ആറന്മുള: ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കൽ പ്രിയ മധു (40) ആണ് മരിച്ചത്. ആറന്മുളയിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭർത്താവ് മധു (47) വിനും മകൾ അപർണയ്ക്കം (12) ഒപ്പം ബൈക്കിൽ ഓതറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന സ്‌കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിച്ചാണ് അപകടം.

റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ബൈക്ക് പിന്നാലെ വന്ന കാറിന്റെ അടിയിൽ കുടുങ്ങി. അൻപത് മീറ്ററോളം ദൂരേക്ക് നിരങ്ങി നീങ്ങി. കാർ ദേഹത്ത് കയറിയാണ് പ്രിയയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. എന്നാൽ പുറമേക്ക് മുറിവുകൾ ഉണ്ടായിരുന്നില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

മധുവും അപർണയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ആയി. റോഡിൽ വളവുള്ള ഭാഗത്താണ് അപകടം നടന്നത്. പ്രിയയുടെ സംസ്‌കാരം ചൊവ്വ 11 ന് വീട്ടുവളപ്പിൽ നടക്കും.