ്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നയാളെ ചോദ്യംചെയ്യില്ലെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടുണ്ട്. അതിനാൽ എല്ലാവരും ഇത്തരം ഘട്ടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മറുനാടന് ഡെസ്ക്