പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാർഡായ ഊട്ടുപാറയിൽനിന്നാണ് രേഷ്മ വിജയിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകൾ ലഭിച്ചപ്പോൾ മുൻ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാർത്ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.

2020 നവംബർ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമർപ്പിച്ചത്.