- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപണ്ഡിതൻ ഇരിക്കുന്ന വേദിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടു; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കി വിട്ടത് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ എത്തിയതോടെ; സ്ത്രീകളൊക്കെ താഴെ ഇരിക്കീം എന്നു പറഞ്ഞ് ഇറക്കി വിടൽ സമരത്തിലെ സ്ത്രിപ്രാതിനിധ്യം ചർച്ച പുരോഗമിക്കവെ; പ്രതിഷേധം കനത്തപ്പോൾ വനിതാ പ്രതിനിധിയെക്കൊണ്ട് തന്നെ വിശദീകണ കുറിപ്പെഴുച്ച് മുഖം രക്ഷിക്കാനും ശ്രമം
കോഴിക്കോട്: യൂത്ത് ലീഗ് പരിപാടിയിൽ നിന്ന് ലീഗ് വനിതാ നേതാവിനെ ഇറക്കിവിട്ടു. 1921 ലെ മലബാർ സമരങ്ങളുടെ ഭാഗമായി കോഴിക്കോട് ചെറുവാടിയിൽ നടന്നിരുന്ന 'ചെറുവാടി യുദ്ധ'ത്തിന്റെ നൂറാം വാർഷിക പരിപാടിയിൽ നിന്നാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കിവിട്ടത്.പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂർ വന്നപ്പോഴാണ് വേദിയിൽ ഉണ്ടായിരുന്ന ഏക വനിതയെ ഇറക്കിവിട്ടത്. സംഭവം വിവാദമായതോടെ ഇറക്കി വിട്ട വനിത പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായ സ്ത്രിയെക്കൊണ്ട് തന്നെ വിശദീകരണക്കുറിപ്പെഴുതിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് നടന്ന 'സ്വാഭിമാൻ ദിൻ' പരിപാടിയിലായിരുന്നു സംഭവം. പരിപാടിയിൽ കോളേജ് അദ്ധ്യാപകനായ അജ്മലിന്റെ പ്രസംഗം 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് മുഖ്യാതിഥിയായ ഇ.കെ. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ വരുന്നത്. അബ്ദുസ്സമദ് വരുന്ന സമയത്ത് വേദിയും സദസ്സും ഒന്നടങ്കം ആദരപൂർവം എഴുന്നേറ്റ് നിൽക്കുന്നുണ്ട്.
ഇതേസമയത്താണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനോട് അബ്ദുസമദ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. വേദിയിൽ ശംലൂലത്തിനെ കണ്ടതും അബ്ദുസമദ് വിരൽ ചൂണ്ടി'പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം' എന്ന് പറയുകയായായിരിന്നു. അജ്മൽ മലബാർ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം നടക്കുന്നത്.തുടർന്ന് നിസാഹായയായി ശംലൂലത്ത് വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
വേദിയിലുള്ള മറ്റുള്ളവർ ഇതിനെതിരെ രംഗത്തുവരാത്തതും ശ്രദ്ധേയമായി. സമൂഹ മാധ്യമങ്ങളിലടക്കം സംഭവത്തിൽ പലകോണുകളിൽനിന്നും വിമർശനമുയരുന്നുണ്ട്. വിമർശനം കടുത്തതോടെയാണ് യുവതിയെക്കൊണ്ട് തന്നെ നേതൃത്വം വിശദീകരണക്കുറിപ്പ് എഴുതിപ്പിച്ചത്.'മത പണ്ഡിതൻ വേദിയിലേക്ക് വരുന്നത് കണ്ട് സ്വമേധയാ വേദിയിൽ നിന്നിറങ്ങി സദസിൽ വന്നിരിക്കുകയായിരുന്നു' എന്നാണ് വനിതാ നേതാവായ ശംലൂലത്ത് വിശദീകരണക്കുറിപ്പ് നൽകിയതെന്നും ആരോപണമുയർന്നു.
തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തതത്. വി.പി.എ. ജലീൽ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, മുജീബ് കാടേരി, ഡോ. എം.എ. അജ്മൽ മുഈൻ എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ