- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത് വന്നിരുന്നപ്പോൾ പിന്നിലോട്ട് മാറിയിരിക്കാൻ പറഞ്ഞു; കണ്ടക്ടർ ഇടപെട്ടപ്പോൾ അദ്ദേഹത്തെയും എന്നെയും കേട്ടാലറയ്ക്കുന്ന തെറി; ഒഴിവാക്കി വിട്ടെങ്കിലും അടുത്ത് വന്ന് തന്റെ താടിയിൽ തട്ടി; ബസ്സിൽ മോശമായി പെരുമാറിയ മദ്യപനെ കൈകാര്യം ചെയ്ത് യുവതി
വയനാട്: ബസ്സിൽ തന്നോട് അപമര്യാദയായി പെരുമാറിയ മദ്യപനെ കൈകാര്യം ചെയ്ത യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബസ്സിന് പുറത്ത് നിലത്ത് വീണുകിടക്കുന്ന ഒരു പുരുഷനെയും അയാളെ ശകാരിച്ച് കൈകാര്യം ചെയ്യുന്ന യുവതിയുമാണ് വീഡിയോയിലുള്ളത്.എന്നാൽ ബസ്സിൽ ഉള്ളവർ ആരും തന്നെ യുവതിയുടെ സഹായത്തിനായി എത്തുന്നുമില്ല.വിഡിയോ വൈറലാകുന്നതിന് പിന്നാലെ നടന്ന സംഭവങ്ങൾ വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവതി.
വയനാട് പരമരം കാപ്പുംചാൽ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.വയനാട് പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് സംഭവം. നാലാം മൈലിൽ നിന്ന് വേങ്ങപ്പള്ളിയിലേക്ക് പോവുകയായിരുന്നു സന്ധ്യ. അപ്പോഴാണ് വഴിയിൽ വച്ച് മദ്യപനായ ഒരാൾ ബസ്സിൽ കയറിയത്. സംഭവത്തെക്കുറിച്ച് സന്ധ്യ പറയുന്നതിങ്ങനെ..
''എനിക്ക് വിവാഹബ്യൂറോയുടെ ഓഫീസാ. ഒരു പ്രൊപ്പോസൽ കാണിക്കാൻ പോവുകയായിരുന്നു. എനിക്കാണെങ്കിൽ വലിയ പരിചയമില്ല സ്ഥലം.വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്.പടിഞ്ഞാറത്തറ സ്റ്റാൻഡിൽ ബസ്സ് നിർത്തിയിട്ട സമയത്താണ് ഒരാൾ കേറിയത്.അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ ശല്യംചെയ്യൽ തുടങ്ങി.കുറച്ച് കഴിഞ്ഞപ്പോ അയാൾ കവറിൽ നിന്ന് ഒരു സോപ്പൊക്കെ എടുത്ത് അപമര്യാദയായിട്ട് വർത്തമാനം പറയാൻ തുടങ്ങിയത്.
അപ്പോൾ ''ചേട്ടാ പിന്നിലേക്ക് ഇരിക്ക്, നിറയെ സീറ്റുണ്ടല്ലോ'' എന്ന് ഞാൻ പറഞ്ഞു. എന്നിട്ടും അയാൾ അനങ്ങുന്നില്ല. അപ്പോ എന്റെ അടുത്ത് ഒരു ഉമ്മ ഇരിക്കുന്നുണ്ട്. അവരോടും അയാൾ കണ്ണടിച്ച് കാണിക്കുകയാണ്. അപ്പോ അവര് പറഞ്ഞു, ''മോളേ, അയാളോട് പിന്നിലേക്ക് ഇരിക്കാൻ പറയ്'', എന്ന്. സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ കണ്ടക്ടറോട് പറഞ്ഞു. കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാൾ എണീറ്റുപോയി. തുടർന്ന് എന്നേയും കണ്ടക്ടറേയും അടക്കം പൂരതെറിവിളിച്ചു.
കേൾക്കാൻ പറ്റാത്ത തെറിയാണ് പറയുന്നത്. അത് ശ്രദ്ധിക്കാതെ ഞാനിരുന്നു. പക്ഷേ പിന്നെ അയാള് പുറത്തിറങ്ങി 'ഐ ലവ്യൂ, നിന്നെ ഞാൻ കെട്ടും, നിന്നെ ഞാൻ കൊണ്ടോവും'', എന്നൊക്കെ പറഞ്ഞു ശല്യം രൂക്ഷമായി.അപ്പോഴൊന്നും പ്രതികരിച്ചില്ല.പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകൾ തന്നെ പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തത്.അയാളെ പിടിച്ച് ഞാൻ നല്ല അടി അടിച്ചു.
ബസിലുള്ള മറ്റുള്ള ആളുകൾ ഇയാളെ കൈകാര്യംചെയ്യാൻ ശ്രമിച്ചെങ്കിലും ഞാൻ അവരെ തടയുകയായിരുന്നു. അവർ അടിച്ചാൽ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാൻതന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു.സന്ധ്യ വ്യക്തമാക്കി.
അതേസമയം, പൊലീസിൽ പരാതി നൽകാനില്ലെന്നും സന്ധ്യ വ്യക്തമാക്കുന്നു. ''എന്നെ ഉപദ്രവിച്ചയാൾക്ക് ഞാൻ തന്നെ നല്ലോണം കൊടുത്തിട്ടുണ്ട്. ഇനി പൊലീസിൽ പരാതിപ്പെട്ടിട്ട് എന്താവാനാ. എനിക്ക് ആ ഉപദ്രവിച്ചയാളെ അറിയുക പോലുമില്ല. എങ്ങനെയാണ് അയാളെ ഇനി കണ്ടെത്തുക?'', സന്ധ്യ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ