തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളുടെ കഥകൾ പുറത്ത് വരുമ്പോൾ അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ രോഷം ഇരമ്പുന്നു. ഇടത് ഫേസ്‌ബുക്ക് - വാട്സാപ്പ് ​ഗ്രൂപ്പുകളിൽ നിന്നും പിന്മാറിയും സർക്കാരിന്റെ സ്വജനപക്ഷപാതത്തെ വിമർശിച്ച് പോസ്റ്റിട്ടും ട്രോൾ പോസ്റ്ററുകൾ ഇറക്കിയുമാണ് യുവാക്കൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ‌ട്രോളുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതൽ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെയുള്ള വിവാദ വാർത്തകൾ ചേർത്ത് വെച്ചുള്ള പോസ്റ്ററാണ്. ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ സിപിഎം വേണ്ടെന്ന് പറയും.. സിപിഎമ്മിൽ അം​ഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ എന്നാണ് പോസ്റ്ററിന്റെ അടിക്കുറിപ്പ്.

വാട്സാപ്പ്, ഫേസ്‌ബുക്ക് ​ഗ്രൂപ്പുകളിൽ വ്യാപകമായാണ് ഈ പോസ്റ്റർ പ്രചരിക്കുന്നത്. ഇടത് ​ഗ്രൂപ്പുകളിൽ പോലും ഇത് പോസ്റ്റ് ചെയ്യുകയും ചർച്ചയാകുകയുമാണ്. സിപിഎം നേതാക്കന്മാരുടെ ഭാര്യമാർക്ക് അനർഹമായി ജോലി നൽകുന്നത് പാർട്ടി പ്രവർത്തനത്തിന് സർക്കാർ ഖജനാവിനെ ഉപയോ​ഗപ്പെടുത്തുന്നതിന് തുല്യമാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

വെറുതേ സ്കൂളിൽ പോയി പന്ത്രണ്ട് വർഷം കളഞ്ഞു.. പിന്നെ കോളജിൽ അ‍ഞ്ച് വർഷം, കുത്തിയിരിന്ന് ജെആർഎഫും നെറ്റും.. പിഎച്ച്ഡി എന്ന് പറഞ്ഞ് പോയത് അഞ്ചു വർഷങ്ങളും.. പിന്നെ പിഎസ് സി പഠനവും കഴിഞ്ഞാലേ ജോലി കിട്ടൂ.. ഈ സമയം സിപിഎമ്മായാൽ അക്കാദമിക് ക്വാളിഫിക്കേഷനുള്ള യുവതിയെ കെട്ടിയാൽ പി എസ് സി പരീക്ഷ എഴുതാതെ ​ഗസറ്റഡ് പോസ്റ്റിൽ ജോലി കൊടുക്കാമായിരുന്നു എന്നും യുവാക്കൾ കുറിക്കുന്നു. മാർക്സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാർക്സിസ്റ്റുകാരന് ശുപാർശ കത്ത് മാത്രം മതി എന്നും നീളുന്നു വിമർശനം.

അതേസമയം, ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന പ്രചാരണം സിപിഎമ്മും ശക്തമാക്കുകയാണ്. ഇതെല്ലാം എല്ലാക്കാലവും നടക്കുന്നതാണെന്ന ന്യായീകരണവും കുറവല്ല. കോൺ​ഗ്രസ് ഭരിക്കുന്ന സമയത്ത് കോൺ​ഗ്രസും സിപിഎം കയറുമ്പോൽ സിപിഎമ്മും ഇനി മറ്റാരെങ്കിലും എത്തിയാൽ അവരും ഇതൊക്കെ തന്നെയാണ് ചെയ്യുക എന്ന് പറ‍ഞ്ഞും ആശ്വസിക്കുകയാണ് യുവാക്കൾ.

അതേസമയം, കാലടി സർവകലാശാലയിൽ സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദം കത്തുന്നതിനിടെ സിപിഎം ശുപാർശയിൽ നടന്ന മറ്റൊരു നിയമനത്തിന്റെ തെളിവ് കൂടി പുറത്ത് വരുന്നു. സർവകലാശാലയിൽ മലയാളം വിഭാ​ഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച സംഗീത തിരുവളിന് സിപിഎം നൽകിയ ശുപാർശ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പാർട്ടി സഹയാത്രികയ്ക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂർ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്ത് പുറത്തുവന്നു. കത്തിൽ പറയുന്ന സംഗീത തിരുവളിന് സർവകലാശാലയിൽ ജോലി ലഭിച്ചിരുന്നു. 2019 സെപ്റ്റംബറിൽ പറവൂർ ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ ലെഡർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ വിശദാംശങ്ങളാണ് വിവാദമായത്. പാർട്ടിയുടെ സഹയാത്രികയായ സംഗീത തിരുവളിന് കാലടി സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര സംവരണ വിഭാഗത്തിൽ ഇന്റർവ്യൂവിന് ക്ഷണിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്ന കത്താണ് പുറത്തുവന്നത്. ഇതിന് ശേഷം ധീവര സംവരണ വിഭാഗത്തിൽ സംഗീത തിരുവളിന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് സർവകലാശാലയിൽ നടന്ന മറ്റൊരു നിയമനം വിവാദമാകുന്നത്. അതേസമയം, സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അ‍ഞ്ച് വർഷം കൊണ്ട് ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. കൺസൾട്ടൻസി / പൊതുമേഖല നിയമനം കൂടി കണക്കാക്കിയാൽ മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റർവ്യൂ ബോർഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോൾ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എംബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസ്സുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്ടാക്കളാക്കുന്നു. ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. സത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് എന്താണെന്നും മന്ത്രി ജയരാജൻ മാനുഷിക പരിഗണന എന്നാണ് പറയുമ്പോൾ അത് മറ്റ് ഉദ്യോഗാർഥികൾക്ക് ഇത് ബാധകമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.