- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മുറിച്ചു കടത്തിയത് 400 കോടിയുടെ മരങ്ങൾ; അഗസ്റ്റിൻ സഹോദരങ്ങൾ തക്കംപാർത്ത് കോടികളുടെ മരം മുറിച്ചു കടത്തിയപ്പോൾ സർക്കാറും വെട്ടിൽ; ഇപ്പോൾ ആലോചന പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരം മുറിക്കാൻ കർഷകരെ അനുവദിച്ച് ഉത്തരവിറക്കാൻ
തിരുവനന്തപുരം: കർഷക ആവശ്യം എന്നു പറഞ്ഞു കൊണ്ടാണ് വിവാദമായ മരംമുറി ഉത്തരവ് കഴിഞ്ഞ തവണ സർക്കാർ പുറത്തിറക്കിയത്. ഈ ഉത്തരവിന്റെ മറവിലാണ് മരം കൊള്ളക്കാർ വ്യാപകമായി മരം മുറിച്ചു കടത്തിയത്. മുട്ടിലിൽ അഗസ്റ്റിൻ സഹോദരങ്ങൾ ശരിക്കും ഈ ഉത്തരവിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്തു. പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി വേണമെന്നത് കാലങ്ങളായി കർഷകർ ആവശ്യപ്പടെുന്ന കാര്യമാണ്. എന്നാൽ, കഴിഞ്ഞ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ് വാസ്തവം. ഇ
ഇപ്പോഴത്തെ വിവാദ സാഹചര്യത്തിൽ പട്ടയഭൂമിയിൽനിന്നു മരം മുറിക്കാൻ കർഷകർക്ക് അനുവാദം നൽകുന്ന തരത്തിൽ പുതുക്കിയ ഉത്തരവിറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി സൂചന നൽകുകയുമുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ഇറക്കിയശേഷം ഈ വർഷം ഫെബ്രുവരി 2നു റദ്ദാക്കേണ്ടിവന്ന ഉത്തരവിലെ ന്യൂനതകൾ പരിഹരിച്ചും മരം മുറിക്കാനുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കിയുമാകും പുതിയ ഉത്തരവ് പുറപ്പെടുവിക്കുക. റവന്യു, വനം, നിയമ വകുപ്പു സെക്രട്ടറിമാർ സംയുക്തമായി പരിശോധിച്ചു നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി.
1964ലെ ഭൂപതിവുചട്ടം ഭേദഗതി ചെയ്യണമെന്നതാണ് എൽഡിഎഫിന്റെയും സർക്കാരിന്റെയും നിലപാട്. സർവകക്ഷി യോഗത്തിന്റെയും മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകളുടെയും അടിസ്ഥാനത്തിൽ 2017 ഓഗസ്റ്റ് 17നു ഭേദഗതി ഉത്തരവ് ഇറങ്ങുകയും ചെയ്തിരുന്നു. പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ചതും സ്വമേധയാ വളർന്നുവന്നതുമായ മരങ്ങൾ ഉടമസ്ഥർക്കുതന്നെ മുറിച്ചുമാറ്റാനുള്ള അനുമതിയായിരുന്നു ഇതിൽ പ്രധാനം. 1986ലെ വൃക്ഷസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. 2019 ജൂലൈ 18നും സെപ്റ്റംബർ 3നും വനം റവന്യു മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തുടർനടപടികൾക്കും ധാരണയായിരുന്നു. എന്നാൽ, എതിർപ്പുന്നയിച്ചുള്ള ഹർജിയെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഈ ഭേദഗതി സ്റ്റേ ചെയ്തു.
സ്റ്റേ നിലനിൽക്കെയാണ്, 2017ലെ ഭേദഗതി വ്യവസ്ഥകളും ഉൾപ്പെടുത്തി കഴിഞ്ഞവർഷം ഒക്ടോബർ 24നു വിവാദ ഉത്തരവിറങ്ങിയത്. ചന്ദനം ഒഴികെയുള്ള രാജകീയവൃക്ഷങ്ങൾ മുറിക്കുന്നതിനുള്ള ദുരൂഹ അനുമതി ഇതിൽ ഉൾപ്പെടുകയും ചെയ്തു. സ്റ്റേ ശ്രദ്ധിക്കാതെയും കണക്കിലെടുക്കാതെയുമാണ് ഉത്തരവിറക്കിയതെന്നു പിന്നീട് അഡ്വക്കറ്റ് ജനറൽ സർക്കാരിനെ അറിയിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു ഉത്തരവ് റദ്ദാക്കിയത്. അപാകതകൾ പരിഹരിച്ചു മുന്നോട്ടുപോകാമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. എല്ലാ പാർട്ടികൾക്കും സമ്മതമാണെങ്കിൽ മരം മുറിക്കാൻ റവന്യു വകുപ്പ് അനുവാദം നൽകാമെന്നും പാർട്ടിക്കു പ്രത്യേക താൽപര്യമില്ലെന്നുമാണ് സിപിഐ നിലപാട്.
അതേസമയം 15 കോടിയുടെ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ സുഹൃത്ത് റോജി അഗസ്റ്റിനും കൂട്ടു പ്രതികളായ സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വയനാട് മുട്ടിൽ വനം കൊള്ള കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വയനാട് സൂര്യ ടിമ്പേഴ്സ് ഉടമകളായ വാഴവട്ട മൂങ്കനാനിയിൽ ആന്റോ അഗസ്റ്റിൻ , ജോസുകുട്ടി അഗസ്റ്റിൻ , റോജി അഗസ്റ്റിൻ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് നിർണ്ണായകമാകും. തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ അറസ്റ്റു ചെയ്യുന്ന പക്ഷം ഉടനടി ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യാഗസ്ഥർക്ക് ഹൈക്കോടതി നിർദ്ദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. വയനാട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള വനം കേസായ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ക്രൈം കേസ് (ഒ ആർ) ഒക്കറൻസ് റിപ്പോർട്ടിലാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.
2020 മാർച്ച് 11 , ഒക്ടോബർ 24 എന്നീ തീയതികളിൽ സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ മരംമുറി അനുവാദ ഉത്തരവുകളുടെ വെളിച്ചത്തിലാണ് സംസ്ഥാനമൊട്ടുക്ക് 5 ജില്ലകളിലായി 400 കോടിയുടെ വനംകൊള്ള നടന്നത്. വയനാട് , ഇടുക്കി , പത്തനംതിട്ട , തൃശൂർ , എറണാകുളം ജില്ലകളിലെ വനമേഖലയിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ്വ് വനങ്ങളടക്കം കൈയേറിയ വനം മാഫിയ 400 കോടിയിലധികം രൂപ വിലമതിക്കുന്ന തേക്ക് , വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. ഇവയിൽ പലതും ആഡംബര ഫർണിച്ചറായി മാറി വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. അതേ സമയം 101 ഈട്ടി മരങ്ങൾ മുറിച്ചതിന് മാത്രമാണ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ