ചവറ: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കാണപ്പെട്ടത്. ബന്ധുക്കളും നാട്ടുകാരും വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തി. പിതാവ് പി.സി. രാജേഷ് ചവറ പൊലീസിലാണ് പരാതി നൽകിയത്.

യുവതിയുടെ മരണസമയത്ത് ഭർത്താവ് ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കും.