- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകളുടെ ജോലി പ്രസവം; ഭരണം അവരുടെ പണിയല്ല; വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്നും താലിബാൻ വക്താവ്; ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള കളികൾ വേണ്ട; വനിതകളുടെ കായിക മത്സരങ്ങൾ വിലക്കുമെന്ന് ആവർത്തിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ അടക്കം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് താലിബാൻ. അഫ്ഗാനിസ്ഥാനിൽ വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്നും മറ്റു കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതു വിലക്കുമെന്നും താലിബാൻ പ്രഖ്യാപിച്ചു. താലിബാൻ വക്താവ് അഹ്‌മദുല്ല വാസിഖിനെ ഉദ്ധരിച്ച് ഓസ്‌ട്രേലിയയിലെ എസ്ബിഎസ് ടിവിയാണ് ഈ വിവരം പുറത്തുവിട്ടത്.
'സ്‌പോർട്‌സിൽ, പ്രത്യേകിച്ചു ക്രിക്കറ്റിൽ മത്സരിക്കാനിറങ്ങുന്ന വനിതകൾക്കു മുഖം മറയ്ക്കാനോ ശരീരം മുഴുവനായും മറയ്ക്കാനോ കഴിയില്ല. തന്നെയുമല്ല, അവരുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യും. അതിനാലാണു കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതു വിലക്കാൻ തീരുമാനിച്ചത്' താലിബാൻ സാംസ്‌കാരിക കമ്മിഷൻ ഉപമേധാവി കൂടിയായ അഹ്‌മദുല്ല പറഞ്ഞു. പുരുഷ ക്രിക്കറ്റ് ടീമിനോ പുരുഷന്മാരുടെ മറ്റു കായികയിനങ്ങൾക്കോ വിലക്കില്ലെന്നു താലിബാൻ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയാൽ അഫ്ഗാനിസ്ഥാനുമായി നവംബർ 27നു നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പു നൽകി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഈ വിഷയത്തിൽ ഇടപെടണമെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. അഫ്ഗാൻ വനിതാ ഫുട്‌ബോൾ ടീമിലെ താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം കൊടുത്തിരുന്നു. വനിതാ ക്രിക്കറ്റ് ടീമിലെ 3 കളിക്കാർ കാനഡയിലേക്കു പലായനം ചെയ്തിരിക്കുകയാണ്.
മുൻ താലിബാൻ സർക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും സ്ത്രീകൾക്ക് അർഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അധികാരത്തിലേറുന്നതിനു മുമ്പ് താലിബാൻ നേതാക്കൾ ഉറപ്പു നൽകിയിരുന്നു. എന്നാൽ അതെല്ലാം വെറും പാഴ്‌വാക്കുകളായിരുന്നുവെന്നാണ് ഓരോ ദിവസവുമുള്ള ഇവരുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.
താലിബാൻ സർക്കാരിൽ വനിതകളില്ലെന്ന് സൂചിപ്പിച്ച മാധ്യമപ്രവർത്തകരോട് സ്ത്രീകൾക്ക് ഭരണം വഴങ്ങില്ലെന്നും അവർക്ക് പ്രസവിക്കാൻ മാത്രമാണ് അറിയുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക വാർത്താ ചാനലായ ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരു സ്ത്രീയെ സംബന്ധിച്ച് അവർക്ക് താങ്ങാൻ സാധിക്കാത്ത ഭാരമുള്ള വസ്തു കഴുത്തിൽ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം എന്നത്. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ആ സമയം കൊണ്ട് പ്രസവിക്കുകയാണ് അവർ ചെയ്യേണ്ടത്.
വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോൾ പ്രതിഷേധിക്കുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളാകില്ലെന്നും സെക്രുള്ള പറഞ്ഞു.അഫ്ഗാൻ സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളാണെന്ന് മാധ്യമപ്രവർത്തകൻ സൂചിപ്പിച്ചപ്പോൾ തങ്ങൾ സ്ത്രീകളെ അങ്ങനെ കണക്കാക്കുന്നില്ലെന്ന് സെക്രുള്ള പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവൺമെന്റ് സ്ത്രീകൾക്ക് നൽകിയിരുന്ന സർക്കാർ തൊഴിലവസരങ്ങൾ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നുവെന്ന് സെക്രുള്ള അഭിപ്രായപ്പെട്ടു.ഇത്തരം സ്ത്രീകളെ അഫ്ഗാൻ പൗരന്മാരായി പോലും കണക്കാക്കുന്നില്ലെന്നും യഥാർത്ഥ അഫ്ഗാൻ സ്ത്രീകൾ കുഞ്ഞുങ്ങൾക്കു ജന്മം നൽകുകയും അവർക്ക് ഇസ്ലാമിക മൂല്യങ്ങൾ പകർന്നു നൽകുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.
താലിബാന്റെ തിരിച്ചുവരവ് കായിക മേഖലയിൽ അടക്കം സ്ത്രീകൾക്ക് കടുത്ത നിയന്ത്രണം വരുമെന്ന് ഭയപ്പെട്ടിരുന്ന അഫ്ഗാനികൾക്ക് കടുത്ത തിരിച്ചടിയാകുന്നതാണ് ഭരണകൂടത്തിന്റെ തീരുമാനങ്ങൾ. രാജ്യാന്തര ക്രിക്കറ്റിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കി മികച്ച മുന്നേറ്റം നടത്താനുള്ള അഫ്ഗാൻ താരങ്ങളുടെ അക്ഷീണ ശ്രമങ്ങൾക്കാണ് താലിബാന്റെ തീരുമാനം തിരിച്ചടിയാകുന്നത്.
2017 മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) പൂർണ വോട്ടവകാശമുള്ള അംഗമാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അതോടെ ടെസ്റ്റ് പദവിയും കൈവന്നു. വനിതാ ക്രിക്കറ്റിനു വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ അഫ്ഗാന്റെ ടെസ്റ്റ് പദവി ഉൾപ്പെടെയുള്ളവ എടുത്തു കളയാൻ ഐസിസിക്ക് അധികാരമുണ്ട്. ഇതുവരെ 6 ടെസ്റ്റുകളാണ് അഫ്ഗാൻ പുരുഷ ടീം കളിച്ചിട്ടുള്ളത്.
2018ൽ ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിലായിരുന്നു പ്രഥമ ടെസ്റ്റ് പോരാട്ടം. ഇന്നിങ്‌സിനും 262 റൺസിനും ഇന്ത്യ ജയം നേടി. ടീമിന്റെ 2ാം ടെസ്റ്റിനും വേദി ഇന്ത്യയായിരുന്നു. എതിരാളികൾ അയർലൻഡ്. 7 വിക്കറ്റിനു ജയം നേടി അഫ്ഗാനിസ്ഥാൻ ചരിത്രമെഴുതി. പിന്നീടു ബംഗ്ലാദേശിനെയും തോൽപിച്ചു. വെസ്റ്റിൻഡീസിനെതിരെ തോൽവി. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ തോൽവി. രണ്ടാമത്തേതിൽ ജയം.
സിംബാബ്വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ഏകാധിപത്യ ഭരണരീതിയിൽ പ്രതിഷേധിച്ച് 2007ൽ ഓസീസ് ബോർഡ് സിംബാബ്വെ പര്യടനം ഉപേക്ഷിച്ചിരുന്നു. വർണവിവേചനം നിലനിന്നിരുന്ന 1971 മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുഴുവൻ മത്സരങ്ങളും ഓസീസ് ടീം റദ്ദാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്