- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലാക്രമണത്തിന് മിയാവാക്കി പ്രതിവിധിയുമായി യൂത്ത് കോൺഗ്രസ്; തീരശോഷണം സംഭവിക്കുന്ന തുമ്പയിൽ തീരങ്ങളിൽ മരം നട്ട് പ്രതിരോധിക്കും; കടലോരത്തെ മീയാവാക്കി വനവൽക്കരണത്തിന് പരിസ്ഥിതി ദിനത്തിൽ ആരംഭം
തിരുവനന്തപുരം: തീരദേശത്തെ കടലാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ മിയാവാക്കി വനവൽക്കരണവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരത്തെ കടലോര പ്രദേശമായ തുമ്പയിലെ ഐഎൻടിയുസി യൂണിറ്റുകളുമായി സഹകരിച്ചാണ് യൂത്ത് കോൺഗ്രസ് തുമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ ദീർഘകാലപദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്.
തിരുവനന്തപുരത്ത് കടലാക്രമണം തീരദേശ ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമീപകാല പ്രതിഭാസമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ഇക്കഴിഞ്ഞ ചുഴലിക്കാറ്റിൽ ഉണ്ടായ കടൽക്ഷോഭം തീരശോഷണത്തിന് കാരണമാകുകയും തീരപ്രദേശവാസികളുടെ ജിവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. തുമ്പയിലും പല മേഖലകളിലും കടൽ കയറുകയും ആളുകളെ അവിടെ നിന്നും മാറ്റേണ്ടി വരുകയും ചെയ്തിട്ടുണ്ട്. നിരവധിപേർക്ക് വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായി.
എന്നാൽ പതിനഞ്ച് വർഷം മുമ്പ് തീരങ്ങളുടെ ചില ഭാഗങ്ങളിൽ വനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കാറ്റാടി മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ തിരകളുടെ ശക്തി കുറയുകയും അവിടെയുള്ള വീടുകൾ കടൽക്ഷോഭത്തിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മനസിലാക്കിയാണ് കടൽതീരങ്ങളിൽ വനവൽക്കരണത്തിന് യൂത്ത് കോൺഗ്രസും ഐഎൻടിയുസി യൂണിയനുകളും മുന്നിട്ടിറങ്ങിയത്.
കണ്ടൽക്കാട് വച്ചുപിടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തുമ്പയുടെ ഭൂപ്രകൃതി കണ്ടൽക്കാടുകൾ വളരാൻ അനുയോജ്യമല്ലെന്ന് മനസിലാക്കിയാണ് മീയാവാക്കി വനവൽക്കരണമെന്ന ആശയത്തിലേയ്ക്ക് അവർ എത്തിയത്. മുളകൾക്കും കാറ്റാടി മരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും. ഇതിന് വേണ്ടി ഗ്രീൻ വാളണ്ടിയർ സംഘവും രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലായിരിക്കും വനവൽക്കരണ പ്രവർത്തനങ്ങൾ. ഡോ. എസ്.എസ് ലാൽ വനവൽക്കരണം ഉത്്ഘാടനം ചെയ്തു.
എന്താണ് മിയാവാക്കി?
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമ്മാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം ഇതാണു മിയാവാക്കിയുടെ മാസ്മരികത.
കാടുണ്ടാക്കാൻ
അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വന്മരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ.
അക്കിര മിയാവാക്കി
അക്കിര മിയാവാക്കി ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്ത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90-ാം വയസ്സിലും യജ്ഞം തുടരുന്നു.
മറുനാടന് മലയാളി ബ്യൂറോ