- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു'; 'അത് ഭയാനകമായിരുന്നു; പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ട് കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകൾ; ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി'; ഉള്ളു പൊള്ളിക്കുന്ന അനുഭവം വിവരിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ; വീഡിയോ
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഭീകരരിൽ നിന്നും രക്ഷനേടാൻ ഉറ്റവരുമായി കൂട്ടപ്പലായനം നടത്തുന്ന അഫ്ഗാൻ ജനതയുടെ ദൈന്യത ലോകത്തെ ഒന്നാകെ നടുക്കുന്നതാണ്. കാബൂളിൽ നിന്ന് രക്ഷതേടിയുള്ള പ്രയാണത്തിന്റെ പുറത്തുവരുന്ന കാഴ്ചകൾ ഓരോന്നും അഫ്ഗാൻ ജനത നേരിടുന്ന ഭീതിയും ആശങ്കയും പങ്കുവയ്ക്കുന്നതാണ്.
ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
താലിബാൻ അധികാരം പിടിച്ചടക്കി ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷതേടി വിമാനത്താവളത്തിൽ എത്തി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികരോട് കേണപേക്ഷിക്കുന്ന സ്ത്രീകൾ അടക്കമുള്ള വലിയ ആൾക്കൂട്ടമാണ് കാണാൻ കഴിയുന്നത്. വിമാനത്താവളത്തിന്റ ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്. രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ച് സ്ത്രീകൾ മുള്ളുവേലിക്കപ്പുറത്തേക്ക് കുട്ടികളെ വലിച്ചെറിയുന്നു. ചില കുരുന്നുകൾ മുള്ളുവേലിയിൽ കുടുങ്ങുന്നു. ഭയാനക കാഴ്ചകൾ.
FEAR of Taliban is so much that Desperate women threw Babies & Little Girls OVER RAZOR WIRE at airport compound asking British soldiers to take them ???????? #Afghanistan #Talibans #Taliban #SaveAfghanWomen pic.twitter.com/7RKehdyYat
- Rosy (@rose_k01) August 18, 2021
താലിബാനിൽ നിന്നും ജീവൻ രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികർ രാത്രിയിൽ എങ്ങനെ കരയാതിരിക്കുമെന്ന് മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'അത് ഭയാനകമായിരുന്നു. പട്ടാളക്കാരോട് അവരെ പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ മുള്ളുകമ്പിക്ക് മുകളിൽ എറിയുകയായിരുന്നു. ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി' - പട്ടാളക്കാരൻ വിവരിച്ചു.
ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 'ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു' എന്ന് സ്ത്രീകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയിൽ കാത്തുനിൽക്കവേ താലിബാൻ ഭീകരരിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതായി ഓസ്ട്രിയൻ സൈന്യത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ പറഞ്ഞിരുന്നു.
Afghan families behind the barbed wires of Kabul airport, begging soldiers to let them in. "Help us, the Taliban are coming for us," the woman cries.#Afghanistan pic.twitter.com/aCe6vgmshi
- Farnaz Fassihi (@farnazfassihi) August 18, 2021
രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കുമുമ്പിൽ ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചുവർഷത്തെ പുനരധിവാസ പദ്ധതിപ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചു. അഭയാർഥിപ്രവാഹം കണക്കിലെടുത്ത് തുർക്കി, ഇറാൻ അതിർത്തിയിൽ പട്രോളിങ് കർശനമാക്കി. കൂടുതൽ സൈനികരെ അതിർത്തിയിലേക്കയച്ചു.
ന്യൂസ് ഡെസ്ക്