- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം; മലപ്പുറത്തും കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി; ജലപീരങ്കിയും ലാത്തിച്ചാർജ്ജും
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തുടർന്നു. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധമാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രണ്ടിടത്ത് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.
മലപ്പുറത്തും കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാർജ് നടത്തി. കോട്ടയത്ത് കേരള കോൺഗ്രസുകാർ നടത്തിയ മാർച്ചിലും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.
സംഘർഷത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ അടക്കം ആറുപേർക്ക് പരിക്കേറ്റു.
കാസർകോട് യുവമോർച്ച നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് കർഷകമോർച്ച നടത്തിയ മാർച്ചിന് നേർക്ക് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് ഡിവൈഎഫ്ഐയും മാർച്ച് നടത്തി.