തൊട്ടതിനും പിടച്ചതിനുമൊക്കെ കടിച്ചുകീറാൻ നിൽക്കുന്ന, ഇസ്ലാമിക മതമൗലികവാദികളും ഹിന്ദു മൗലികവാദികളും യോജിക്കുന്ന ഒരേയൊരു വിഷയമേയുള്ളൂ. സ്ത്രീകളെ എങ്ങനെ ചൊൽപ്പടിയിൽ നിർത്തണമെന്നതിനെപ്പറ്റിയാണത്. സ്ത്രീകളുടെ വേഷം, പെരുമാറ്റം, വിവാഹം, ഭർത്താവിനോടുള്ള സമീപനം തുടങ്ങിയവയിലൊക്കെ മേൽപ്പറഞ്ഞ ഇരു മൗലിക വാദികളും പുലർത്തുന്ന അതിശയകരമായ സാദൃശ്യങ്ങളെക്കുറിച്ച് മുമ്പ് മനില സി മോഹൻ എന്ന പത്രപ്രവർത്തക 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു. നമ്മുടെ ഗാനഗന്ധർവൻ കെ ജെ യേശുദാസും, ജീൻസ് ധരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എഴുതിയപ്പോൾ സത്യത്തിൽ ജഗദീശ്വരനെ വിളിച്ചുപോയി! വന്ന് വന്ന് നമ്മുടെ ഗാനഗന്ധർവൻ എങ്ങോട്ടാണ് പോകുന്നത്.

[BLURB#1-VL]ആദ്യമേ തന്നെ പറയട്ടെ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളെപ്പോലെ യേശുദാസിന്റെ ഗാനങ്ങളുടെ കടുത്ത ആരാധകനാണ് ഈ ലേഖകനും. സുന്ദരമായ പുഴയിലൂടെ ഒഴുകി തേച്ചുമിനുക്കപ്പെട്ട വെള്ളാരംകല്ല് കിലുക്കുമ്പോൾ ഒരു കുട്ടിക്ക് തോനുന്ന അതേ സന്തോഷമാണ് ദാസേട്ടൻ ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും തോന്നാറുള്ളത്. പക്ഷേ യേശുദാസിനോടുള്ള പ്രണയം ഗാനങ്ങളിൽ മാത്രം തീരുന്നു. ഒരു വ്യക്തിയെന്ന നിലയിലും സാമൂഹിക ജീവിയെന്ന നിലയിലും ദാസേട്ടനെടുക്കുന്ന നിലപാടുകളോട് വിയോജിപ്പുകൾ മാത്രമാണുള്ളത്. മലയാളി അദ്ദേഹത്തെ ദൈവ സമാനമായ പ്രതിഛായയിൽ പ്രതിഷ്ഠിക്കുന്നതാണ് പ്രശ്‌നം. ആനക്ക് ആനയുടെ വലിപ്പമറിയില്ല, എന്നു പറയുന്നപോലെ താൻ എവിടെയാണ് നിൽക്കുന്നതെന്ന് ദാസേട്ടനും കൃത്യതയില്ലെന്ന് അദ്ദേഹത്തിന്റെ മുൻകാല പ്രസ്താവനകളും പൊതു ഇടപെടലുകളും പരിശോധിച്ചാൽ അറിയാം. ജീൻസ് പ്രസ്താവന ബി.ബി.സിവരെ റിപ്പോർട്ടുചെയ്യുമ്പോൾ കേരളം എന്നത് എത്ര സ്ത്രീവിരുദ്ധമായ ഇടമാണെന്ന പ്രതിഛായയാണ് ലോകത്തിനുമുന്നിലേക്ക് പോകുന്നതെന്ന് ദാസേട്ടൻ അറിയുന്നില്ല. കാൻസർമരുന്നിന് വിലകുറക്കാനായി യേശുദാസ് നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുമ്പോഴും പലപ്പോഴും വ്യക്തിയെന്ന നിലയിൽ അദ്ദേഹം പൂർണമായും ശരിയായ പക്ഷത്തല്ലെന്ന് പറയേണ്ടിവരും.

റോയൽട്ടി വിവാദവും റിയാലിറ്റിഷോകളും

സംഗീതം വരദാനമാണ്, സ്‌നേഹമാണ്, ജഗദീശ്വരന്റെ അനുഗ്രഹമാണ് എന്നൊക്കെ ഇടക്കിടെ പറയുന്ന യേശുദാസിന് വ്യക്തിജീവിതത്തിൽ ഇതൊക്കെ പാലിക്കാൻ പറ്റുന്നുണ്ടോയെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. കമിഴ്ന്നുവീണാലും കാൽപ്പണം എന്ന രീതിയിലാണ് പലപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം. പൊതുവെ പൊതുചടങ്ങുകൾക്കും മാദ്ധ്യമങ്ങൾക്കുള്ള അഭിമുഖങ്ങൾക്കും, അവർ നൽകുന്ന ഗിഫ്റ്റ് സ്വീകരിക്കും എന്നല്ലാതെ, കണക്കുപറഞ്ഞ് റെമ്യൂണറേഷൻ വാങ്ങുന്ന രീതി മലയാള സിനിമാ താരങ്ങൾക്കു പോലുമില്ല. എന്നാൽ ഗാനഗന്ധർവൻ ഇക്കാര്യത്തിൽ കണിശക്കാരനാണ്.

എന്റെ വിലയേറിയ സമയം നിങ്ങൾ വിനിയോഗിക്കുന്നതിന് എനിക്ക് പ്രതിഫലം തരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. (ഹോളിവുഡ്ഡിലും ബോളിവുഡ്ഡിലും എന്തിന് തമിഴകത്തുപോലും ഈ പരിപാടി വ്യാപകമാണ്. ഇടക്കാലത്ത് ഇത് കേരളത്തിലുമത്തെിയിരുന്നു. കാശുകൊടുത്താൽ സിനിമതാരങ്ങൾ ഒരു പരിചയവുമില്ലാത്തവരുടെ കല്യാണത്തിന് പങ്കെടുക്കും. കപട സ്വാമി സന്തോഷ് മാധവന്റെ വിവാഹത്തിന് സിനിമാതാരങ്ങളുടെ മോശമില്ലാത്ത നിരയുണ്ടായത് അങ്ങനെയാണത്രേ!)

 മുമ്പ് മലയാളത്തിലുണ്ടായ റോയൽട്ടി വിവാദം നോക്കുക. എത്രബാലിശമായ നിലപാടാണ് ഇക്കാര്യത്തിൽ യേശുദാസ് കൈക്കൊണ്ടതെന്ന് ഓർക്കുക. അതായത് യേശുദാസ് പാടിയ ഗാനങ്ങൾ ജയചന്ദ്രനോ, എം.ജിയണ്ണനോ അടക്കമുള്ള ഏത് ഗായകൻ സ്റ്റേജിൽ പാടിയാലും അതിന് ദാസേട്ടനും അദ്ദേഹത്തിന്റെ കാസറ്റുകമ്പനിയായ തരംഗിണിക്കും റോയൽട്ടി കിട്ടണമെന്ന്. അതോടെ മറ്റ് പാട്ടുകാർ ഒന്നടങ്കം ഇളകി. സത്യത്തിൽ ആരാണ് ഒരു ഗാനത്തിന്റെ ഉടമ. ആ പാട്ടെഴുതിയയാളും സംഗീതസംവിധായകനും കഴിഞ്ഞല്ലേ ഗായകൻ വരൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ സംഗീതസംവിധായകന്റെ കൈയിലെ വെറുമൊരു ഉപകരണം മാത്രമാണ് ഗായകൻ. അതായത് വയലാറും ദേവരാജനും ദക്ഷിണാമൂർത്തിസ്വാമിയും ബാബുരാജും പി.ഭാസ്‌ക്കരന്മാസ്റ്റും ഒക്കെ ചേർന്നാണ് യേശുദാസിനെ സൃഷ്ടിച്ചത്. എന്നിട്ടും അവർക്കൊന്നുമില്ലാത്ത ഉടമസ്ഥാവകാശവും അപ്രമാദിത്വവും എങ്ങനെ യേശുദാസിന് കൈവരുന്നു. തന്റെ വളർച്ചയിലടക്കം അനവധി സംഭാവനചെയ്ത ഈ പ്രതിഭകളുടെ കുടുംബത്തെ സംരക്ഷിക്കാനും ഓർമ്മ നിലനിർത്താനും ഗന്ധർവഗായകൻ കാര്യമായൊന്നും ചെയ്തില്‌ളെന്നും സംഗീതവൃത്തങ്ങളിൽ അമർഷമുണ്ട്. പല ഗായകരും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്.

[BLURB#2-H]ഒരുകാലത്ത് റിയാലിറ്റിഷോകളെ ശക്തമായി എതിർത്തിരുന്ന യേശുദാസ് പറഞ്ഞത് അത് കുട്ടികളെ വഴിതെറ്റിക്കുമെന്നൊക്കെയായിരുന്നു. എന്നാൽ കനത്ത 'ദക്ഷിണ'( നമ്മളൊക്കെ പ്രതിഫലം വാങ്ങുന്നതിനെയാണ് കൂലി, ശമ്പളം എന്നൊക്കെ പറയുക) കിട്ടിയതുകൊണ്ടായിരിക്കണം ഏഷ്യാനെറ്റിലെ ഐഡിയസ്റ്റാർ സിങ്ങറിന്റെ സമാപനത്തിൽ അദ്ദേഹം മുഖ്യാതിഥിയയായി. ഫലപ്രഖ്യാപനത്തിനു മുമ്പേതന്നെ ഒരു പാട്ടുകാരിയെ പറഞ്ഞുപൊക്കി സംഘാടകരെ വെട്ടിലാക്കുകയും ചെയതു! ഒക്കെ ജഗദീശ്വരന്റെ ഓരോ നിയോഗം!

നല്ല കൈയക്ഷരമുള്ളയാൾ മികച്ച എഴുത്തുകാരനാവുമോ?

വിമർശനങ്ങൾക്ക് അതീതമായി വ്യക്തിയോ പ്രസ്ഥാനങ്ങളോ ഇല്ലെന്നത് വസ്തുതയും, വിമത ശബ്ദങ്ങളെ അടിച്ചമർത്താതിരിക്കയെന്നത് യഥാർത്ഥ ജനാധിപത്യ മര്യാദയും ആണെന്നിരിക്കെ, യേശുദാസിന്റെ ആരാധകർ അദ്ദേഹത്തിനുനേരെ വരുന്ന നേരിയ എതിർപ്പുകളോടുപോലും കടുത്ത അസഹിഷ്ണുതയോടെയാണ് പ്രതികരിക്കാറ്. എന്നിട്ടും യേശുദാസിന്റെ സംഗീത സംഭാവനകളെയും, ഒരുകലാകാരൻ എന്ന നിലയിൽ പൊതുരംഗത്ത് അദ്ദേഹം എടുത്ത നിലപാടുകള്ളെയും നിശിതമായി ചോദ്യംചെയ്ത് പുസ്തകങ്ങൾവരെ ഇറങ്ങിയിട്ടുണ്ട്. എഴുത്തുകാരനും ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവർത്തകനുമായ ഷിബുമുഹമ്മദ് എഡിറ്റുചെയ്ത ' യേശുദാസ്: ഗന്ധർവ സംഗീതം വിമർശിക്കപ്പെടുന്നു' എന്ന പുസ്തകമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ചില പാട്ടുകാർക്ക് യേശുദാസിനോടുള്ള കുശുമ്പിന്റെ അൽപ്പം ദുർമേദസ്സ് പുസ്തകത്തിൽ ഒളിഞ്ഞുകിടന്നുണ്ടെങ്കിലും ഈ ലേഖകനുകൂടി ശരിയെന്ന് തോന്നിയ ചില കാര്യങ്ങൾ പ്രസ്തുത പുസ്തകത്തിൽനിന്ന് ഉദ്ധരിക്കട്ടെ.

ഒന്നാമതായി അർഹതയിൽ കവിഞ്ഞ് അംഗീകാരം കിട്ടിയ പാട്ടുകാരനാണ് യേശുദാസ്. നല്ല കൈയക്ഷരമുള്ള ഒരാളെ മികച്ച എഴുത്തുകാരനായി പരിഗണിക്കുന്ന പോലെയാണ് നല്ല ശബ്ദംമാത്രമുള്ളയാളെ മികച്ച സംഗീതജ്ഞനായി കണക്കാക്കുന്നത്.സ്വരവൈവിധ്യങ്ങൾ ഇല്ലാത്തതിനാൽ എല്ലാ പാട്ടുകളും ഒരേ റേഞ്ചിലാണ് അദ്ദേഹം പാടുക. ഒരുകോമഡിപാട്ടുകൊടുത്താലും അടിപൊളിപാട്ടുകൊടുത്താലും ഒക്കെ ഹരിമുരളീരവം ടൈപ്പിലാണ്. കേരളത്തിന്റെ സ്വരവൈവിധ്യം തകർത്തത് യേശുദാസാണ്. (അതിന് അദ്ദേഹം നേരിട്ട് ഉത്തരവാദിയല്ലെങ്കിലും) എല്ലാവരും ഗന്ധർവഗായകനെ അനുകരിച്ചതോടെ വ്യത്യസ്തമായ ആലാപന ശൈലിക്കാർ എങ്ങുമത്തെിയില്ല. ബ്രഹ്മാനന്ദന്റെയും, ഉദയഭാനുവിന്റെയും, കമുകറയുടെയും, മെഹബൂബിന്റെയുമൊക്കെ വ്യത്യസ്തവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ശബ്ദം ഓർക്കുക. ലോകമെമ്പാടുമുണ്ട് ഇത്തരം സംഗീതധാരകൾ. കറുപ്പിന്റെ സംഗീതം, വിമോചന സംഗീതം എന്നിങ്ങനെ. എന്നാൽ നമുക്ക് ആകെയൊരു സംഗീതമേയുള്ളൂ.സിനിമാപ്പാട്ട്, അതിന്റെ ആസ്ഥാന ഗായകൻ യേശുദാസും. (ജാസിഗിഫിറ്റിന്റെ 'ലജ്ജാവതിയെ' പാരമ്പര്യവാദികൾ കൊന്നുകൊലവിളിക്കുമ്പോൾ, ഏറെക്കാലത്തിനുശേഷം ഒരു പുരുഷശബ്ദം ഞാൻ കേട്ടുവെന്നാണ്, കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് .) ശാസ്ത്രീയസംഗീതത്തിൽ അത്രയൊന്നും വിദഗ്ധനല്ലെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനംമൂലം കച്ചേരികളും ബഹുകേമം എന്നു പറയാൻ നാം നിർബന്ധിതമാവുന്നു.

യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര വിവാദത്തെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് ,സർവചരാചരങ്ങളിലും ദൈവത്തെ കാണുന്ന ഒരു സംഗീതജ്ഞന് ഒരു പ്രത്യേക സ്ഥലത്ത് പോകേണ്ട കാര്യമുണ്ടോയെന്നാണ്. (ഇക്കണക്കിന് 'റസൂലെ നിൻ കനിവാലെ' പാടിയതിന്റെ പേരിൽ ഹജ്ജിന്‌പോകണമെന്ന് പറയേണ്ടിവരുമോ!)

ഐക്യ കേരളത്തിന്റെ ഉൽപ്പന്നം... പക്ഷേ

സാങ്കേതിക വിദ്യയുടെ അതിദ്രുതമായ വളർച്ചാകാലത്ത് ജനിക്കാൻ കഴിഞ്ഞു എന്നതാണ് യേശുദാസിന് ഏറ്റവും ഗുണംചെയ്തതെന്ന് പുസ്തകം നിരീക്ഷിക്കുന്നു. റെക്കോർഡിങ്ങ് സ്റ്റുഡിയോകളിൽ തെറ്റില്ലാതെ, അതിമനോഹര ശബ്ദത്തിൽ അതിദ്രുതം പാടാൻ കഴിഞ്ഞതോടെ ദാസേട്ടൻ സംഗീതസംവിധായകരുടെയും നിർമ്മാതാക്കളുടെയും കണ്ണിലുണ്ണിയായി. പുസ്തകം ഉന്നയിക്കുന്ന പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളാണ് ഏറ്റവും ശ്രദ്ധേയം. സത്യത്തിൽ ഐക്യകേരളത്തിന്റെ ഉപോൽപ്പന്നമായ യേശുദാസ് അമേരിക്കയിൽ താമസിച്ച് ഇടക്കിടെ കേരളത്തിൽവന്ന് ഒരുവെടിപൊട്ടിച്ച് നമ്മെതന്നെ കൊഞ്ഞനം കുത്തുന്നത് ശരിയാണോ. ഒരു കൃസ്തീയബാലന് കടന്നുവരാൻപോലം പറ്റാത്ത രീതിയിൽ ബ്രാഹ്മണിക്കൽ മേധാവിത്വം ഉണ്ടായിരുന്ന നമ്മുടെ സംഗീതലോകത്തെയടക്കം മാറ്റിമറിച്ചത്, പുരോഗമന പ്രസ്ഥാനങ്ങൾ വഴി പൊതു മണ്ഡലത്തിൽ ഉണ്ടായമാറ്റമാണ്. മറ്റൊരു രീതയിൽ പറഞ്ഞ ഐക്യകേരളമടക്കമുണ്ടായ സാമൂഹികരാഷ്ട്രീയ ഭൂമികയാണ് യേശുദാസിനെ ഗന്ധർവഗായകനാക്കിയത്. അല്ലെങ്കിൽ കൊച്ചിയിലെ ഏതെിലും പള്ളിയിൽ ഗായകനായി അദ്ദേഹത്തിൻെ ജീവിതം അവസാനിച്ചേനേ. എന്നിട്ടും ചില എൻആർഐക്കാരുടെ കണ്ണോടെ യേശുദാസ് കേരളത്തെ വിലയിരുത്തുന്നുവെന്നാണ് പരാതി.

മാത്രമല്ല, നാടകത്തെ മാറ്റി നിർത്തിയാൽ മതേതരമായി എല്ലാവർക്കും ആസ്വദിക്കാനാവുന്ന ഒരു കലാരൂപം അക്കാലത്ത് ഇല്ലായിരുന്നു. ക്ഷേത്രമാപ്പിള ക്രൈസ്തവ കലകളായി തട്ടു തിരക്കപ്പെട്ട കാലത്തുനിന്നാണ് മലയാളിയുടെ സംഗീതമായി, സിനിമാഗാനങ്ങൾ രൂപപ്പെടുന്നത്. ('ചിത്രം' എന്ന സിനിമയിൽ രണ്ട് ക്‌ളാസിക്കൽ ഗാനങ്ങൾ പ്രിയദർശൻ ചേർത്തതോടെയാണ് സാധാരണക്കാർക്കിടയിൽ കർണാട്ടിക് സംഗീതം അൽപ്പമെങ്കിലും എത്തിയത്. പ്രിയനും ദാസേട്ടനും തെറ്റിയത് എം.ജി ശ്രീകുമാറിന്റെ ജീവിതത്തിൽ വഴിത്തിരുവാവുകയും ചെയ്തു) ഈ ഘടകങ്ങൾ ഒക്കെ ചേരുമ്പോഴാണ് യേശുദാസ് മലയാളത്തിന്റെ ആസ്ഥാന ഗായകനാവുന്നത്. എന്നിട്ടും യേശുദാസ് ഇടക്കിടക്ക് കേരളത്തിൽവന്ന് അമേരിക്കയെയും ഈ നാടിനെയും താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ദേഷ്യമല്ല സങ്കടമാണ് വരുന്നത്.

ഇതിനർഥം യേശുദാസിന്റെ വ്യക്തിപരമായ ആലാപന മികവും കഠിനാധ്വാനവും ഒന്നും പരിഗണിക്കുന്നില്ല എന്നല്ല. ദാസേട്ടനെ വളർത്തിയതിൽ ആ ഘടകങ്ങൾക്കൊപ്പം ഇതും കൂടിയുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്. അനാവശ്യവിവാദങ്ങളിൽ പെടാതെ ഇനിയും നാം കൊതിക്കുന്ന ഗാനങ്ങൾ ആ കണ്ഠത്തിൽനിന്ന് മുഴങ്ങട്ടെ.

വാൽക്കഷ്ണം: ഒരിക്കൽ ഇനി എല്ലാം നിർത്തി ഞാൻ വാനപ്രസ്ഥത്തിന് പോവുകയാണെന്ന് യേശുദാസിന്റെ ഒരു അഭിമുഖം ഒരു പത്രത്തിൽ അടിച്ചുവന്നിരുന്നു. യേശുദാസ് വിരമിക്കയോ. കേട്ടവർ അന്തവിട്ടു. വൈകാതെ തന്നെ അദ്ദേഹത്തിന്റെ തിരുത്തും വന്നു. അപ്പോൾ കരുതിയത് യേശുദാസിന്റെ വാക്കുകൾ വായിച്ചെടുക്കുന്നതിൽ ആ ലേഖകന് പറ്റിയ വീഴ്ചയയായിരുക്കുമെന്നാണ്. പക്ഷേ പിന്നീട് അഭിമുഖത്തിന്റെ ടേപ്പ് കിട്ടിയപ്പോഴാണ് പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടത്. ദാസേട്ടൻ പറഞ്ഞത് വിശ്വസിക്കാനാവാതെ ലേഖകൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട്, അങ്ങ് വാനപ്രസ്ഥത്തിനു പോയാൽ ഞങ്ങൾ എങ്ങനെ സഹിക്കുമെന്ന്. ഒക്കെ കേട്ടിട്ടും എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നാണ് ദാസേട്ടന്റെ മറുപടി! അപ്പോൾ അത്രയേയുള്ളൂ. ഒരു മൂഡിന് എന്തൊക്കെയോ, പറയും. അടുത്ത മൂഡിന് തിരുത്തും!