തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ എംഡിയാണ് യോഗേഷ് ഗുപ്ത. കേരളത്തിൽ മദ്യകച്ചവടത്തെ നയിക്കുന്ന ഈ ഐപിഎസുകാരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം കിട്ടുന്നു. ഇതിന് കാരണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ പ്രവർത്തന മികവാണ്. 10000 കോടി ഖജനാവിൽ എത്തിച്ച രാജസ്ഥാനി. നഷ്ടത്തിലേക്ക് നീങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ച മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. ഈ വർഷം തുടക്കത്തിലാണ് കേരള കേഡറിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡിയായി ചുമതലയേറ്റു.

2013ൽ ഐ.ജിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ യോഗേഷ് ഗുപ്ത കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അഡീഷണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. വിവാദമായ ശാരദാ ചിട്ടി നിക്ഷേപ തട്ടിപ്പ്, സീഷോർ നിക്ഷേപ തട്ടിപ്പ്, ബേസിൽ ഇന്റർനാഷണൽ, ശ്രീഗണേശ് ജ്യൂലറി തട്ടിപ്പ് തുടങ്ങിയ പ്രമാദമായ നിക്ഷേപ തട്ടിപ്പു കേസുകൾ അന്വേഷിച്ച് 7000 കോടി രൂപയാണ് യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ സർക്കാരിലേക്ക് കണ്ടു കെട്ടിയത്. 50 കോടി രൂപയുടെ നരദാ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചതും യോഗേഷ് ഗുപതയായിരുന്നു.

ഇഡിയുടെ സെപ്ഷ്യൽ ഡയറക്ടറായിരിക്കെയാണ് ഈ അന്വേഷണ ഏജൻസിയുടെ പ്രവർത്തന ശൈലി തന്നെ മാറ്റി മറിച്ചത്. കൊൽക്കത്തിയിലെ ജോയിന്റ് ഡയറക്ടറായി പ്രവർത്തിച്ച യോഗേഷ് ഗുപ്തയെ ഇഡിയുടെ സ്‌പെഷ്യൽ ഡയറക്ടറുമാക്കിയിരുന്നു. ഇഡിയുടെ പ്രവർത്തനത്തെ ആകെ മാറ്റി മറിച്ചത് ഈ ഉദ്യോഗസ്ഥനാണ്. അതിന്റെ സാധ്യതകൾ കേന്ദ്ര സർക്കാരിന് ബോധ്യപ്പെടുകയും ചെയ്തു.

12 കൽക്കരി പാടങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട 10000 കോടിരൂപയുടെ തട്ടിപ്പു കേസിൽ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ മേൽനോട്ടവും യോഗേഷ് ഗുപതയ്ക്കായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഒഡീഷയിലെ അനധികൃത ഇരുമ്പയിര്, മാംഗനീസ് ഖനന കേസുകളുടെ അന്വേഷണ ചുമതലയും വഹിച്ചു. 2001 മുതൽ 2006വരെ സിബിഐയിൽ പ്രവർത്തിച്ച യോഗേഷ് ഗുപ്ത, ഖേതൻ പരേഖ് ഓഹരി തട്ടിപ്പു കേസുൾപ്പെടെ നിരവധി തട്ടിപ്പു കേസുകൾ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയിരുന്നു.

യോഗേഷ് ഗുപ്ത ബിവറേജസ് കോർപ്പറേഷൻ എം.ഡിയായിരിക്കേയാണ് കോർപ്പറേഷൻ വിറ്റുവരവിൽ ഗണ്യമായ വർധനയുണ്ടായത്. അതേ സ്ഥാനത്തേക്കാണ് പതിറ്റാണ്ടുകൾക്കു ശേഷം കേരളത്തിൽ മടങ്ങിയത്തുമ്പോഴും എ.ഡി.ജി.പി പദവിയുള്ള യോഗേഷ് ഗുപ്തയ്ക്ക് ഇടതു സർക്കാർ നൽകിയത്. 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവനന്തപുരം, കൊല്ലം റൂറൽ എസ്‌പിയായും ഇന്റലിജൻസ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, പൊലീസ് ആസ്ഥാനം, റോഡ് സുരക്ഷാ എന്നിവയുടെ ചുമതലയുള്ള ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്.

2006-11 കാലത്ത് 600 കോടി നഷ്ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനായ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് തുടർച്ചയായി 3 വർഷം ലാഭത്തിലാക്കിയ യോഗേഷ് ഗുപ്തയെ 2011ൽ യു.ഡി.എഫ് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) എം.ഡിയായി നിയമിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കെഎഫ്സിയെ പ്രൊഫഷണൽ രീതിയിലേക്ക് വളർത്തിയെടുത്തു.

സ്റ്റാർട്ട് അപ്പുകൾക്കുള്ള വായ്പാ പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ആദ്യമായി കോർപ്പറേഷനെ 200 കോടി ലാഭത്തിലുമെത്തിച്ചു. എന്നാൽ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ഇടപെടലുകളെ എതിർത്തതിനെ തുടർന്ന് യു.ഡി.എഫ് സർക്കാരുമായി ഇടഞ്ഞു. ഇതിന് ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്.