ജനീവ: ലോകം നേരിടാൻ പോകുന്നത് കോവിഡ് സുനാമി എന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദത്തിന്റെ അതേസമയത്ത് തന്നെ നമ്മെ അലട്ടുന്ന കൂടുതൽ വ്യാപന ശേഷിയുള്ള ഓമിക്രോണും കൂടി ചേരുമ്പോൾ അത് കേസുകളുടെ സുനാമിയിലേക്ക് നയിക്കും, ഡബ്ല്യുഎച്ച്ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം പറഞ്ഞു.

ഡെൽറ്റയും പുതിയ ഓമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തും. അതോടെ ആരോഗ്യ സംവിധാനങ്ങൾ പല രാജ്യങ്ങളിലും തകർച്ചയെ നേരിടും. ഈ ഇരട്ടഭീഷണി പുതിയ കേസുകളിൽ റെക്കോഡ് കുതിപ്പുണ്ടാക്കും. ആശുപത്രി വാസവും മരണങ്ങളും ഏറുമെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

തകർച്ചയുടെ വക്കിലായ ആരോഗ്യസംവിധാനങ്ങളെയും, പോരാട്ടത്തിൽ തളർന്ന ആരോഗ്യ പ്രവർത്തകരെയും കൂടുതൽ സമ്മർദ്ദത്തിലാക്കും. ആരോഗ്യ സംവിധാനങ്ങളുടെ മേൽ സമ്മർദ്ദം കൂടുന്നത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രമല്ല, ധാരാളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നതുകൊണ്ട് കൂടിയാണെന്നും ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു.

വാക്‌സിൻ തുല്യത

അടുത്ത വർഷത്തിൽ മഹാമാരിയുടെ തീവ്രത കുറയണമെങ്കിൽ അത് ലോകരാജ്യങ്ങൾക്കിടയിലെ വാക്‌സിൻ വിതരണത്തിലെ തുല്യതയെ ആശ്രയിച്ചിരിക്കും. ഈ വർഷാവസാനത്തോടെ, എല്ലാ രാജ്യങ്ങളിലെയും. 40 ശതമാനം ജനസംഖ്യ സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചവർ ആകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ താൽപര്യം. അടുത്ത വർഷം മധ്യത്തോടെ അത് 70 ശതമാനമായി ഉയരുകയും വേണം. എന്നാൽ, ഡബ്ല്യുഎച്ച്ഒയിലെ 194 അംഗരാജ്യങ്ങളിൽ 92 രാജ്യങ്ങൾ ഈ വർഷത്തെ 40 ശതമാനം സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യം കൈവരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വാക്‌സിൻ വിതരണത്തിൽ വന്ന അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. അതുകൊണ്ട്തന്നെ വാക്‌സിൻ വിതരണത്തിലെ തുല്യതയെ കുറിച്ചാണ് ലോകാരോഗ്യ സംഘടന ആവർത്തിച്ച് സംസാരിക്കുന്നത്.

ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഓമിക്രോൺ വകഭേദം വാക്‌സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.

ഡൽഹിയിലും മുംബൈയിലും കോവിഡ് കേസുകളിൽ കുതിപ്പ്

ഇന്ത്യയിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് കേസുകളിൽ 86 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 923 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം ഡൽഹിയിൽ 496 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നതായി സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നു. ഓമിക്രോൺ കേസുകൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധന.

മുംബൈയിലും സമാനമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 1377 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് കേസുകളുടെ എണ്ണം 2510 ആയി ഉയർന്നു. 82 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കേസുകൾ വർധിക്കുന്നതിൽ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആശങ്ക രേഖപ്പെടുത്തി. കേസുകൾ ഇനിയും വർധിച്ചാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.