- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജിഹാദികൾ തൊട്ട് മൗലവിമാർ വരെ ഇസ്ലാം ഉപേക്ഷിക്കുന്നു! സൗദിയിൽ 75ലക്ഷം അവിശ്വാസികൾ; ഇറാനിൽ 60 ശതമാനത്തിനും നോമ്പും നിസ്‌ക്കാരവുമില്ല; മതം വിട്ടവനെ കൊല്ലണമെന്ന ശാസനയുണ്ടായിട്ടും ഇസ്ലാം ഉപേക്ഷിക്കുന്നത് ലക്ഷങ്ങൾ; കേരളത്തിലും ഈ ധാര ശക്തം; ആഗോള തരംഗമായി എക്സ് മൂസ്ലീം മൂവ്മെന്റ്
ലോകത്തിൽ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം എന്നായിരുന്നു 2010ന്റെ തുടക്കം വരെ, ഇസ്ലാമിസ്റ്റുകൾ തങ്ങളുടെ മതത്തെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. നമ്മുടെ മാധവിക്കുട്ടിതൊട്ട് ബോക്സർ മുഹമ്മദലിവരെയുള്ള സെലിബ്രിറ്റികളും, ഹോളിവുഡ് താരങ്ങളും, സ്പോർട്സ് താരങ്ങളും, ഗായകരുമൊക്കെ ഇസ്ലാം സ്വീകരിച്ചതിന്റെ നീണ്ട് ലിസ്റ്റ് വായിച്ചുകൊണ്ടാണ് എം.എം അക്‌ബറിനെപോലുള്ള ഇസ്ലാമിക പ്രഭാഷകർ അണികളെ കോരിത്തരിപ്പിക്കാറുള്ളത്. ( ഇതിൽ പലതും ശുദ്ധ നുണയും ആയിരുന്നു. ആദ്യമായ ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ്ങ് ഇസ്ലാം സ്വീകരിച്ചുവെന്നത് കല്ലുവെച്ച നുണയായിരുന്നു. എന്നാൽ ബഹിരാകാശത്ത്വെച്ച് വാങ്കുവിളി കേട്ട് ആംസ്ട്രോങ്ങ് 'സത്യമതം' സ്വീകരിച്ചുവെന്നൊക്കെ ഇന്നും തട്ടിവിടുന്ന ഇസ്ലാമിക പ്രഭാഷകർ ഉണ്ട്) എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുതൊട്ട് കാര്യങ്ങൾ ആകെ മാറിമറിയുകയാണ്. ഈ സോഷ്യൽ മീഡിയായുഗത്തിൽ കാര്യങ്ങൾ മാറിമറിയുകയാണ്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പുറത്തുകടക്കുന്നതും വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ അവകാശപ്പെടുന്ന ഈ മതത്തിൽനിന്ന് തന്നെയാണ്! ഏറ്റവും പുതിയ പഠനങ്ങളും സർവേകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
യൂറോപ്പിലൊക്കെ ആധുനികതക്കൊപ്പം മതത്തിന്റെ ആധിപത്യവും തകർന്ന മട്ടാണ്. നെതർലൻഡിലും, ജർമ്മനിയിലും, ഫിൻലൻഡിലും, ഓസ്ട്രേലിയിലുമൊക്കെ, ചർച്ചുകൾ പലതും ബാർ ഹോട്ടലുകളും റിസോർട്ടുകളും ആയതിന്റെ വാർത്തകളും നാം വായിച്ചു. സ്‌കാൻഡനേവിയൻ രാജ്യങ്ങളെയൊക്കെ മൂൻ നിർത്തി മതരഹിത സമൂഹം എന്ന ചർച്ചകളും ലോകത്ത് പുരോഗമിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക എടുത്താൽ, അവിടെ മതം ഒരു പ്രധാന ഘടകമല്ല എന്ന് കാണാം. ഐസ്ലൻഡ്, ഗ്രീൻലാൻഡ്, നോർവേ, ഫിൻലൻഡ് തുടങ്ങിയവ ഉദാഹരണം. എന്നാൽ ലോകത്തിൽ ജന ജീവിതം ദുസ്സഹമായ രാജ്യങ്ങളെ എടുത്താൽ, അവിടെയെല്ലാം മതം പുളച്ചു നിൽക്കുന്നതായും കാണാം. സുഡാനും സോമലിയയും നൈജീരിയയും തൊട്ട് ബംഗ്ലാദേശും, പാക്കിസ്ഥാനും, താലിബാന്റെ അഫ്ഗാനിസ്ഥാനുംവരെയുള്ള നിരവധി ഉദാഹരണങ്ങൾ.
ക്രിസ്റ്റാനിറ്റിയുടെ പല്ലുകൾ കൊഴിഞ്ഞതും പരിഷ്‌ക്കരണത്തിന് വിധേയമായതുമാണ് യൂറോപ്പിനെ സമാധനമുള്ളതാക്കിയതെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അപ്പോഴും പുർവ്വാധികം ശക്തിയിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇസ്ലാം. മാത്രമല്ല ഈ യഥാർഥത്തിൽ സമാധാനം പുലരുന്ന ഈ രാഷ്ട്രങ്ങളിലേക്ക്, 'സമാധാനമതം' എന്ന് അറിയപ്പെടുന്ന ഇസ്ലാമിൽനിന്ന് വൻ തോതിൽ കുടിയേറ്റവും അഭയാർഥി പ്രവാഹവും ഉണ്ടായതോടെ, ആ രാജ്യങ്ങളുടെ സമാധാനം പോവുകയാണ് ഉണ്ടായത്. ന്യൂസിലാൻഡിലെയും, സ്വീഡനിലെയും, നോർവേയിലെയും ഭീകരാക്രമണങ്ങൾ ഓർക്കുക. നമ്മുടെ ജോസഫ് മാഷിന്റെ കൈവെട്ടിയപോലെ, ഫ്രാൻസിൽ സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ, മതനിന്ദാകുറ്റം ആരോപിച്ച് തലവെട്ടികൊന്നതും, അതിന്റെ ഭാഗമായി ആ രാജ്യം ഇസ്ലാമിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചതും വലിയ വാർത്തകൾ ആയിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ അഭയാർഥികളായി യൂറോപ്പിൽ കുടിയേറി അവിടുത്തെ പൗരന്മാർ ആവുകയും ജനസംഖ്യ കൂടുകയും ചെയ്തതോടെ ഇസ്ലാം അതിന്റെ തനി നിറം പുറത്തെടുക്കയാണെന്നാണ് ഈ സംഭവത്തെ തുടർന്ന് വിമർശനം ഉണ്ടായത്.
ഇങ്ങനെ ഒരു രീതിയിലും മെരുങ്ങില്ലെന്ന് കരുതി ഇസ്ലാമിന് കടുത്ത തിരിച്ചടിയാവുകയാണ്, ലോകമെമ്പാടുമുള്ള എക്സ് മുസ്ലിം മൂവ്മെന്റുകൾ. മതം വിട്ടവനെ കൊല്ലണം എന്നതാണ് ഇസ്ലാമിലെ നിയമം. എന്നിട്ടും ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും ഇസ്ലാം ഉപേക്ഷിക്കുന്നത്. മൊറോക്കോ, തുർക്കി, സൗദി, തൊട്ട് ഇസ്ലാമിനെ വിമർശിച്ചതിന് കഴുത്ത്വെട്ടിയിടുന്ന ബംഗ്ലാദേശിൽവരെ എക്സ് മുസ്ലീങ്ങളുടെ എണ്ണം വർധിക്കയാണ്.
അറേബ്യൻ യുവാക്കളും ഇസ്ലാം ഉപേക്ഷിക്കുന്നു
ഇസ്ലാം വളരുന്നു എന്നത് പൊള്ളയായ വാദമാണെന്നും അറേബ്യയിലടക്കം യുവാക്കൾ കൂട്ടത്തോടെ ഇസ്ലാം ഉപേക്ഷിക്കയാണെന്നുമാണ് പല സർവേകളും പറയുന്നത്. പതിനായിരക്കണക്കിന് യുവാക്കൾ ആണ് മതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയത്. മതം വിട്ടാലുണ്ടാവുന്ന പ്രത്യാഘാതങ്ങൾ ഭയന്ന് നിശബ്ദരായ വിശ്വാസികൾ എന്ന് അഭിനയച്ച് ജീവിക്കുന്നവരും ഏറെയുണ്ട്. അങ്ങനെ വരുമ്പോൾ എക്സ് മുസ്ലീങ്ങളുടെ എണ്ണം നിലവിൽ ഉള്ളതിന്റെ എത്രയോ ഇരട്ടിയാണ്.
2019ൽ ബി.ബി.സി എന്ന പ്രസിദ്ധ വാർത്താമാധ്യമത്തിൽ വന്ന ഒരു സർവേ ഫലം ഇങ്ങനെയായിരുന്ു. 'അറബ് വേൾഡ് ടേണിങ്ങ് ദേർ ബാക്കസ്് ഓൺ റിലീജിയൻ'
എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിന് കാരണമായി പറയുന്നത് ബി.ബി.സി ന്യൂസ് അറബിക്ക് നടത്തിയ സർവേ ആധാരമാക്കിയാണ്. 10 മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ (ഫലസ്തീൻ അടക്കം) 25000 പേരുടെ അഭിപ്രായങ്ങൾ ശേഖരിച്ചു കൊണ്ടുള്ള സർവേയായിരുന്നു അത്. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.
മത നേതാക്കളിലുള്ള അവരുടെ വിശ്വാസം താഴോട്ട് പൊയ്കൊണ്ടിരിക്കുകയാണ്. ഇസ്ലാമിസ്റ് മുന്നേറ്റങ്ങളുടെ അമരക്കാർ എന്നവകാശപ്പെടുന്ന ഹമാസ്, ഹിസ്ബുള്ള, മുസ്ലിം ബ്രദർഹുഡ്, എന്നിവരിലുമുള്ള വിശ്വാസം താഴോട്ടാണ്. 2012-14 കാലഘട്ടത്തിൽ മതരഹിതരുടെ ശതമാനം 11% ആയിരുന്നെങ്കിൽ, 2019ൽ അത് 18% ആയി ഉയർന്നു.
മക്കയും മദീനയും നിലകൊള്ളുന്ന സൗദി അറേബ്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
2012ൽ, വിൻ ഗാലപ്പ് ഇന്റർ നാഷണണൽ വോട്ടെടുപ്പ് നടത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്, 5% സൗദികൾ, അതായത് 15 ലക്ഷത്തോളം ജനങ്ങൾ നിരീശ്വരവാദികളാണെന്നും, 19% സൗദികൾ, അതായത് 56 ലക്ഷത്തോളം ജനങ്ങൾ മതരഹിതരാണ് എന്നുമാണ്. ഇന്ന് ഇത് ഒരു കോടിയെങ്കിലും എത്തിയിരിക്കും എന്നാണ് പറയുന്നത്. 75ലക്ഷം ഉറപ്പാണ്.അറബ് മുസ്ലിം രാജ്യങ്ങളിൽ ഇപ്പോഴത്തെ തരംഗം ഇതുതന്നെയാണ്. യൂ.എ.ഇ യെമൻ, സുഡാൻ എന്നീ രാജ്യങ്ങളുടെയും അവസ്ഥ സമാനമാണ്.
യു.എസിൽ നാലിലൊന്ന് മുസ്ലീങ്ങൾ മതം വിടുന്നു
പൊതുവേ മതബോധം ശക്തമായ രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. പക്ഷേ അവിടെയും ഇന്ന് എക്സ് മുസ്ലിം മൂവ്മെന്റ് ശക്തമാണ്. സയ്യദ്, സാറാ ഹൈദർ എന്നീ രണ്ടു വ്യക്തികൾ ചേർന്ന് 2013 ൽ എക്സ് മുസ്ലിംസ് ഓഫ് നോർത്ത് അമേരിക്ക (EXMNA) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്. 2019 സെപ്റ്റംബറിൽ ഷിക്കാഗോ, ഹൂസ്റ്റൺ, അറ്റ്ലാന്റാ എന്നിവിടങ്ങളിൽ EXMNA ബോർഡുകൾ ഉയർത്തി. ''അമേരിക്കയിൽ വളർന്ന മുസ്ലീങ്ങളിൽ നാലിൽ ഒരാൾ വീതം ഇസ്ലാം വിട്ടു കഴിഞ്ഞു. ദൈവമില്ലാത്ത ഭയമില്ലാത്ത മുൻ മുസ്ലിം'' എന്നതായിരുന്നു അതിലെ സന്ദേശം. EXMNA തങ്ങളുടെ സോഷ്യൽ മീഡിയാ പ്രചാരണ പദ്ധതികളുമായി മുന്നോട്ടു തന്നെ പോകുകയാണ്. അതിലൊന്നാണ് #AweosmeWithoutAllah എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കു വയ്ക്കാൻ മുൻ മുസ്ലീങ്ങളെ ക്ഷണിക്കുന്ന പരിപാടി. വളരെ ആശാവഹമായ ഫലമാണ് അതിന് കിട്ടിയത്. 'ദി എത്തീസ്റ്റ് മുസ്ലിം' എന്ന പുസ്തകത്തിന്റെ കർത്താവായ അലി റിസ്വി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ- ''മുൻ കത്തോലിക്കരേയും, മുൻ യഹൂദന്മാരേയും നമ്മൾ നോർമൽ ആക്കി. ഇനി മുൻ മുസ്ലീങ്ങളുടെ ഊഴമാണ്. മുസ്ലീങ്ങൾക്ക് യുക്തിയോ, മതേതര ചിന്താഗതിയോ, പ്രബുദ്ധതയോ ഉൾക്കൊള്ളാനാവില്ല എന്ന് കരുതുന്നതും വലിയ തെറ്റാണ്''.
2014ൽ റലീജിയസ് ലാൻഡ് സ്‌കേപ്പ് സ്റ്റഡി അമേരിക്കയിൽ ഒരു പഠനം നടത്തിയ പഠനത്തിന്റെ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. മുസ്ലിം കുടുംബങ്ങളിൽ ജനിച്ചവരിൽ 23% പേരും ഇസ്ലാം മതം വിട്ടു കഴിഞ്ഞു. പ്യൂ റിസേർച്ചിന്റെ പഠനും ഇതേ തുടർന്നുണ്ടായി. യൂറോപ്പിലും അമേരിക്കയിലും 2011ൽ നടന്ന പഠനത്തിൽ, ഇസ്ലാം പുതുതായി സ്വീകരിക്കുന്നവരുടെയും ഇസ്ലാം മതം വിടുന്നവരുടെയും കണക്കെടുത്താൽ സമമാണ്. പക്ഷേ 2020ൽ നടന്ന ഏറ്റവും പുതിയ പഠനം പറയുന്നത് ഇസ്ലാം വിടുന്നവരുടെ എണ്ണം സ്വീകരിക്കുന്നവരേക്കൾ പത്തുശതമാനം കൂടുതയാണെന്നാണ്.
പാക്കിസ്ഥാനിൽ ജനിച്ചു അമേരികയിലേക്ക് പലായനം ചെയ്ത സോഷ്യോളജിസ്റ് ഡോ ഇല്ല്യാസ് ബാ- യൂനുസ് പറയുന്നു.'' പുതുതായി മതം സ്വീകരിച്ചവരിൽ 75% പേരും ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ഇസ്ലാം മതം വിടുന്നു. ഇത് ഒരു പുതിയ ട്രെൻഡ് ആണ്.' പ്യൂ റിസേർച്ചിന്റെ 2017ൽ നടന്ന സർവേ എടുക്കുകയാണെങ്കിൽ മുസ്ലിം കുടുംബങ്ങളിൽ ജനിച്ചവർ ഇസ്ലാം വിടുന്നത് 24% ആണ്. ഇതിൽ 55% മതരഹിതർ/നിരീശ്വരവാദികളാണ്. 22% ക്രൈസ്തവ മതം സ്വീകരിച്ചു.ബാക്കിയുള്ളവരിൽ ഹിന്ദുമതം, ബുദ്ധമതം, യഹൂദമതം സ്വീകരിക്കുന്നവരുണ്ട്.ചിലർ പ്രത്യേകിച്ചൊരു മതത്തെ സ്വീകരിക്കാതെ ആത്മീയതയിൽ ജീവിക്കുന്നു.
ഇറാൻ ജനതക്ക് മതത്തോട് പ്രിയം കുറയുന്നു
മത് തിന്ന് മതം ശ്വസിച്ച് മതത്തിൽ ഉറങ്ങുന്ന ജനത എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമാണ് ഇറാൻ. ആയത്തുള്ള ഖുമോനിയുടെ നേതൃത്വത്തിൽ നടന്ന 1979ൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാൻ ജനത മതത്തിന്റെ കണ്ണടയിലൂടെ മാത്രമേ നടന്നുപോയിട്ടുള്ളൂ. എന്നാൽ സെൻസസ് കണക്കിൽ 99.5 ശതമാനംപേരും മുസ്ലീങ്ങളായ രാജ്യത്ത് എത്രപേർ യഥാർഥ വിശ്വാസികളാണ് എന്ന് അറിയാൻ നടത്തിയ സർവേയാണ് ലോകത്തിന്റെ കണ്ണ് തുറപ്പിച്ചത്.
ഇസ്ലാമിക വിപ്ലവ ഭരണകൂടത്തിനോട് മതത്തിനോടും ഇറാനിയൻ ജനതയ്ക്ക് താൽപര്യം കുറയുന്നു എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ കോൺവർസേഷൻ എന്ന അക്കാദമിക, ജേർണലിസ്റ്റ് സ്ഥാപനത്തിലെ ഇറാനിൽ പ്രവർത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോർ അനലൈസിങ് ആൻഡ് മെഷറിങ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 ജൂണിൽലാണ് ദ കോൺവർസേഷന്റെ ഗവേഷണ സ്ഥാപനമായ ഗ്രൂപ്പ് ഫോർ അനാലിസിങ് ആൻഡ് മെഷറിങ് ആറ്റിറ്റിയൂഡ്സ് (ഇറാൻ), ഇറാനിലെ അബ്ദുറഹ്മാൻ ബോറോമണ്ട് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സഹസ്ഥാപകനായ ലാദൻ ബോറമണ്ടിന്റെ സഹകരണത്തോടെ ഒരു ഓൺലൈൻ സർവേ നടത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പറയുന്നത് രാജ്യത്തെ 99.5 ശതമാനം പേരും മുസ്ലിങ്ങൾ ആണ്. എന്നാൽ സർവേ പ്രകാരം 40 ശതമാനം ജനങ്ങൾ മാത്രമേ തങ്ങളെ മുസ്ലിങ്ങളെന്ന് അഡ്രസ് ചെയ്യുന്നുള്ളൂ. 68 ശതമാനം പേർക്ക് ഭരണഘടനയിൽ നിന്നും മതപരമായ ഘടകങ്ങൾ ഒഴിവാക്കണമെന്നാണ് ആഗ്രഹം. ഒപ്പം 72 ശതമാനം പേർ രാജ്യത്തെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിയമത്തെ എതിർക്കുന്നു.
രാജ്യത്തെ പൗരരിൽ 32 ശതമാനം പേർ മാത്രമാണ് തങ്ങളെ ഷിയ മുസ്ലിങ്ങൾ എന്ന് വിശേഷിപ്പിക്കാനാണാഗ്രഹിക്കുന്നത്. 5 ശതമാനം പേർ തങ്ങൾ സുന്നി മുസ്ലിം ആണെന്ന് പറയുന്നു. 3 ശതമാനം പേർ സൂഫികളാണെന്ന് പറയുന്നു. 9 ശതമാനം പേർ നിരീശ്വരവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. 7 ശതമാനം പേർ ആത്മീയതക്ക് കീഴിൽ വരാൻ മാത്രം ആഗ്രഹിക്കുന്നു. 1.5 ശതമാനം പേർ ക്രിസ്ത്യൻ വിശ്വാസികളാണ്.കണക്കുകൾ പ്രകാരം 78 ശതമാനം പേർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്. പക്ഷേ 37% പേർ മാത്രമാണ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നത്. 30% പേർ മാത്രമാണ് സ്വർഗത്തിലും നരകത്തിലും വിശ്വസിക്കുന്നത്. വിശ്വാസികളിൽ നാലിലൊന്ന് പേരും ജിന്നുകളിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ദൈവം ഉൾപ്പെടെ ഒരു ഓപ്ഷനിലും തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഏകദേശം 20% പേർ പറഞ്ഞു. 90 ശതമാനം പേർ തങ്ങൾ മതവിശ്വസമുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്ന് സ്വയം വിശേഷിപ്പിച്ചു. എന്നാൽ ഇതിൽ 47 ശതമാനം പേർ പിന്നീടുള്ള ജീവിത കാലഘട്ടത്തിൽ മതവിശ്വാസം വിട്ടതായി പറയുന്നു. ആറ് ശതമാനം പേർ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു.
60 ശതമാനം പേർക്കും നോമ്പും നിസ്‌ക്കാരവുമില്ല
ഇറാനിൽ മദ്യപാന നിരക്കും കൂടിവരികയാണെന്ന് സർവേയിൽ പങ്കെടുത്തവരോടുള്ള അനൗദ്യേഗിക ചോദ്യങ്ങളിൽനിന്ന് വ്യക്തമാണ്. നിർബന്ധിത മുസ്ലിം ദൈനംദിന പ്രാർത്ഥനകൾ നടത്തിയിട്ടില്ലെന്ന് 60 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 2020ൽ നടന്ന ഒരു സർക്കാർ സ്പോൺസേഡ് സർവേയിൽ 60 ശതമാനം പേർ റമദാൻ നോമ്പ് അനുഷ്ഠിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. (ഭൂരിപക്ഷവും പറഞ്ഞത് ''രോഗികളായതിനാൽ' എന്ന വ്യാജ കാരണമാണ്'). 1975 ൽ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് നടത്തിയ സമഗ്ര സർവേയിൽ 80% പേർ തങ്ങൾ എപ്പോഴും പ്രാർത്ഥിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു.
മതപരമായ നിർബന്ധങ്ങൾ നിയമനിർമ്മാണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് 68% അംഗീകരിച്ചു. എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണമെന്ന് നിർബന്ധമാക്കുന്ന നിയമത്തെ 72% വും എതിർത്തു. മത വൈവിധ്യത്തെക്കുറിച്ച് ഇറാനികൾ മതേതര മതേതര അഭിപ്രായങ്ങളും പുലർത്തുന്നു. 43% പേർ മതപരിവർത്തനം നടത്താൻ ഒരു മതത്തിനും അവകാശമില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, 41% വിശ്വസിക്കുന്നത് എല്ലാം മതത്തിനും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനും പ്രവർത്തിക്കാനും കഴിയണമെന്നാണ്.
2010നുശേഷം കണ്ടിട്ടുള്ള ഒരു മാറ്റമായി നിരീക്ഷിക്കുന്നത് ഇസ്ലാം വിമർശനം ഏതാനും ഒറ്റപ്പെട്ട ആളുകളിൽനിന്ന് മാറി പരസ്യവും ജനകീയവും ആയി മാറി എന്നതാണ്. നേരത്തെ വിശ്വാസമില്ലാത്തവർ തങ്ങൾ വിശ്വാസികൾ ആണെന്ന് അഭിനയിച്ച് ജീവിച്ച് മരിക്കയായിരുന്നു. ഇന്ന് സാധാരണക്കാർ പോലും തങ്ങളുടെ വിശ്വാസ രാഹിത്യം പരസ്യമായി പ്രകടിപ്പിക്കുന്നു.
മൊറോക്കോയും സുഡാനും ബംഗ്ലാദേശും പോലുള്ള കടുത്ത ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിലും നിരീശ്വരവാദികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവർ സമൂഹത്തിൽ ജീവിക്കുന്നു, ഒരേ റോഡുകൾ, പൊതു ഗതാഗതം, കഫേകൾ, യൂണിവേഴ്സിറ്റി ആംഫി തിയറ്ററുകൾ, പൊതു ഇടങ്ങൾ, എന്തിന് സ്വകാര്യ ഇടങ്ങൾ പോലും പങ്കിടുന്നു. അതേസമയം കള്ളക്കേസുകളിൽ കടുക്കിയും ഒറ്റപ്പെടുത്തിയും കുടുംബത്തിൽനിന്ന് പുറത്താക്കിയും സ്വത്ത്നിഷേധിച്ചുമൊക്കെ ഇവരെ നിരന്തരമായി പീഡിപ്പിക്കയുമാണ്. ബംഗ്ലാദേശിലൊക്കെ ഇസ്ലാമിനെ വിമർശിക്കുന്നവരെ, മതമൗലിക വാദികൾ കോഴിയെകൊല്ലുന്നപോലെ പരസ്യമായി കഴുത്തറത്താണ് കൊല്ലുന്നുത്. എന്നിട്ടും പുതിയ പുതിയ ആളുകൾ അവിടെ ശക്തമായി രംഗത്ത് എത്തുന്നു.
ജിഹാദികൾ തൊട്ട് മൗലവിമാർവരെ ഇസ്ലാം ഉപേക്ഷിക്കുന്നു!
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും സ്വാധീനമുള്ള മൊറോക്കൻ നിരീശ്വരവാദികളിൽ ഒരാളായ ഹിചാം നോസ്റ്റിക് (തൂലികനാമം) തന്റെ നല്ലകാലത്ത് ഒരു മുസ്ലീമായിരുന്നു. 1990 കളിൽ അദ്ദേഹം ഒരു ജിഹാദിയായി ബോസ്നിയൻ യുദ്ധത്തിൽ പങ്കെടുത്തു. തന്റെ ആത്മകഥയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്.-'നിരീശ്വരവാദത്തിലേക്ക് എന്നെ നയിച്ച ഏറ്റവും വലിയ കാര്യം ഇസ്ലാമിലെ അധാർമ്മിക വശമാണ്. അല്ലാഹുവിന്, എങ്ങനെയാണ് അടിമത്തവും അടിമകളുടെ കച്ചവടവും അനുവദിക്കാൻ സാധിക്കുന്നത്? വെറും യുദ്ധത്തടവുകാരാണെന്നതിന്റെ പേരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള അനുവാദം എങ്ങനെയാണ് ദൈവമാണ് എന്ന് പറയുന്ന അല്ലാഹുവിന് കൊടുക്കാൻ സാധിക്കുന്നത്? ഈ പ്രവൃത്തികൾ കരുണാമയനായ ദൈവത്തിന് പോയിട്ട്, കരുണയുള്ള ഒരു മനുഷ്യന് പോലും ചെയ്യാൻ സാധിക്കില്ല.'- നോസ്റ്റിക് എഴുതുന്നു.
സോഷ്യൽ മീഡിയയിലെ മറ്റൊരു പ്രസിദ്ധ മൊറോക്കൻ നിരീശ്വരവാദിയാണ് സെയ്ദ് ബെൻ ജെബ്ലി. 2016ൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസത്യാഗം പ്രഖ്യാപിച്ചത്. ഒട്ടനേകം മൊറോക്കൻ സ്വദേശികളെ അത്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു സെയ്ദ് ബെൻ ജെബ്ലീയുടെ ഇസ്ലാം മത പരിത്യാഗം. കാരണം, മൊറോക്കോയിൽ അൽ-അദ്ൽ വ അൽ-ഇഹ്‌സാൻ (നീതിയും നന്മയും) എന്ന ഇസ്ലാമിക മുന്നേറ്റത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു സയ്ദ് ഇബ്‌നു ജെബിലി. അറബ് വസന്ത പ്രകടനങ്ങളിൽ പൂർണ്ണമായ ജനാധിപത്യം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സയ്ദ് മുന്നിൽ തന്നെ ഉണ്ടായിരുന്നു സയ്ദ് ഇബ്‌നു ജെബിലി.
മതത്തെക്കാളും വലിയൊരു വഞ്ചനയ്ക്ക് മനുഷ്യൻ ഇരയായിട്ടില്ല എന്നാണ് സയ്ദ് ബിൻ ജെബിലി പറയുന്നത്.അദ്ദേഹം ഖുർആനിനെ പറ്റി പറയുന്നത് ഇങ്ങനെയാണ്:'ഖുർആൻ ദൈവവചനമല്ല, കാരണം അതിന് മനുഷ്യന്റെ മുദ്രകളുണ്ട്. ഖുർആൻ ദൈവത്തിന്റെ വചനമാണെന്ന് പറയുന്നത് ഖുർആൻ മാത്രമാണ്.''
ഹിചാം നോസ്റ്റിക്, സെയ്ദ് ബെൻ ജെബ്ലി, ഇബ്തിസ്സാം ലച്ച്ഗർ, ഖാസിം എൽ-ഗസ്സാലി, കൂടാതെ നിരവധി നിരീശ്വരവാദികളായ സോഷ്യൽ മീഡിയ പ്രവർത്തകർ തത്സമയ വ്ളോഗുകൾ, ചാറ്റ് റൂമുകൾ, ഓൺലൈൻ സംവാദങ്ങൾ, പരിഹാസ്യമായ മതപരമായ രേഖാചിത്രങ്ങൾ, മറ്റ് അറബ് നിരീശ്വരവാദികളുമായി ഓൺലൈൻ അഭിമുഖങ്ങൾ എന്നിവ ഉപയോഗിച്ച് അവരുടെ മതവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നു.ഈ വിയോജിപ്പുള്ള ശബ്ദങ്ങൾ അറബ് ലോകമെമ്പാടുമുള്ള നിരവധി യുവാക്കളെ ആകർഷിക്കുന്നു. സോഷ്യൽ മീഡിയയിൽ നിരീശ്വരവാദ- യുക്തിവാദ വേദികളും ഗ്രൂപ്പുകളും കൂൺ പോലെ വളരുന്നു.അവരുടെ അനുയായികളുടെയും വരിക്കാരുടെയും എണ്ണം കുതിച്ചുയരുന്നു.
ഫലത്തിൽ ഇസ്ലം വളരുന്നുവെന്ന് പറയുന്നത് യൂറോപ്പിൽ മാത്രമാണ്. അത് ആ രാജ്യങ്ങളുടെ കുടിയേറ്റ നിയമവും, അഭയാർഥികള്ളോടുള്ള ലിബറൽ സമീപനവും, ജനസംഖ്യാവർധനവിനോടുള്ള എതിർപ്പില്ലായ്മയും കൊണ്ട് മാത്രമാണ്. അല്ലാതെ മതത്തിന്റെ എന്തെങ്കിലും മികവുകൊണ്ടല്ല.
ഇന്ത്യയിലും മതം വിടുന്നവർ ഏറെയും മുസ്ലീങ്ങൾ
ഇന്ത്യയിലും കഴിഞ്ഞ അഞ്ച് വർഷമായി മുസ്ലിം യുവാക്കൾക്കിടയിൽ മതപരമായ പ്രവർത്തനങ്ങളിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി സർവേ റിപ്പോർട്ട്.സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്(സി.എസ്.ഡി.എസ്) ആണ് പഠനം നടത്തിയത്. 18 സംസ്ഥാനങ്ങളിലായി 18 മുതൽ 34 വയസ് വരെ പ്രായമുള്ള 6,277 പേരിൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 'ഇന്ത്യൻ യൂത്ത്: ആപ്പിറേഷൻസ് ആൻഡ് വിഷൻ ഫോർ ദ ഫ്യൂച്ചർ' എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും മുസ്ലിങ്ങൾക്കിടയിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2016ൽ 85 ശതമാനം മുസ്ലിം യുവാക്കളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭാഗമായിരുന്നു. എന്നാൽ 2021ൽ ഇത് 79 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടിലുള്ളത്.
മുസ്ലിങ്ങൾക്കിടയിൽ പ്രാർത്ഥന, ഉപവാസം, മതപരമായ കാര്യങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുക എന്നിവയുടെ അനുപാതം 2016ലെ സർവേയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കണക്കിൽ മറ്റ് മതങ്ങൾക്കിടയിലും ഇടിവുണ്ടായെങ്കിലും മുസ്ലിങ്ങൾക്കിടയിലാണ് ഏറ്റവും ഉയർന്ന നിരക്ക് കാണിക്കുന്നത്. ഹിന്ദുക്കൾ നാല് ശതമാനവും ക്രിസ്ത്യൻ രണ്ട് ശതമാനവും സിഖുകാരിൽ ഒരു ശതമാനവും ഇടിവുണ്ടായപ്പോൾ മസ്ലിങ്ങളിൽ ആറ് ശതമാനമാണ് ഇടിവുണ്ടായത്.
ജനുവരി 9 കേരളത്തിലെ എക്സ് മുസ്ലിം ദിനം
യുക്തിവാദികളും സ്വതന്ത്രചിന്തകരും അടങ്ങിയ എക്സ് മുസ്ലിം ഗ്രൂപ്പുകൾ നേരത്തെ കേരളത്തിൽ സജീവമായിരുന്നെങ്കിലും ഈ വർഷം അവർ സംഘടിച്ചിരിക്കയാണ്. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ ലക്ഷ്യമിട്ട് എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യയോഗം 2022 ജനുവരി 9ന് കൊച്ചിയിൽ നടന്നു. 2021 ജനുവരി 9 നാണ്, ഇസ്ലാമിക ദഅവാ പ്രവർത്തകനായ എം.എം അക്‌ബറും, സ്വതന്ത്ര ചിന്തകനും ഇസ്ലാം വിമർശകനുമായ ഇ.എ ജബ്ബാറും തമ്മിൽ ഒരു സംവാദം മലപ്പുറത്ത് വച്ച് നടന്നത്. യൂട്യൂബിൽ മാത്രം ദശലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. കേരള സമൂഹത്തിൽ ഇസ്ലാം വിമർശ്ശനവും, സ്വതന്ത്ര ചിന്തയും ഏറെ ആളുകളിലേക്ക് എത്തിക്കുവാനും അനേകം ആളുകൾക്ക് ഇസ്ലാം മതം ഉപേക്ഷിക്കുന്നതിനു തന്നെ കാരണമാകുകയും ചെയ്തത് ഈ സംവാദമാണ്. അതിനാൽ ജനുവരി 9 എന്ന ദിവസം കേരളാ എക്സ് മുസ്ലിം ദിനമായി ആചരിക്കാനും ഈ സംഘടന തീരുമാനിച്ചിരിക്കയാണ്.
''മറ്റ് മതങ്ങളിൽനിന്ന് ആളുകൾ വിട്ടുപോരുന്നതുപോലെയല്ല ഇസ്ലാമിൽനിന്ന് ഒരാൾ വിട്ടാൽ ഉണ്ടാവുക. അതോടെ അയാൾ കൂടുംബത്തിൽനിന്നും സ്വത്തവകാശത്തിൽനിന്നുമൊക്കെ പുറത്താകും. ഭാര്യയുമായുള്ള ബന്ധം പിന്നെ വ്യഭിചാരമാണ്. മക്കൾക്ക് പിന്നെ അയാൾ ബാപ്പയല്ല. ഉമ്മക്ക് മകനുമല്ല. ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ഒരു കഥ അംഗീകരിക്കുകയില്ല എന്ന കാരണത്താൽ ഉമ്മയോട് മകന് ചോറ് വിളമ്പിക്കൊടുക്കരുത് എന്ന് പറയുന്ന മത ദുശ്ശ്യാഠ്യത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ''- എക്സ് മുസ്ലിം മൂവ്മെന്റിന് നേതൃത്വം കൊടുക്കുന്നവരിൽ ഒരാളും എഴുത്തുകാരനും പ്രഭാഷകനുമായ ആരിഫ് ഹൂസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.
''സത്യത്തിൽ മുസ്ലീങ്ങൾ ഇസ്ലാമിന്റെ ഇരകളാണ്. ഞങ്ങൾ മുസ്ലീങ്ങളെയല്ല ഇസ്ലാമിനെയാണ് എതിർക്കുന്നത്. എന്നാൽ സംഘികൾ ടാർജറ്റ് ചെയ്യുന്നത് ആവട്ടെ മുസ്ലീങ്ങളെയാണ്.മാത്രമല്ല സംഘപരിവാറിനെപ്പോലെും മറ്റി ചിന്തിപ്പിക്കുയാണ് ഈ മുന്നേറ്റം. ഇത് കണ്ട് മതം എന്താണെന്ന് പഠിച്ച് ആർഎസ്എസ് അനുഭാവികൾപോലും അത് ഉപേക്ഷിച്ചതായി ഞങ്ങൾക്ക് എഴുതിയിട്ടുണ്ട്''- ആരിഫ് ഹുസൈൻ കൂട്ടിച്ചേർത്തു. പക്ഷേ സംഘപരിവാറിൽനിന്ന് ഫണ്ട് വാങ്ങിയാണ് എക്സ് മുസ്ലീങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് ഇസ്ലാമിസ്റ്റുകൾ ആക്ഷേപം അഴിച്ചുവിടുന്നത്.
മുസ്ലീങ്ങൾ എന്തുകൊണ്ട് മതം വിടുന്നു?
മതം ഉപേക്ഷിച്ചവനെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം എന്നാണ് എക്സ് മുസ്ലീങ്ങൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്. ബുഖാരി ഹദീസിൽ അത് കൃത്യമായുണ്ട്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖർദാവി ഒരിക്കൽ പറഞ്ഞത് ഇസ്ലാം അതിജീവിച്ചതുതന്നെ ഇതുകൊണ്ട് ആണ് എന്നാണ്. മാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ മതപഠനത്തിലുടെ അവർ മസ്തിഷ്‌ക്കത്തിൽ പിടി മുറുക്കയാണ്. പിന്നെ ഇതിൽ നിന്നുള്ള മോചനം എളുപ്പമല്ല. എന്നിട്ടും ഒരു സംഘടനയും ഒരു നേതാവുമില്ലാതെ എങ്ങനെയാണ് എക്സ് മുസ്ലിം മൂവ്മെന്റ് ലോകത്തിൽ തരംഗമാവുന്നത് എന്ന് ചോദ്യം ഒരു അത്ഭുദം തന്നെയാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി പലരും ചൂണ്ടിക്കാണിക്കുന്നത് സോഷ്യൽ മീഡിയ കൊണ്ടുവന്ന സാമൂഹിക മാറ്റം തന്നെയാണ്. ''ഇന്ന് ഒന്നും മൂടിവെക്കാൻ കഴിയില്ല. ഖുർആനിലെ ഹേറ്റ് ആയത്തുകൾ ഒക്കെ ഇന്ന് ഇന്റനെറ്റിൽ എളുപ്പം കിട്ടും. ഇസ്ലാമിസ്റ്റുകൾ മതത്തെ വെളുപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ അതിന്റെ യഥാർഥ അർഥം ഒരു ക്ലിക്കുകൊണ്ട് നിങ്ങളുടെ കൈയിലെത്തും.''- ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തകയായ ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു. അതുപോലെ മത ധാർമ്മികതയും, ലിംഗ നീതി, സമത്വം തുടങ്ങിയവ അടങ്ങുന്ന ആധുനിക ധാർമ്മികതയും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഇത് മുസ്ലിം യുവാക്കളിൽ വലിയ സംഘർഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെയാണ് മുസ്ലിം യുവാക്കൾ വ്യാപകമായി മതം ഉപേക്ഷിക്കുന്നതും.
ഇറാനിൽ സർവേ നടത്തിയ ദ കോൺവർസേഷൻ ടീം മത നിരാസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം വിദ്യാഭ്യാസവും ഇന്റനെറ്റ് തുറന്ന വിട്ട അവസരങ്ങളുമാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ആഗോള ഇറാനിയൻ പ്രവാസികളുമായുള്ള ഇടപെടലിലൂടെയും അനുഭവങ്ങളും അത്യാവശ്യം മാറ്റം ഉണ്ടാക്കിയതായും സർവേ പറയുന്നു.
അതുപോലെ തന്നെ ഫലത്തിൽ ഇസ്ലാമിന്റെ ഭരണം തന്നെയാണ് ഇറാനും, തുർക്കിയും അടക്കമുള്ള രാജ്യങ്ങളിൽ നടക്കുന്നത്.എന്നിട്ടും അവിടെ സമാധാനവും, പുരോഗതിയും ഇല്ലാത്തത് വലിയ ഒരു വിഭാഗം ചെറുപ്പക്കാരെ ഇസ്ലാമിനെതിരെ ചിന്തിപ്പിക്കുന്നു. അറബ് വസന്തത്തിന്റെ ഭാഗമായി ജനാധിപത്യം, നീതി, മനുഷ്യാവകാശങ്ങൾ, തുല്യ അവസരങ്ങൾ എന്നിവ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് അറബ് യുവാക്കളുടെ നിരാശയും ഫലത്തിൽ മത നിരാസത്തിലേക്കാണ് വഴിവെച്ചത്. അറബ് യുവാക്കളിൽ മോഹഭംഗം, നിരാശ, വിഷാദം എന്നിങ്ങനെയുള്ള വികാരങ്ങളുടെ ഫലമാണ് ഈ നിരീശ്വരവാദക്കമ്പം എന്നാണ് പല മുസ്ലിം മതപണ്ഡിതരും പറയുന്നത്.
പക്ഷേ ഇങ്ങനെയാക്കെ ആയതുകൊണ്ടാവാണം യു.എ.ഇയും സൗദിയും അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ തങ്ങളുടെ മതത്തിൽ അൽപ്പമെങ്കിലും വെള്ളം ചേർക്കാൻ തയ്യാറാവുന്നതും. പുരുഷ രക്ഷാധികാരിയെ കൂടാതെ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കുന്നതും, സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുത്തതും, സിനിമ തീയേറ്റുകൾ തുറക്കുന്നതും അടക്കമുള്ള ചെറിയ മാറ്റങ്ങൾ അവിടെയും സംഭവിക്കുന്നു. എത്ര ചെറുതാണെങ്കിലും, പുരോഗതിയിലേക്കുള്ള ഒരു മാറ്റം നല്ലത് തന്നെയാണെല്ലോ.
റഫറൻസ്: ബി.ബി.സി ന്യൂസ് അറബിക്ക് സർവേ 2019
വിൻ ഗാലപ്പ് ഇന്റർ നാഷണണൽ സർവേ 2012
#AweosmeWithoutAllah - ഫേസ്‌ബുക്ക് കൂട്ടായ്മ
റലീജിയസ് ലാൻഡ് സ്‌കേപ്പ് സ്റ്റഡി 2014
പ്യൂ റിസേർച്ച് സ്റ്റഡി 2019
ദ കോൺവർസേഷൻ സർവേ ഇറാൻ 2020
സി.എസ്.ഡി.എസ് സർവേ ഇന്ത്യ 2020
ഹിചാം നോസ്റ്റിക്, സെയ്ദ് ബെൻ ജെബ്ലി, ഇബ്തിസ്സാം ലച്ച്ഗർ, ഖാസിം എൽ-ഗസ്സാലി- യ്യൂ ട്യൂബ് വീഡിയോകൾ.
റഫറൻസ് വാർത്താ ലിങ്കുകൾ
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ