- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിൽ ഒരാൾ തൂങ്ങി മരിച്ചു; കളമശ്ശേരിയിലെ 17കാരൻ ആത്മഹത്യ ചെയ്തത് ഇന്ന് ശിശുക്ഷേമ സമിതി സംഘത്തിന്റെ മൊഴിയെടുക്കാനിരിക്കേ; മർദ്ദന വീഡിയോ പുറത്തുവന്നതും കേസായതും കൗമാരക്കാരനെ സമ്മർദ്ദത്തിലാക്കി
കൊച്ചി: കളമശ്ശേരിയിൽ ഒരും സംഘം കൗമാരക്കാരുടെ ലഹരി ഉപയോഗം വീടുകളിൽ അറിയിച്ചതിനെ തുടർന്ന വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ചു. ഇന്ന് രാവിലെ ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നു ശിശുക്ഷേമ സമിതി സംഘത്തിന്റെ മൊഴിയെടുക്കാനിരിക്കെയാണ് ആത്മഹത്യയുണ്ടായത്.
അക്രമികളുടെ സംഘത്തിൽ പ്രായപൂർത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസിൽ താഴെയുള്ളവരുമായിരുന്നു. പ്രായപൂർത്തിയായ ആളെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിടുകയും മറ്റുള്ളവരെയ കസ്റ്റഡിയിലെടുത്ത് താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. അതേസമയം മർദ്ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മരിച്ച കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായ അഖിൽ വർഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.
കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മർദനമേറ്റത്. കുട്ടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും അക്രമി സംഘങ്ങളിൽ ഒരാൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പുഴത്തീരത്ത് ആൾത്താമസമില്ലാത്ത വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി ഇവർ നൽകിയ ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യാതിരുന്നപ്പോൾ വായിൽ കുത്തിത്തിരുകുകയും ചെയ്തു.
അതിനും അനുവദിക്കാതിരുന്നതോടെയായിരുന്നു മർദനം. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി ഇരുത്തി മർദിക്കുന്നതുമെല്ലാം വിഡിയോയിലൂടെ പുറത്തു വന്നിരുന്നു. അക്രമി സംഘം പകർത്തിയ ദൃശ്യങ്ങൾ ആദ്യം ഡലീറ്റ് ചെയ്തെങ്കിലും മർദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ അത് വീണ്ടെടുത്തതോടെയാണ് പുറംലോകം കാര്യങ്ങൾ അറിയുന്നത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ 17കാരൻ ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ