നാഗ്പുർ: കാമുകനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലാണ് സംഭവം. ഇരുപതുകാരിയായ മഹാരാഷ്ട്ര മഹാപുർ സ്വദേശിനിയാണ് അറസ്റ്റിലായത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാൻ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കാമുകൻ ചന്ദു മഹാപുർ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാർ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു വാഗ്ദാനം.

പൊലീസ് പറയുന്നത് ഇങ്ങനെ; ചന്ദു നേരത്തെ വിവാഹിതനായിരുന്നു. അതേസമയം ഇരുപതുകാരിയുമായി അടുപ്പത്തിലായിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കുന്നതിന് കാമുകൻ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതോടെ യുവതി കാമുകന്റെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിച്ചത്. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാൽ സെക്സും എന്നായിരുന്നു കരാർ.

കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മിൽ പണത്തിന്റെ പേരിൽ നേരത്തെ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാർ, മദ്യപിക്കാനെന്ന പേരിൽ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.

തുടർന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സലായിമേന്ദയ്ക്ക് സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിച്ചു. സംഭവദിവസം ഇരുവരും ബൈക്കിൽ ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.ലോക്കൽ ്രൈകംബ്രാഞ്ച് പൊലീസാണ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഗൂഢാലോചന കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.